പനയോലകള്‍

Tuesday, May 19, 2009

ഗൃഹലക്ഷ്മി



റീനി മമ്പലം


ഉറക്കച്ചടവുള്ള കണ്ണുകള്‍ പാതി തുറന്നപ്പോള്‍ ചുണ്ടില്‍ ചുംബനത്തിന്റെ ചൂട്‌. കരവലയത്തിനുള്ളില്‍ അമര്‍ന്നപ്പോള്‍ കാതുകളില്‍ മന്ത്രധ്വനി.

"ഹാപ്പി ബേര്‍ത്ത്ഡെ ലക്ഷ്മി"

പിന്നെ എന്തെല്ലാമോ കേള്‍ക്കുവാന്‍ മോഹിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. സ്നേഹം ഒരു കിഴിക്കുള്ളിലാക്കി മനസ്സിന്റെ ആഴങ്ങളില്‍ എവിടെയോ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഭര്‍ത്താവ്‌.വല്ലപ്പോഴും എടുത്തുകാട്ടിയാല്‍ ഞാന്‍ ആ കിഴി ഒരു നിധിപോലെ സ്വീകരിക്കും. "പൂവങ്കോഴിപോലെ കൂകി അറിയിക്കുവാനുള്ളതാണോ എന്റെ സ്നേഹമെന്ന്" ചോദിക്കുമ്പോള്‍ വാദിക്കുവാന്‍ ഒരുമ്പെടാറില്ല.

മണിയൊച്ചമുഴങ്ങിയപ്പോള്‍ അലാറംനിര്‍ത്തി എഴുന്നേറ്റു.കുട്ടികളെ കുലുക്കി വിളിച്ചുണര്‍ത്തി. സ്കുള്‍ബസ്‌ കിട്ടാതെപോയാല്‍ കിടന്നുറങ്ങിയ സ്വെറ്റ്‌പാന്റ്‌സ്‌ ധരിച്ച്‌ കുട്ടികളെ സ്കൂളില്‍ കൊണ്ടിറക്കുവാന്‍ വയ്യ. പ്രത്യേകിച്ചും ഇന്ന്‌ എന്റെ പിറന്നാള്‍ ദിവസമല്ലേ? കാലത്തെഴുന്നേറ്റ്‌ കുളിച്ച്‌കുറിതൊട്ട്‌ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ബെഡ്‌കോഫി കൊടുക്കേണ്ടവള്‍, ഞാന്‍, ഗൃഹലക്ഷ്മി.

സ്കൂള്‍ബസിന്റെ ഇരമ്പല്‍ കേട്ട്‌ പാഞ്ഞിറങ്ങിയ കുട്ടികള്‍ പറഞ്ഞു,
"ഹാപ്പി ബേത്ത്ഡെ മാം. ഹാവ്‌ എ നൈസ്‌ ഡെ".

ആശംസകള്‍ പ്രവൃത്തിയില്‍ വരട്ടെ എന്നാഗ്രഹിച്ചു. ഭര്‍ത്താവിന്റെ രുചിക്കനുസരിച്ചുള്ള കറികള്‍ ഉണ്ടാക്കുവാനായി ഒരേവേവുള്ള പച്ചക്കറികള്‍ ഒരേ വലുപ്പത്തില്‍ മുറിച്ചുകൊണ്ട്‌ എന്റെ നല്ലദിവസത്തിന്‌ തുടക്കമിട്ടു. കുട്ടികള്‍ക്ക്‌ എന്തെങ്കിലും 'നോര്‍മല്‍' ഭക്ഷണം ഉണ്ടാക്കണം. ഇന്ത്യന്‍ ഭക്ഷണമല്ലാത്തതെന്തും അവര്‍ക്ക്‌ നോര്‍മല്‍.

ഉച്ചയോടടുത്തപ്പോള്‍ മനസ്സുപറഞ്ഞു, ഇന്നത്തെ നിന്റെ നല്ലദിവസത്തിന്‌ പതിവുപോലെ ആവര്‍ത്തനവിരസത. ശേഷമുള്ള ദിവസമെങ്കിലും ആവര്‍ത്തനം ഒഴിവാക്കു.

മാളിലൂടെ വെറുതെ കറങ്ങിനടന്നു. സെന്റര്‍കോര്‍ട്ടില്‍ എന്തോകലാപരിപാടി നടക്കുന്നു. അഴികളില്‍ കയ്യൂന്നി പരിപാടികളില്‍ മിഴിനട്ട്‌ വെറുതെനിന്നു.

"ഹലോ" ശബ്ദം കേട്ട വശത്തേക്ക്‌ നോക്കി.

ഒരാള്‍ പരിചയപ്പെടുവാനുള്ള ഒരുക്കത്തോടെ എനിക്കുനേരെ കൈനിട്ടീ.

"ഞാന്‍ ലക്ഷ്മി"

"ഇന്ത്യനാണല്ലേ? ലക്ഷ്മി, നല്ല പേര്‌. എന്താണതിന്റെ അര്‍ത്ഥം?

അയാള്‍ വെറുതെവിടുവാനുള്ള ഭാവമില്ല.

"ഐശ്വര്യ ദേവത" മറുപടിനല്‍കി.

"ലക്ഷ്മി ഡോക്ടറാണോ"?

"അല്ല" ഒറ്റവാക്കില്‍ മറുപടികൊടുത്തു.

ഡോക്ടറാണെങ്കില്‍ ഞാനിനേരത്ത്‌ മാളിലൂടെ കറങ്ങിനടക്കാതെ വല്ല ആശുപത്രിയിലും ജോലിചെയ്ത്‌ കാശ്‌ ഉണ്ടാക്കില്ലേ മരമണ്ടൂസെ- എന്ന്‌ ചോദിക്കണമെന്ന്‌ തോന്നി.

"മുഷിവ്‌ തോന്നരുത്‌, ഇന്ത്യയില്‍നിന്നും ധാരാളം ഡോക്ടര്‍മ്മാരും എഞ്ചിനീയറന്മാരും ഇവിടെ വരുന്നതുകൊണ്ട്‌ ചോദിച്ചതാണ്‌". അയാള്‍ തുടര്‍ന്നു.

"കമ്പൂട്ടറിനോട്‌ ബെന്ധപ്പെട്ട ധാരാളം ജോലികള്‍ ഇപ്പോള്‍ നിങ്ങളുടെ നാട്ടിലാണല്ലോ നടക്കുന്നത്‌? ഞാനും അതേ ഫീല്‍ഡില്‍ ആയിരുന്നു.ഇന്ത്യന്‍ ആള്‍ക്കാരുടെ ബുദ്ധി ഈ നാട്ടിലേക്ക്‌ ഇറക്കുമതിചെയ്യുവാന്‍ തുടങ്ങിയതോടെ ജോലിപോയൊരു ഹതഭാഗ്യനാണ്‌ ഞാന്‍".

അയാളുടെ ജീവിതപുസ്തകം എന്റെ മുന്നില്‍ നിവര്‍ത്തിവായിക്കുമോ എന്ന്‌ ഭയപ്പെട്ട ഞാന്‍ സഹതാപം അയാള്‍ക്ക്‌ നേരെ ചൊരിഞ്ഞുകൊടുത്തു.

"ഭാര്യക്ക്‌ ജോലിയുണ്ട്‌. അതുകൊണ്ട്‌ പിടിച്ചുനില്‍ക്കുന്നു. വിന്ററില്‍ വീട്ടിലിരുന്ന്‌ ബോറടിച്ചു.വാരാന്ത്യത്തില്‍ സ്കീയിങ്ങിന്‌ പോകണമെന്നാഗ്രഹമുണ്ട്‌. അതിന്‌ ഷോപ്പിങ്ങിനിറങ്ങിയതാണ്‌. ലക്ഷ്മി സ്കീ ചെയ്യുമോ? "

:ഇല്ല" എന്നു ഞാന്‍ പറഞ്ഞപ്പോള്‍ സഹതാപം നിഴലിച്ചത്‌ അയാളുടെ മുഖത്തായിരുന്നു.

"പറയുവാന്‍ വിരോധമില്ലങ്കില്‍ ഞാനൊന്ന്‌ ചോദിച്ചോട്ടേ, ഭര്‍ത്താവ്‌ എന്തുചെയ്യുന്നു?"

"ഡോക്ടറാണ്‌" മറുപടികൊടുത്തു.

"നല്ല പ്രൊഫഷന്‍. ഡോക്ടേര്‍സ്‌ ഭാഗ്യവാന്മാരാണ്‌.ലോകാന്ത്യം വരെ ഈ ഭൂമിയില്‍ രോഗികളുണ്ടാവും".
ജോലിയില്ലാത്തവന്റെ വാക്കുകള്‍.

"ലക്ഷ്മി, വിരോധമില്ലെങ്കില്‍ നമുക്കൊരു കപ്പ്‌ കാപ്പികുടിക്കാം?"

എന്റെ ചിരിക്കിപ്പോഴും വശ്യതയുണ്ടെന്നും ആകാരത്തിന്‌ വടിവുണ്ടെന്നും ഓര്‍മ്മിപ്പിക്കുമാറ്‌ ഓര്‍ക്കാപ്പുറത്തൊരു ചോദ്യം.

വിരോധമുണ്ടന്നോ, സങ്കോചമുണ്ടന്നോ പറഞ്ഞില്ല. സൗഹാര്‍ദം പുരട്ടിയ ചിരിയെറിഞ്ഞു പറഞ്ഞു" വീട്ടിലെത്താനല്‍പ്പം തിടുക്കമുണ്ട്‌".

ഒരു സുഹൃത്ത്‌ബന്ധം എനിക്ക്‌ ഞാന്‍തന്നെ നിഷേധിച്ച്‌ തിരിഞ്ഞുനടക്കുമ്പോള്‍-

"ഹാവ്‌ എ നൈസ്‌ ഡേ ലക്ഷ്മി".

ഞാന്‍ എഞ്ചിനീയറോ, ഡോക്ടറോ അല്ല. അതിനുമുപരിയായി സ്കി ചെയ്യുവാനുമറിയില്ല. എങ്കിലും ഞാനിപ്പോള്‍ വെറും ലക്ഷ്മിയല്ല, ഡോക്ടര്‍ ഭര്‍ത്താവുള്ള ഭാഗ്യലക്ഷ്മിയാണ്‌. എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത്‌ ഒരമ്മയുടെയും ഭാര്യയുടെയും നിസ്സാരവും അതേസമയം സങ്കിര്‍ണവുമായ ജോലിയും കര്‍ത്തവ്യങ്ങളും മാത്രം.

"ലക്ഷ്മി, അധികം പ്രതീക്ഷകള്‍ പാടില്ല, അപ്പോഴല്ലേ നിരാശയുണ്ടാവുക?. നിന്റെ സുഖദുംഖങ്ങളുടെ ഉത്തരവാദി നീ തന്നെ" ഭര്‍ത്താവിന്റെ കൂടെക്കൂടെയുള്ള വാക്കുകള്‍".

സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു ഡോളറിന്‌ കിട്ടുന്ന അഞ്ച്‌ ഏത്തക്കയെക്കുറിച്ചും ഇന്ത്യന്‍ കടയില്‍നിന്നും വാങ്ങുന്ന തുടുത്ത കോവക്കയെക്കുറിച്ചും എനിക്ക്‌ അതീവമായി സന്തോഷിക്കുവാന്‍ കഴിയില്ലാത്തത്‌ എന്റെ കുഴപ്പമെന്ന്‌ എന്നെത്തന്നെ ബോധിപ്പിക്കുവാന്‍ ശ്രമിക്കുന്നു. മനസ്സിനിണങ്ങിയ കൂട്ടുകാരെ തിരയുന്നത്‌ വെറുമൊരു വിനോദമെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല.

എന്റെ ആത്മാവിന്റെ രോദനം എനിക്കെന്നും താരാട്ടാണ്‌.. മനസ്സിന്റെ ദാഹമകറ്റാന്‍ എവിടെയാണ്‌ തിരയേണ്ടത്‌? അളവില്ലാത്ത സ്നേഹം മനസ്സിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ ആത്മാവിന്റെ ദാഹം സ്വാഭാവികമല്ലേ?

ചുറ്റും നോക്കി. തിരക്കുപിടിച്ച്‌ ഓടിനടക്കുന്ന, സ്വയം സ്നേഹിക്കുന്ന കുറെ മനുഷ്യജീവിതങ്ങള്‍. ഓട്ടത്തിന്റെ അന്ത്യത്തില്‍ തളരുമ്പോള്‍ ഏതോ ഒരു നേഴ്സിങ്ങ്‌ഹോമില്‍ എരിഞ്ഞുതീരുന്ന ജീവിതം. ഇന്നെന്റെ ബേര്‍ത്ത്ഡെയാണ്‌. ആ വൃദ്ധസദനത്തിലേക്ക്‌ ഒരുവര്‍ഷം കൂടി അടുത്തിരിക്കുന്നു.

പെര്‍ഫ്‌യൂം കടയില്‍ പൈസകൊടുത്തുകഴിഞ്ഞ്‌ വാച്ചിലേക്ക്‌ നോക്കിയപ്പോള്‍ നേരം ഒരുപാടായെന്ന്‌ മനസ്സിലായി.

ഭര്‍ത്താവ്‌ നേരത്തെ വീട്ടിലെത്തിയിരിക്കുന്നു. എന്റെ പിറന്നാള്‍ പ്രമാണിച്ച്‌ രോഗികള്‍ അവധിയിലാണോ?

കുട്ടികള്‍ ഓടിവന്ന്‌ കെട്ടിപ്പിടിച്ചു.

"അമ്മ എന്തേ വരുവാന്‍ വൈകുന്നതെന്നു ചിന്തിച്ച്‌ ഞങ്ങള്‍ ആകെ വിഷമിച്ചിരിക്കയായിരുന്നു".

"ലക്ഷ്മി, നിനക്കൊന്ന്‌ ഫോണ്‍ ചെയ്യാമായിരുന്നില്ലേ? കയ്യിലുള്ള സെല്‍ഫോണ്‍ ഓണാക്കിയിട്ടുകൂടേ? വെറുതെയെല്ലാവരെയും വിഷമിപ്പിച്ചതെന്തിനാ? നിന്റെ പിറന്നാള്‍ പ്രമാണിച്ച്‌ ഡിന്നറിന്‌ പുറത്തു പോകാമെന്നുകരുതി പേഷ്യന്‍സിനെ വൈകി എടുത്തില്ല"

ആ കണ്ണൂകളിലെ പരിഭ്രമം കെട്ടടങ്ങിത്തുടങ്ങിയിരുന്നു. മുഖത്ത്‌ ഞാനിതുവരെ കണ്ടിട്ടില്ലാത്തൊരു ആദ്രത.

സങ്കീര്‍ണ്ണമല്ലാത്ത, കടമകള്‍ ഇല്ലാത്തൊരു ലോകത്തിലൂടെയുള്ള ഇന്നത്തെ എന്റെ നല്ല ദിവസത്തിന്റെ അന്ത്യത്തില്‍ എന്നിലെ ഗൃഹലക്ഷ്മിക്ക്‌ കുറ്റബോധം തോന്നി.

ഇരുളിന്റെ പുതപ്പണിഞ്ഞ മുറിയില്‍ , എന്റെ കാതുകളില്‍ മന്ത്രധ്വനി മുഴങ്ങി "ഹാപ്പി ബേര്‍ത്ത്‌ ഡേ ലക്ഷ്മി. നീയിന്നെന്നെ വളരെ പേടിപ്പിച്ചുവല്ലോ"

ഞാന്‍ ആ കരവലയത്തിലൊതുങ്ങി.

"നല്ല സുഗന്ധം, ഏത്‌ പെര്‍ഫ്‌യൂമാണ്‌?"

സ്നേഹത്തിന്റെ കിഴി ഭര്‍ത്താവെനിക്കു വെച്ചുനീട്ടി. ആത്മാവിന്റെ ദാഹമകറ്റുന്ന തെളിനീര്‌ ഞാന്‍ രുചിച്ചറിഞ്ഞു.

"ദേവേട്ടാ, ഈ സ്നേഹമെല്ലാം മനസ്സിന്റെ ആഴങ്ങളില്‍ പൂഴ്‌ത്തിവെച്ചിരുന്നാല്‍ പായലുപിടിച്ചുപോവില്ലേ"? ഞാന്‍ പകുതി കളിയായും കാര്യമായും ചോദിച്ചു.

Tuesday, April 28, 2009

സ്നേഹം തേടുന്നവര്‍


സ്നേഹം തേടുന്നവര്‍

റീനി മമ്പലം


ഞാന്‍ രാവിലെ കടയിലേക്കു കയറുമ്പോള്‍ പടികളിലിരുന്ന്‌ ഒരു കൊച്ചുപെണ്‍കുട്ടി കല്ലുകൊത്തിക്കളിക്കുന്നു.

"സാറെ, ഇന്നൊന്നും കഴിച്ചില്ല, വല്ലതും തരണെ" എന്നുപറഞ്ഞ്‌ ആ കൊച്ചുകൈകള്‍ എന്റെ നേരെ നീളുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷെ, അവള്‍ എന്നെക്കണ്ടപ്പോള്‍ ഭവ്യതയോടെ എഴുന്നേറ്റുമാറി.

ഉച്ചതിരിഞ്ഞപ്പോള്‍ അവള്‍ ഇലക്കീറില്‍നിന്നും എന്തോ കഴിക്കുന്നതുകണ്ടു. അവളുടെയടുത്ത്‌ തന്റെ പങ്കിനായി കാത്തുനില്‍ക്കുന്ന തെരുവിലെ മറ്റൊരു ജന്മം. അവന്‍ അവളെ നോക്കി വാലാട്ടുകയും മുറുമുറുക്കുകയും ചെയ്തു. ഹൃദയത്തിന്റെ ലോലതലത്തില്‍ ആരോ മുള്ളിട്ടുവരഞ്ഞുവോ?

വൈകിട്ട്‌ കടപൂട്ടിയിറങ്ങുമ്പോള്‍ അവള്‍ പരിസരത്തെങ്ങാനുമുണ്ടോയെന്ന്‌ നോക്കി. കാണാതിരുന്നപ്പോള്‍ കൂടണയുവാന്‍ അവള്‍ക്കൊരുവീടുണ്ടന്ന്‌ കരുതി.

രാത്രിവിളക്കുകള്‍ തെളിഞ്ഞപ്പോള്‍ നഗരത്തിലെ തിരക്ക്‌ കുറഞ്ഞിരുന്നു. വഴിവിളക്കുകള്‍ പിന്നിലേക്ക്‌ തള്ളിമാറ്റി കാറ്‌ ഓടിക്കൊണ്ടിരുന്നു. ഞാന്‍ പാസ്സഞ്ചര്‍ സീറ്റിലേക്ക്‌ നോക്കി, മോള്‍ക്കുവേണ്ടി മിഠായിപ്പൊതികള്‍ വാങ്ങിച്ചിരുന്ന പതിവ്‌ നിര്‍ത്തിയതോര്‍ക്കാതെ.

സുതാര്യമായ ഓര്‍മ്മകളുടെ മറനീക്കി നോക്കി. പടികളില്‍ എന്നെയും കാത്തിരിക്കുന്ന മകള്‍.

"നീയിങ്ങനെ മുട്ടായിക്കൊതിച്ചിയായാല്‍ പല്ലുകള്‍ പുഴുതിന്നുപോവില്ലേ ലേഖമോളേ?" അവളെവാരിയെടുത്ത്‌ കറങ്ങിത്തിരിയുമ്പോള്‍ ഞാന്‍ ചോദിച്ചു.

ഉമ്മറത്തെ തിരിനാളം സൃഷ്ടിച്ച ഇന്ദുവിന്റെ നിഴലുകള്‍ ഭിത്തിയില്‍ ഇളകിയാടി.

അന്ന്‌ ജീവിതം സുന്ദരമായൊരു നദിയായി ഒഴുകിയിരുന്നു.

പിറ്റെദിവസം കടയിലേക്ക്‌ കയറുമ്പോള്‍ പെണ്‍കുട്ടി കടയുടെ പരിസരത്തുണ്ടായിരുന്നു.

മാടിവിളിച്ചപ്പോള്‍ സങ്കോചത്തോടെ അടുത്തുവന്നു,

"നിന്റെ പേരെന്താ"

"രമ"

കുളികഴിഞ്ഞ്‌ നനവുമാറാത്ത മുടി റിബണ്‍കൊണ്ട്‌ പിടിച്ചുകെട്ടിയിരുന്നു. ആവശ്യത്തിലധികം വലുപ്പമുള്ള നരച്ച ഉടുപ്പിന്‌ വൃത്തിയുണ്ടായിരുന്നു.

അധികമൊന്നും സംസാരിക്കാനാവാതെ ഞാനകത്തേക്ക്‌ കയറിപ്പോയി.

ഉച്ചയൂണുകഴിഞ്ഞപ്പോള്‍ ഇന്ദു ടിഫിനില്‍ കൊടുത്തയച്ച ലഡുവുമായി ഞാന്‍ പുറത്തേക്കിറങ്ങി, അവളെ വിളിച്ചു.

അടുത്തു വന്നപ്പോള്‍ ഞാന്‍ ലഡു അവളുടെ നേര്‍ക്ക്‌ നീട്ടി.

"ങൂ ങൂ" അവള്‍ വിസ്സമ്മതിച്ച്‌ തലയാട്ടി. എരിയുന്നവയറിലും ഔദാര്യം തേടരുതെന്ന്‌ അവള്‍ക്കു ആരോ പറഞ്ഞുകൊടുത്തിട്ടുണ്ടോ?.

ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവളതുവാങ്ങി. എന്നെനോക്കി പുഞ്ചിരിച്ചു. അവളുടെ ചിരി മുഖത്താകെ പടര്‍ന്നു. ആ ചിരി എന്നിലേക്കുംവ്യാപിച്ചു.

സന്ധ്യക്ക്‌ വീട്ടിലെത്തിയപ്പോള്‍ ഇന്ദു ഇരുട്ടിന്റെ കൂട്ടുകാരിയായി വെളിയിലേക്ക്‌ നോക്കി നില്‍ക്കുന്നു.

നക്ഷത്രക്കൂട്ടങ്ങളുടെ ഇടയില്‍ അവള്‍ ആരെ തിരയുന്നു?

ഇരുട്ടിന്റെ പുതപ്പണിഞ്ഞ വാഴക്കൂട്ടങ്ങളില്‍ പ്രിയമുള്ളവര്‍ മിന്നായംപോലെ വന്നുമറയുമോ?

"ഇന്ദു"

അവള്‍ അരികിലെത്തി എന്റെ തോളില്‍ തലചായ്ച്ചു.

ഞാന്‍ വീണ്ടും തളരുന്നുവോ?

"ഇന്ദു, നമുക്ക്‌ വീണ്ടും ഒരു കുട്ടി കൂടി, അല്ലെങ്കില്‍ ഒരു കുഞ്ഞിനെ അഡോപ്‌റ്റ്‌ ...."

മുഴുമിച്ചില്ല, അതിനുമുമ്പേ അവള്‍ പറഞ്ഞു "നിങ്ങള്‍ക്ക്‌ അവളെ മറക്കുവാന്‍ ഇത്ര ധൃതിയായോ?" വാക്കുകള്‍ക്ക്‌ വളരെ മൂര്‍ച്ചയുണ്ടായിരുന്നു.

നിന്റെ ദുഖം എന്റെ സത്യമാണ്‌. നിന്റെ സന്തോഷം എന്റെ കര്‍മ്മമാണ്‌. നിന്റെ ജീവിതം എന്റെ അവകാശവും. ഞാനവളെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നുവെന്ന് എനിക്കുറപ്പായിരുന്നു. ഇരുട്ട്‌ ഞങ്ങളുടെ വികാരങ്ങളെ മറച്ചുവെച്ചു. ഇരുട്ടിനെ ഞാനിഷ്ടപ്പെട്ടു.

കടയുടെ പരിസരത്തുകണ്ട പെണ്‍കുട്ടിയെക്കുറിച്ച്‌ അവളോടുപറയണമെന്നുതോന്നി.

കുട്ടികളെക്കുറിച്ചുള്ള സംസാരം ഒഴിവാക്കുന്നതാണുനല്ലതെന്ന്‌ മനസ്സുപറഞ്ഞു.

രാവിലെ പറമ്പിലൂടെ നടക്കുമ്പോള്‍ ഒരുവാഴയിലവെട്ടി രഹസ്യമായി ഡിക്കിയിലിട്ടു.

"ഇന്ദു, ഇന്ന് അല്‍പ്പം കൂടുതല്‍ ചോറും കറികളും ടിഫിനില്‍ പാക്കുചെയ്യു. കഴിക്കുമ്പോള്‍ ആവശ്യത്തിനാകുന്നില്ല എന്നൊരുതോന്നല്‍.

അന്ന്‌ രാവിലെ കടയുടെ പരിസരത്ത്‌ പെണ്‍കുട്ടിയെ കാണാതിരുന്നപ്പോള്‍ നിരാശ തോന്നി. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍ ഉളവാകുന്ന ശൂന്യതയെ ഞാന്‍ ഭയന്നു. അതുകൊണ്ടാവാം പെണ്‍കുട്ടി ആരെന്നോ എവിടെ നിന്നെന്നോ ഞാനറിയാതെ പോയത്‌.

മിച്ചംവന്ന ചോറും കറികളും നായ തിന്നുന്നത്‌ നോക്കിനിന്നതിനുശേഷം വൈകിട്ട്‌ കടപൂട്ടി ഞാനിറങ്ങി.

വിഷുക്കണി കാണുന്ന സന്തോഷത്തോടെ പിറ്റേന്ന്‌ രാവിലെ ഞാനവളെ കണ്ടു.

"രമേ, ഇന്നലെ എവിടെയായിരുന്നു?"

"ഇന്നലെ ഏട്ടന്‌ പനിയായിരുന്നു. അതോണ്ട്‌` വീട്ടിലിരുന്നു. ദാ, ആ ചായക്കടയില്‍ പാത്രംകഴുകണ പണിയാ ഏട്ടന്‌" എതിര്‍വശത്തുള്ള ചായക്കടചൂണ്ടിയവള്‍ പറഞ്ഞു.

"നിനക്ക്‌ വീട്ടില്‍ വേറെ ആരൊക്കെയുണ്ട്‌?" എന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു.

"അമ്മയുണ്ട്‌"

"അഛന്‍?"


"അഛന്‍ മരിച്ചുപോയി. ട്രെയിനിന്റെ അടിയില്‍ തലവെച്ചു"

ഞാന്‍ അവളെത്തന്നെ നോക്കിനിന്നു.

"അഛന്‌ സൂക്കേടായിക്കിടന്നപ്പോ ഞനെന്നും വിശന്നു കരയുമായിരുന്നു. ഒരുദിവസം ഞാന്‍ കരഞ്ഞപ്പോ അഛന്‍ ഇറങ്ങിപ്പോയി, എന്നിട്ട്‌ റെയിലില്‌ തലവച്ചു".

കഥ പറയുന്ന ലാഘവത്തോടെ അവള്‍ പറഞ്ഞു.

ഞാനവളുടെ അഛന്റെ ചിതറിയ ദേഹം മനസ്സില്‍നിന്നു മാറ്റിയിടുവാന്‍ ശ്രമിച്ചു.

"നിനക്ക്‌ വിശക്കുന്നുണ്ടോ?"

"ഇല്ല, അമ്മ ഇപ്പോ കല്‍പ്പണിക്ക്‌ പോവണോണ്ട്‌ എനിക്ക്‌ വിശക്കണില്ല".

ഞാനപ്പോള്‍ അകലത്തിലല്ലാത്ത പഴയൊരു ദിവസത്തിലേക്ക്‌ ഓടിപ്പോയി...

അന്ന്‌ മോള്‍ക്ക്‌ അവധിക്കാലമായിരുന്നതിനാല്‍ ഇന്ദുവിന്റെ ആഗ്രഹപ്രകാരമാണ്‌ ഞങ്ങള്‍ മൂന്നാറിലേക്ക്‌ പോയത്‌. നീലക്കുറിഞ്ഞികളുടെ നാട്ടിലേക്ക്‌ കാര്‍ മലകയറിക്കൊണ്ടിരുന്നു. ഇന്ദുവിന്റെ ഊറിച്ചിരിക്കുന്ന മുഖം എന്റെ തോളിലേക്ക്‌ ചേര്‍ന്നിരുന്നു. മൂന്നാറിലെ കാറ്റിലേക്ക്‌ തലയിട്ട്‌ ലേഖ വായുവില്‍ ചിത്രങ്ങള്‍ വരച്ചും മായിച്ചും കൊണ്ടിരുന്നു.

തിരികെവരുംവഴി എല്ലാവരും ക്ഷീണിച്ചിരുന്നു. ഇന്ദു എന്റെ തോളില്‍ തലചായ്ച്ച്‌ ഉറങ്ങി. ലേഖ തനിയെ പാട്ടുപാടിയിരുന്നതിനുശേഷം ഉറങ്ങിത്തുടങ്ങി. എന്റെ കണ്ണുകളും ഒരുനിമിഷത്തേക്ക്‌ അടഞ്ഞുവോ?

മലഞ്ചെരിവുകള്‍ ആ ദിവസം കരഞ്ഞിരിക്കണം. എന്റെ ആത്മാവിന്റെയൊരംശം ആ മലയിടുക്കുകളില്‍ എനിക്കുനഷ്ടമായി. ഒരിക്കലെങ്കിലും ഇന്ദുവെന്നെ കുറ്റപ്പെടുത്തിയിരുന്നുവെങ്കില്‍ എന്ന്‌ ഞാനെത്രതവണയാഗ്രഹിച്ചു.

ലേഖ എന്റെമുന്നില്‍ നില്‍ക്കുന്നതായി എനിക്കുതോന്നി.

"നീയെന്റെകൂടെ വീട്ടിലേക്ക്‌ വരുന്നോ?"

"ഇല്ല, ഞാന്‍ വന്നാല്‍ അമ്മക്ക്‌ സങ്കടാവും"

ഇനിയൊരമ്മയും ഞാന്‍ നിമിത്തം ദുഖിക്കാന്‍ പാടില്ല. ഞാന്‍ അവളുടെ തലയില്‍ തലോടി.

അകത്തുപോയി അവളുടെ പാകത്തിലുള്ള രണ്ടുടുപ്പുകളുമായി തിരികെ വന്നു. ഉടുപ്പുകള്‍ അവളുടെ നേരെ വച്ചു നീട്ടി.

അവള്‍ മടിക്കാതെ വാങ്ങി.

"ഹായ്‌, നല്ല ഉടുപ്പ്‌"

അവളുടെ കണ്ണുകളില്‍ തെളിഞ്ഞ മഴവില്ലിന്‌ ഏഴിലേറെ വര്‍ണ്ണങ്ങള്‍ ഉണ്ടെന്നെനിക്ക്‌ തോന്നി.

ഒരുടുപ്പ്‌ ദേഹത്തുചേര്‍ത്തുപിടിച്ച്‌ എന്നെനോക്കി ചിരിച്ചു.

അവളെന്നെ കെട്ടിപ്പിടിച്ചുചോദിച്ചു "ഞാന്‍ അച്ഛാന്ന്‌ വിളിച്ചോട്ടെ?"

Monday, March 09, 2009

ശിശിരം - പുഴ.കോം-ല്‍ പ്രസിദ്ധീകരിച്ച കഥ



സ്വന്തം മകനെ തിരിച്ചറിയുവാന്‍ കഴിയാത്തൊരു അവസ്ഥ. എന്റെയുള്ളു നടുങ്ങി. തലച്ചോറാരോ ഇളക്കിയെടുത്ത്‌ വറചട്ടിയിലിട്ടതുപോലെ പുകഞ്ഞു. കുട്ടികളുടെ കോളേജ്‌ പഠനം, വീടിന്റെ കടം, കാറുകളുടെ കടം, ഇതെല്ലാം കൂടി എന്നെ മൊത്തത്തിലൊരു കടക്കാരനാക്കിയിരുന്നു. കടങ്ങളും ക്രെഡിറ്റ്‌ കാര്‍ഡുമില്ലെങ്കില്‍ അമേരിക്കന്‍ ജീവിതം പൂര്‍ണ്ണമാവില്ലല്ലോ.


Monday, February 23, 2009

ഒബാമയെ ഒറ്റുകൊടുക്കുമോ?



മിഷേല്‍ ഒബാമ ക്യാമ്പേനിംഗ്‌ സമയത്ത്‌ പറഞ്ഞ വാക്കുകള്‍ "അമേരിക്കയെ മുഴുവന്‍ രക്ഷിക്കാന്‍ ജന്മമെടുത്ത മിശിഹായല്ല ഒബാമ. ഒബാമക്കും തെറ്റുകള്‍ പറ്റാം. കാര്യങ്ങള്‍ പെട്ടെന്ന്‌ നേരെയാകണമെന്നില്ല. അമേരിക്കന്‍ ജനതയെ മുഴുവന്‍ രക്ഷിക്കുവാന്‍ ജന്മമെടുത്ത മിശിഹായല്ലെങ്കിലും ഒബാമയുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച്‌ 'Yes , we can' ആപ്തവാക്യമാക്കി, ശുഭാപ്തിയോടെ അമേരിക്കന്‍ ജനത നല്ലൊരുനാളേക്ക്‌ കാത്തിരിക്കുന്നു. ഒബാമയെന്ന മനുഷ്യപുത്രനെ ആരും ഒറ്റിക്കൊടുക്കാതിരിക്കട്ടെ.

ബൂലോകരെ, ദേശാഭിമാനി വാരികയില്‍ ഈയിടെ വന്ന എന്റെ ഒരു ലേഖനം.


Tuesday, April 01, 2008

കറുത്തകുപ്പായക്കാരന്‍

"ഇതാണു ജീവിതം. നിന്നെ നോവിക്കാനായി പാലുകുടിച്ച കുപ്പികളുടച്ച്‌ അവര്‍ നിന്റെ വഴിയില്‍ വിതറും. എത്രയൊ അമ്പുകള്‍ ഇനിയും നിനക്കുനേരെ തൊടുത്തുവിടുവാനുണ്ട്‌.എത്രയോ ആണികള്‍ നിന്നില്‍ തറക്കുവാനുണ്ട്‌. നിന്നെ സൃഷ്ടിച്ച ദൈവം നിനക്കായി ഒരു തുരുത്തിയില്‍ കണ്ണുനീര്‍ കരുതി വെച്ചിരിക്കുന്നു. അതുമുഴുവന്‍ ഒഴുക്കിത്തീര്‍ക്കാതെ ഈ ജന്മം അവസാനിപ്പിക്കാനാവില്ല".ബൂലോകരെ, അടുത്തയിട ദേശാഭിമാനിവാരികയില്‍ വന്ന എന്റെ ഒരു ചെറുകഥ "കറുത്തകുപ്പായക്കാരന്‍". വായിച്ചാലും.



Sunday, March 23, 2008

ബൂലോകര്‍ക്ക്‌ ഈസ്റ്റര്‍ ആശംസകള്‍!


കേരളത്തില്‍ ഈസ്റ്റര്‍ സമയത്ത്‌ വിരിഞ്ഞിരുന്ന ലില്ലിപൂക്കളുടെയും അന്നത്തെ ഈസ്റ്ററിന്റെയും ഓര്‍മ്മക്കായി.
കണക്ടിക്കട്ടിലിലുള്ള എന്റെ വീട്ടിലിലും ഈസ്റ്റര്‍ സമയത്ത്‌ ഈ ലില്ലികള്‍ പൂക്കുന്നു.

Wednesday, February 13, 2008

ഇന്നലെകളുടെ മരണം

"കാലം കഴിഞ്ഞപ്പോള്‍ കൊതിയും രുചിയും രണ്ടാണന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞാന്‍ വീട്ടുകാരനും അവള്‍ വിരുന്നുകാരിയുമായി മാറി. ബന്ധം ഉലഞ്ഞു".

അടുത്തയിടക്ക്‌ മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ വന്ന എന്റെ ഒരു കഥ 'ഇന്നലെകളുടെ മരണം' പോസ്റ്റുചെയ്യുന്നു. ബൂലോകരെ വായിച്ചാലും, അഭിപ്രായം അറിയിച്ചാലും.