പനയോലകള്‍

Tuesday, August 08, 2006

സുനാമി

കടപ്പുറത്തെ തെങ്ങിന്‍ചുവട്ടില്‍ അയാള്‍ കിടന്നുറങ്ങുകയായിരുന്നു. പ്രഭാതസൂര്യന്‍ ഓലകള്‍ക്കിടയിലുടെ അയാളെ ഒളിഞ്ഞു നോക്കി.

അപ്പോള്‍ ആഴങ്ങളിലെവിടെയൊ സമുദ്രത്തിന്റെ അടിത്തട്ട്‌ ഇളകി. കടലിന്റെ കാല്‍വെപ്പു പതറി.

തെങ്ങിന്‍ തലപ്പില്‍ നിന്നും ഒരുപറ്റം കാക്കകള്‍ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവ അയാളെ നോക്കി പുലമ്പി. "ക്രോ...ക്രോ....

അയാള്‍ അവയെ അവഗണിച്ചു വീണ്ടും ഉറങ്ങുവാന്‍ ശ്രമിച്ചു. കാക്കകള്‍ വീണ്ടും അയാള്‍ക്കു നേരെ ആക്രോശിച്ചു "ക്രോ....ക്രോ....ഓടിപ്പോവു"..

" ഉറങ്ങുവാന്‍ സമ്മതിക്കാത്ത ശല്യങ്ങള്‍'
ദേഷ്യം കൊണ്ടയാളുടെ ദേഹം വിറച്ചു. തിരകള്‍ തലോടി മിനുസ്സമാക്കിയ ഉരുളന്‍ കല്ലുകള്‍ അയാള്‍ കാക്കകള്‍ക്കു നേരെ ആഞ്ഞെറിഞ്ഞു. പ്രകൃതിയുടെ അടിച്ചുതളിക്കാരോടു തോല്‍ക്കുവാന്‍ അയാള്‍ തയ്യറായിരുന്നില്ല. തെങ്ങിന്‍ തലപ്പില്‍ നിന്നും ഒരു കാക്കക്കൂട്‌ താഴെ വീണു. ചുവന്ന വായുള്ള കാക്കക്കുഞ്ഞുങ്ങള്‍ കരഞ്ഞുവിളിച്ചു "അമ്മേ".

സമുദ്രത്തിന്റെ അടിത്തട്ടു വീണ്ടും ചലിച്ചു. ചുവടു തെറ്റിയാടുന്ന ആട്ടക്കാരിയെപ്പോലെ കടല്‍ ഇളകിമറിഞ്ഞു..

കാക്കകള്‍ അയാളെ വട്ടമിട്ടു പറന്നു." ക്രോ....ക്രോ ഓടിപ്പോവു".

പക്ഷിമൃഗാദികള്‍ ചെവി വട്ടം പിടിച്ച്‌ ശ്രദ്ധിച്ചു. ഇന്ദ്രിയങ്ങള്‍ അവരെ ഉപദേശിച്ചു "ഓടിരക്ഷപെടുക"
മനുഷ്യനായി പിറന്നതിനാല്‍ അയാള്‍ക്കു കാക്കകളുടെ ഭാഷ മനസ്സിലായില്ല. ഉരുളന്‍ കല്ലുകള്‍ കാക്കകളുടെ നേരെ എറിഞ്ഞുകൊണ്ട്‌ അയാള്‍ അലറുകയായിരുന്നു.
'പറന്നുപോവിന്‍ നാശങ്ങളെ'.

കാക്കകള്‍ തിരികെ പറന്നുപോവും മുമ്പ്‌ അയാളോടു പറഞ്ഞു.
'വിഢീ, നീയാണ്‌ ഓടി രക്ഷപെടേണ്ടത്‌. നിനക്ക്‌ ഇനിയും സമയമുണ്ട്‌'.

അയാള്‍ എറിഞ്ഞുവീഴ്തിയ കാക്കക്കൂട്ടിലെ കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ടേയിരുന്നു. അയാള്‍ അവക്കുനേരെയും പറന്നകലുന്ന കാക്കക്കൂട്ടങ്ങളെയും നോക്കി പറഞ്ഞു.
'മനുഷ്യനോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും. മനുഷ്യനെ തോല്‍പ്പിക്കാന്‍ കേവലം കാക്കകള്‍ക്കാവില്ല'.
വിജയഭാവത്തോടെ അയാള്‍ വീണ്ടും തെങ്ങിന്‍ ചുവട്ടില്‍ കിടന്നുറങ്ങി.

കടല്‍ ക്ഷോഭിച്ചുകൊണ്ടിരുന്നു. മലയോളം പോന്ന തിരമാലകള്‍ തിമിംഗലങ്ങളേപ്പോലെ പുളഞ്ഞുയര്‍ന്നു. തീരത്തു താമസിച്ചവര്‍ പകച്ചുനിന്നു.

സൂര്യന്‍ തലക്കുമീതെ വന്നപ്പോഴേക്കും കടല്‍ തളര്‍ന്നിരുന്നു. അടുത്തുള്ള ഏതോ തീരത്ത്‌ തെങ്ങ്‌ വന്നടിഞ്ഞു. അതിനടുത്തായി അയാളുടെ ജഡത്തിന്‌ സമീപം ഞണ്ടുകള്‍ പരതിനടന്നു.

തെങ്ങിന്‍തടിയില്‍ ഒരുപറ്റം കാക്കകള്‍ ഇരുന്ന് വിശ്രമിച്ചു. പ്രകൃതിയുടെ അടിച്ചുതളിക്കാര്‍ക്ക്‌ അടുത്ത ജോലി ആരംഭിക്കുന്നതിന്‌ മുമ്പായി നീണ്ട വിശ്രമം ആവശ്യമായിരുന്നു.

25 Comments:

At August 08, 2006 8:06 AM, Blogger റീനി said...

കടപ്പുറത്തെ തെങ്ങിന്‍ചുവട്ടില്‍ അയാള്‍ കിടന്നുറങ്ങുകയായിരുന്നു. പ്രഭാതസൂര്യന്‍ ഓലകള്‍ക്കിടയിലുടെ അയാളെ ഒളിഞ്ഞു നോക്കി.
അപ്പോള്‍ ആഴങ്ങളിലെവിടെയൊ സമുദ്രത്തിന്റെ അടിത്തട്ട്‌ ഇളകി. കടലിന്റെ കാല്‍വെപ്പു പതറി.

ഇതാ വരുന്നു സുനാമിത്തിരകള്‍!

 
At August 08, 2006 8:10 AM, Blogger കുറുമാന്‍ said...

കൊള്ളാം റീനി. നന്നായി എഴുതിയിരിക്കുന്നു.

ബൂലോകത്തിലേക്ക് സ്വാഗതം

 
At August 08, 2006 8:12 AM, Blogger ഇത്തിരിവെട്ടം|Ithiri said...

This comment has been removed by a blog administrator.

 
At August 08, 2006 8:12 AM, Blogger ദില്‍ബാസുരന്‍ said...

പകൃതിയോട് കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന് മാത്രമല്ല പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റും തരും. ജാഗ്രതൈ!

 
At August 08, 2006 8:15 AM, Blogger ഇത്തിരിവെട്ടം|Ithiri said...

സന്തുലിതമയ പ്രകൃതിയെ ചോദ്യം ചെയ്യുമ്പോള്‍ പ്രകൃതി പ്രതികരിക്കും പ്രാകൃതമായിതന്നെ.
പക്ഷെ..അത് കാണാനുള്ളോരു കണ്ണ് ദൈവം മനുഷ്യനു നല്‍കിയില്ല..

സ്വാഗതം റീനി

 
At August 08, 2006 8:17 AM, Blogger വിശാല മനസ്കന്‍ said...

ബൂലോഗ കടാപ്പുറത്തേക്ക് സുനാമിയുമായി വന്ന റീനിക്ക് സ്വാഗതം.

 
At August 08, 2006 8:40 AM, Blogger മുസാഫിര്‍ said...

റീനി,
ആദ്യ സംരംഭം നന്നായി,
എന്നിട്ടും മനുഷ്യന്‍ പറയും ദൈവമെ നീ ഈ അപകടത്തിന്റെ കാര്യം എന്നോടു നേരത്തെ പറഞില്ലല്ലോ എന്ന്.

 
At August 08, 2006 1:54 PM, Blogger അനു ചേച്ചി said...

നന്നായി റീനി, സുനാമി അതെന്നും വേദനിപ്പിക്കുന്ന ഓര്‍മകള്‍ തന്നെ.
സ്വാഗതം

 
At August 10, 2006 8:02 AM, Blogger ബാബു said...

റീനി, നല്ല കഥ. പ്രകൃതിയുടെ മുന്‍പില്‍ വെറും നിസ്സാരനായ മനുഷ്യന്‍ എന്നാണാവോ അതു നമ്മളോടു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക!

 
At August 10, 2006 11:41 PM, Blogger റീനി said...

നന്ദി കുറുമാന്‍. നിങ്ങളുടെ പ്രോത്സാഹനം ആവശ്യമാണ്‌ ഈ പുതുമുഖത്തിന്‌. പാര്‍ക്കിംഗ്‌ ഗരാജിലെ കസ്സര്‍ത്ത്‌ വായിച്ചു. വിമാനത്തേ കയറുമ്പോള്‍ സൂക്ഷിക്കണേ. വിമാനത്തിന്റെ പടി കയറുമ്പോള്‍ കൈവരിയില്‍ പിടിക്കുക. വീണാലും style-ല്‍ വീഴണം. പോയി വരു.

 
At August 11, 2006 1:49 AM, Blogger കരീം മാഷ്‌ said...

ബൂലോകത്തിലേക്ക് സ്വാഗതം
സുനാമി വേദനിപ്പിക്കുന്ന ഓര്‍മകള്‍.

 
At August 11, 2006 10:45 AM, Blogger റീനി said...

നന്ദി കുറുമാന്‍
നന്ദി ഇത്തിരിവെട്ടം
നന്ദി വിശാലമനസ്കന്‍
നന്ദി മുസാഫിര്‍
നന്ദി അനുചേച്ചി
നന്ദി ബാബു
നന്ദി കരീം മാഷ്‌

നിങ്ങളുടെ ഊഷ്മളമായ സ്വാഗതമരുളലില്‍ ഞാനൊരു കൊച്ചു പെണ്‍കുട്ടിയായതു പോലെ.....അഭിനന്ദനങ്ങ്‌ളും അംഗീകാരവും പ്രചോദനം നല്‍കുന്നു.
നമ്മള്‍ക്ക്‌ അതീതമായ ഈ ലോകത്തില്‍ പ്രകൃതിയുടെ ശക്തിയും സങ്കീര്‍ണതയും മനസ്സിലാക്കുവാനുള്ള കഴിവില്ലാതെ പറന്നു നടക്കുന്ന ധൂളികള്‍ അല്ലേ നമ്മള്‍?.....

സുനാമി എന്നും വേദന നിറഞ്ഞ ഓര്‍മ്മകള്‍..... വേദനകള്‍...പങ്കു വയ്ക്കുന്തോറും ഇരട്ടിയ്ക്കുന്ന പ്രതിഭാസം!

എന്റെ കൊച്ചു ലോകത്തില്‍ നിന്നും ഈ ബൂലോഗത്തിന്‌ ഒരു മിന്നാമിനിങ്ങിന്റെ നുറുങ്ങുവെട്ടം.........പ്രതീക്ഷയോടെ,....നന്ദിയോടെ.......റീനി

 
At August 11, 2006 10:48 AM, Blogger സു | Su said...

സ്വാഗതം റീനീ :)

 
At August 11, 2006 10:58 AM, Blogger അരവിന്ദ് :: aravind said...

റീനി..കണ്ടെത്താന്‍ വൈകിപ്പോയി.
സ്വാഗതം..സ്വാഗതം :-))
സുനാമിക്കഥ വളരെ നന്നായി. തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട്.
ഇത്തിര്‍കൂടി ഒളിപ്പിച്ച് വച്ചു പറയാമായിരുന്നു(ആദ്യം മുതല്‍കേ സുനാമിയുടെ വരവ് അറിയിക്കേണ്ടായിരുന്നു.സസ്‌പെന്‍സ്..സസ്‌പെന്‍സേ :-))

 
At August 11, 2006 12:41 PM, Anonymous കൂമന്‍ said...

റിനീ...സ്വാഗതം. കഥ നന്നായിട്ടുണ്ട്. കഥയുടെ അവസാനം അല്പം വിവരണം കൂടിയോന്ന് സംശയം. കാക്കകള്‍ ഓടിപ്പോകൂ എന്ന് മനുഷ്യനോട് പറയുന്നതായി സങ്കല്‍പ്പിച്ചതിലെ പുതുമ ഇഷ്ടമായി. കൂടുതല്‍ പോരട്ടെ.

 
At August 11, 2006 12:42 PM, Blogger റീനി said...

അരവിന്ദാ, ഉപദേശത്തിന്‌ നന്ദി .മലയോളം പോന്ന സുനാമിത്തിരകളെ ഞാന്‍ എങ്ങനാ ഒളിപ്പിക്കാ?
സാമ്പാര്‍ നന്നായിരുന്നു. സൈക്കിളില്‍ പോയി ഞാനും കുടിച്ചു. യാത്ര ചെയ്ത്‌ ക്ഷീണിച്ചു പോയി.

 
At August 12, 2006 11:10 PM, Blogger സാക്ഷി said...

ഇനിയുമിനിയുമെഴുതൂ. ആശംസകള്‍!

 
At August 15, 2006 9:53 PM, Blogger :: niKk | നിക്ക് :: said...

ബൂലോഗ സാഗരത്തിലേയ്ക്കു സ്വാഗതം റീനി. നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍ !

 
At August 15, 2006 10:52 PM, Blogger Adithyan said...

സ്വാഗതം :)

അങ്ങ് അടിച്ചു പൊളിച്ച് അര്‍മ്മാദിച്ച് ആഡംബരമാക്കൂ... :)

 
At August 16, 2006 7:59 AM, Blogger കൈത്തിരി said...

നന്നായിരിക്കുന്നു റീനി... പലപ്പൊഴും പ്രകൃതിയുടെ മുന്നറിയിപ്പുകളെ നാം അതിബുദ്ധികൊണ്ടളക്കും.... വളരെ enjoy ചെയ്തു... വീണ്ടും എഴുതു...

 
At August 16, 2006 8:01 AM, Blogger കൈത്തിരി said...

ഇയ്യാളുടെ ബ്ലോഗിന്റെ പേരും ഇഷ്ടായി...

 
At August 16, 2006 8:34 AM, Blogger kumar © said...

എന്റെ ബ്ലോഗിലെ കമന്റിന്റെ വള്ളിയില്‍ തൂങ്ങി ഇവിടെ വന്നതാണ്. വന്നപ്പോള്‍ ദേ ഇവിടെ സുനാമി അടിക്കുന്നു.

അങ്ങനെ പോരട്ടെ, പോസ്റ്റുകള്‍.
വരവിന്റെ വഴിവക്കില്‍ ഒരു സ്വാഗതം എന്റെയും വക.

 
At August 16, 2006 9:15 AM, Blogger കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട്‌!
ബൂലോഗ സാ‍ഗരത്തിലേക്ക് സ്വാഗതം!

 
At August 17, 2006 10:08 PM, Blogger റീനി said...

നന്ദി... സു, കൂമന്‍, സാക്ഷി ,നിക്ക്‌, ആദിത്യന്‍, കൈത്തിരി, കുമാ, കലേഷ്‌, നിങ്ങളുടെ പ്രോത്സാഹനത്തിന്‌.
ബൂലോകത്തിന്റെ ഇത്തിരി വെട്ടവും തേടി ഇപ്പോഴാണു വെളിയില്‍ വന്നത്‌.

 
At October 10, 2006 11:04 PM, Blogger അനംഗാരി said...

ഇന്നും, പക്ഷി മൃഗാദികളുടെ ചലനങ്ങളില്‍ നിന്ന് കാലാവസ്ഥ വ്യതിയാനം ഗണിക്കുന്ന മത്സ്യതൊഴിലാളികള്‍ ഉണ്ട്. മഴ വരുന്ന വിവരം, ഭൂകമ്പം ഉണ്‍ടാകുന്ന വിവരം എല്ലാം പക്ഷി മൃഗാദികള്‍ നേരത്തെ ഗണിച്ചറിയുന്നു.എന്റെ അയല്‍‌വക്കത്തെ ഒരു കുടുമ്പം വേളാങ്കണ്ണിയില്‍ പോയി. പിന്നെ മടങ്ങി വന്നില്ല.സുനാമി അവരെ ദൈവത്തിങ്കലേക്ക് കൂട്ടിക്കൊണ്ടു പോയി.

 

Post a Comment

Links to this post:

Create a Link

<< Home