പനയോലകള്‍

Monday, February 14, 2011

റീനി മമ്പലത്തിന്റെ ‘റിട്ടേണ്‍ ഫ്ലൈറ്റ്’ എന്ന ചെറുകഥാസമാഹാരം പ്രകാശനംചെയ്തു

സർഗവേദിയുടെ അരങ്ങു മറ്റൊരു പുസ്തക പ്രകാശനത്തിനുകൂടി സാക്ഷിയായി. വേദിയുടെ ചിരകാല സഹയാത്രികയായ റീനി മമ്പലത്തിന്റെ “റിട്ടേൺ ഫ്ലൈറ്റ്” എന്ന കഥാസമാഹരം വേദി പ്രസിഡന്റ് മനോഹർ തോമസ് , ജനനി മാസികയുടെ പത്രാധിപർ ജെ. മാത്യൂസിന് നൽകിക്കൊണ്ട് നവംബർ 21-ന് പ്രകാശനം ചെയ്തു. വളരെക്കാലമായി കഥകൾ എഴുതുന്ന റീനിയുടെ രചനകൾ മുഖ്യധാരയിലും, അമേരിക്കയിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുണ്ട്. ചില കഥകൾ ആധുനീക കുടിയേറ്റ മലയാളിയുടെ ജീവിത ഗന്ധിയായ പുനരാവിഷ്കരണമായതുകൊണ്ട് സഹൃദയ ലോകത്ത് വളരെയധികം പരാമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വിഭ്രാന്ത ബാല്യത്തിന്റെയും , കുപിത യൌവ്വനത്തിന്റെയും അപ്പുറത്തുനിന്ന് വാനപ്രസ്ഥത്തിനും വാർദ്ധക്യത്തിനും ഇടയ്ക്കുള്ള ഒരു കാഴ്ചക്കണ്ണാടിയിലൂടെ മുഖ്യമായും സ്ത്രീ മനസ്സുകളുടെ നൊമ്പര താളങ്ങൾ തന്റെ എഴുത്തിലൂടെ അനാവരണം ചെയ്യാൻ കഥാകാരി ശ്രമിക്കുന്നു. തനിക്ക് അജ്ഞാതമായ ദൂരക്കാഴ്ചകളെപ്പറ്റി ചിത്രീകരിക്കാതെ, തന്റെ ചുറ്റിലും പരക്കുന്ന ഓളങ്ങളുടെ സാന്ദ്ര മന്ത്രണത്തിന് കാതോർക്കുന്ന കഥാകാരി വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകളെ ഓർമിപ്പിക്കുന്നു.
ബഷീർ പറഞ്ഞു: “ഞാനെന്റെ ഉമ്മറക്കോലായിൽ, എന്റെ ഈസിചെയറിലിരുന്ന് കാണുന്നതിനെപ്പറ്റി മാത്രമെ എഴുതാറുള്ളു. അല്ലാതെ അടുക്കളയിൽ പോയി നോക്കി അവിടെ നടക്കുന്നതിനെപ്പറ്റി എഴുതാറില്ല” എന്ന്‌.
റീനിയുടെ “സെപ്റ്റംബർ 14“ എന്ന കഥയിൽ , “തുറന്നിടാനാവില്ലെങ്കിൽ ജനാലകൾ കൊണ്ടെന്തു പ്രയോജനം?” എന്ന് ഒരു കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്നുണ്ട്. കേരളത്തിലായാലും, മറ്റൊരു കുടിയേറ്റ മണ്ണിലായാലും, പുരുഷാധിപത്യമുള്ള ഒരു സമൂഹത്തിന്റെ ആന്തരതൽ‌പ്പത്തിൽ നിന്ന് സ്ത്രീ എഴുത്തിന്റെ പ്രഭവ ചോതനകൾ ഉയരുന്നതിന്റെ ലക്ഷണങ്ങൾ വ്യക്തമാവുന്നു.
ഈശ്വരവിശ്വാസിയും, സ്വന്ത സംഹിതകളിൽ അടിയുറച്ച് വിശ്വസിക്കുകയും, പറിച്ചുനടപ്പെട്ട സംസ്കൃതിയിൽ നിന്നും മോചനം നേടാൻ കഴിയാതെ പോകുകയും ചെയ്യുന്ന കഥാകാരി, തന്റെ കഥാപാത്രങ്ങളിലൂടെയെല്ലാം ആവർത്തിച്ച് പറയുന്നതും, ഇത്തരം മുറിവുകളിൽ നിന്നുയരുന്ന വേദനയുടെ ആളലുകളെപ്പറ്റിയാണ്.
പ്രവാസത്തിന്റെ ഗാർഹീക സമ്മർദ്ദങ്ങൾക്ക് ഏറെ വിധേയയാകുന്നത് സ്ത്രീ തന്നെയാണ്. അതുകൊണ്ട്, വ്യക്തിത്വമാർജ്ജിക്കാൻ ശ്രമിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ റീനിയുടെ കഥകളിൽ മിക്കവയിലും കാണാം.
ന്യൂയോർക്ക് എൽമണ്ടിലെ കേരള സെന്ററിൽ വച്ചു കൂടിയ പ്രകാശന ചടങ്ങിൽ പ്രശസ്ത കഥാകാരനായ സി.എം.സി. അദ്ധ്യക്ഷത വഹിച്ചു. മനോഹർ തോമസ് പുസ്തക പരിചയം നടത്തി. കവി ജയൻ കെ.സി. തന്റെ ഹൃസ്വ പ്രഭാഷണത്തിൽ, പെണ്ണെഴുത്തിനെപ്പറ്റിയും, ചെറുകഥാ സാഹിത്യത്തിൽ, ഉത്തരാധുനികതയ്ക്കു ശേഷം വന്ന മാറ്റങ്ങളെപ്പറ്റിയും, കഥാലോകം ആർജിക്കുന്ന വികാസ പരിണാമങ്ങളെപ്പറ്റിയും പരാമർശിച്ചു. ദളിത്‌സാഹിത്യം, പെണ്ണെഴുത്ത് മുതലായ തരംതിരിവുകൾക്ക് അതീതമായി സാഹിത്യം നിലകൊള്ളണം എന്ന തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ത്രേസ്യാമ്മ നാടാവള്ളി സംസാരിച്ചു. കാലിക പ്രാധാന്യമുള്ള കഥാതന്തുക്കൾ തിരഞ്ഞെടുക്കുന്നതിൽ കഥാകാരി ബദ്ധശ്രദ്ധയായിരുന്നു എന്ന് ജെ. മാത്യൂസ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
സാഹിത്യലോകത്തെയും മാധ്യമലോകത്തെയും പ്രശസ്തരായ പ്രൊഫ്. എം. ടി. ആന്റണി, വാസുദേവ പുളിക്കൽ, സാംസി കൊടുമൺ, ജോസ് കാടാപുരം, സിബി ഡേവിഡ്, ജോസ് തയ്യിൽ, ജേക്കബ് തോമസ്, രാജു തോമസ്, രാധാകൃഷ്ണൻ നായർ, പ്രൊഫ്. കുഞ്ഞാപ്പു, ഡോ. നന്ദകുമാർ ചാണയിൽ, ജോർജ് തുമ്പയിൽ എന്നിവർ ആശംസകൾ നേർന്നു.
കഥാകാരി, തന്റെ കന്നി കണ്മണിയെ സഹൃദയലോകം സദയം ഏറ്റുവാങ്ങിയതിൽ നന്ദി രേഖപ്പെടുത്തി.

അവതാരികയില്‍ ശിഹാബുദ്ദിന്‍ പൊയ്തുംകടവ്