പനയോലകള്‍

Tuesday, August 02, 2011

ഒരു പിടി മണ്ണിനായി





മേഘങ്ങൾ കനത്ത്‌ കറുത്തു. ഭാവം മാറിയ കുസൃതിക്കാറ്റ് തെങ്ങിൻ തലപ്പിൽ ചുഴറ്റിയടിച്ചു. മഴമേഘങ്ങൾ കാറ്റിനെ പ്രകോപിപ്പിച്ചിട്ടുണ്ടാവണം. ജനൽപാളികളെ കരയിപ്പിച്ച കാറ്റിൽ ജാതിമരങ്ങൾ കായ്കൾ കൊഴിച്ചു. ഒരു വാഴ കഥയറിയാതെ ഒടിഞ്ഞുവീണു.

“കതക് അടച്ചോളു, വെള്ളം അകത്തേക്ക് അടിച്ച്‌ കയറുന്നു.”

കതക് അടച്ചില്ല. അനുസരണ ഇല്ലാത്തവളെപ്പോലെ കതക് തുറന്നിട്ട് മഴ കണ്ടു നിന്നു. ഞാൻ കുറച്ചു ആഴ്ചത്തെ അവധിക്ക് നാട്ടിൽ എത്തിയിരിക്കയാണ്‌. എനിക്ക് ആർത്തലച്ചുവരുന്ന മഴകാണണം. ആർത്തിയോടെ അടിച്ചു വന്ന്‌ എന്നെ പുൽകുന്ന ഈറൻ കാറ്റിൽ എനിക്ക് നനയണം. എന്റെ ഓരോ രോമകൂപങ്ങളൂം മഴയുടെ നനവിനായി ദാഹിക്കുന്നു. ഓരോ കോശങ്ങളിലും മഴക്കാല ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു. ആർത്തു പെയ്യുന്ന മഴയിൽ ഓമച്ചെടികളുടെ ഇലകൾ തലയാട്ടിനിന്നു. പുരപ്പുറത്തുനിന്ന് കുത്തിയൊലിച്ചു വീണ മഴവെള്ളം മുറ്റത്ത് ഒരു കോണിൽ ചെറുതടാകം സൃഷ്ടിക്കുന്നു. മുറ്റത്താകെ ഒഴുകുവാൻ വിസമ്മതിച്ച് തളംകെട്ടിനില്ക്കുന്ന മഴവെള്ളം. ചാഞ്ഞും ചെരിഞ്ഞും പെയ്ത മഴയിൽ മുറ്റത്തെ മുക്കുറ്റിയുടെ മഞ്ഞച്ചിരി മാഞ്ഞിരുന്നു.

കുറച്ചുദിവസങ്ങളായി എന്നെ മോഹിപ്പിച്ചുകൊണ്ട് കുറച്ച ്മുക്കുറ്റിച്ചെടികൾ മുറ്റത്തുണ്ട്. ക്യാനഡയിൽ ഒരാളുടെ വീട്ടിൽ കുഞ്ഞുകുഞ്ഞു മഞ്ഞപ്പൂക്കളുമായി നിന്ന മുക്കുറ്റി കണ്ടതുമുതൽ ഞാൻ മുക്കുറ്റിയുമായി സ്നേഹത്തിലായതാണ്‌, ഒരു തരം ഒബ്സെഷൻ. ചെങ്ങന്നൂരിലെ ചൂടുള്ളൊരു ദിവസം കൂട്ടുകാരൻ മുക്കുറ്റിയെക്കുറിച്ച് കവിത എഴുതിയിട്ടുണ്ട്, എനിക്ക് പ്രിയപ്പെട്ട ഒന്ന്. ഒരിക്കൽ കുറച്ച് മുക്കുറ്റിച്ചെടികൾ കിട്ടിയിട്ടുണ്ട്. മഞ്ഞ നക്ഷത്രപ്പൂക്കൾ വിരിയിച്ച് അവ എന്റെ വീടിനുള്ളിൽ കുറച്ചുനാൾ വളർന്നതാണ്‌. എന്നിട്ട് ഒരു ദിവസം യാതൊരു മുന്നറിയിപ്പും ഇല്ലാതെ അവ ഓരോന്നായി ഉണങ്ങിപ്പോയി. അരിവീണ്‌ കിളുർക്കുമെന്ന പ്രതീക്ഷയിൽ കുറെ നാൾ ചെടിച്ചട്ടികൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ടത്തരം കണ്ട് അവരുടെ ആത്മാവ്‌ ചിരിച്ചിരിക്കണം.

കുത്തിയൊലിച്ച് പെയ്ത മഴയിൽ തലകുനിച്ച് നില്ക്കുന്ന മുക്കുറ്റിയെ ഞാൻ മോഹത്തോടെ നോക്കി. എനിക്കവയെ സ്വന്തമാക്കണമെന്ന് തോന്നി.

അന്ന് വീടുവിട്ടിറങ്ങുമ്പോൾ മുക്കുറ്റിച്ചെടികളോട് യാത്ര പറഞ്ഞു.ഞാൻ ആ വീട് വിടുകയാണ്‌. വീട് പൂട്ടി താക്കോൽ സൂക്ഷിപ്പുക്കാരെ ഏൽപ്പിക്കുകയാണ്‌. ഔരു പക്ഷെ മടങ്ങിപ്പോവുന്നതിനു മുമ്പായി ആ വീട്ടിലേക്ക് വീണ്ടും വരില്ല എന്നുവരാം.

വീണ്ടും മഞ്ഞച്ചിരി കാട്ടി മുക്കൂറ്റികൾ എന്നിൽ മോഹമുണർത്തിയത് രണ്ട് ആഴ്ചകൾക്ക്‌ ശേഷമാണ്‌, ചേച്ചിയുടെ വീട്ടിൽ വെച്ച്‌. അടക്കാനാവാത്ത ആഗ്രഹത്തോടെ ഞാനവരെ സ്വന്തമാക്കി, കുറച്ച് മണ്ൺ ് കൂട്ടത്തിൽ എടുക്കുന്ന കാര്യം പാടെ മറന്നുകൊണ്ട്. ഫ്ലാറ്റിലെ ജീവിതത്തിൽ എനിക്ക് ജൈവബന്ധം നഷ്ടപ്പെട്ടിരുന്നു. തിരികെ ഫ്ലാറ്റിൽ എത്തിയപ്പോൾ മുക്കുറ്റി കുഴിച്ചു വെക്കുവാൻ കുറച്ചു മണ്ണ്‌ അന്വേഷിച്ചു നടന്നു. ഫ്ലാറ്റിനു ചുറ്റുമിട്ടിരിക്കുന്ന ടയിലുകൾ എന്നെ പല്ലിളിച്ച് കാട്ടി. എന്റെ മുക്കുറ്റി ചെടികൾക്ക് വളരാൻ ഒരു പിടിമണ്ണൂ വേണം- ഞാൻ ആ കാവി നിറമുള്ള ടയിലുകളോട് പറഞ്ഞു. ഒരു തരി മണ്ണുപോലും വെളിയിൽ കാട്ടാതെ ഫ്ലാറ്റിനുചുറ്റും ടയിൽ ഇട്ടിരിക്കുന്നു. ഇന്റർലോക്കിങ്ങ് ടയിലിനടിയിൽ മഴയുടെ തലോടൽ കിട്ടാതെ വരണ്ടുകിടക്കുന്ന മണ്ണിന്റെ നിശ്വാസങ്ങൾ എനിക്ക്‌ കേൾക്കാമായിരുന്നു. പ്രണയിനിയെ പിരിഞ്ഞിരിക്കുന്ന കാമുകന്റെ നിശ്വാസങ്ങൾ !മനുഷ്യന്റെ പുതിയ ജീവിത ശൈലിയിൽ, അഭിരുചിയിൽ, സ്വാർഥതയിൽ സ്വന്തം ആത്മാവ്‌ നഷ്ടപ്പെട്ടവർ. മനുഷ്യർ വേർപെടുത്തിയവർ.

നിവൃത്തിയില്ലാതെ വന്നപ്പോൾ ഞാൻ സഹായത്തിനു വരുന്ന പെൺകുട്ടിയോട് പറഞ്ഞു “ ശ്രീദേവി , ഈ ഫ്ലാറ്റിനു ചുറ്റും ഒരിത്തിരി മണ്ണു പോലുമില്ല. നിങ്ങടെ വീട്ടീന്ന് കുറച്ച്‌ മണ്ണ്‌ കൊണ്ടുത്തരുമോ, എന്റെ മുക്കുറ്റിച്ചെടികൾക്ക്? അവക്ക് മണ്ണിൽ വളരേണ്ടെ? എനിക്ക്‌ വിശ്വസിക്കാനായില്ല. ഒരുപിടി മണ്ണു തേടി ഞാൻ കേരളത്തിൽ അലയുന്നു, ജീവവായു പോലെ എല്ലായിടത്തും സുലഭമായിരിക്കേണ്ട പച്ചമണ്ണ്‌. ഇത് സൗദി അറേബിയയിലെ മരുഭൂമിയല്ല, ഞൻ നിരാശയോടെ ചിന്തിച്ചു. അവൾ കൊണ്ടുവന്ന മണ്ണിൽ ഞാൻ മുക്കുറ്റിച്ചെടികൾ ഇറക്കിവെച്ചു. ഫ്ലാറ്റിന്റെ സെറാമിക്ക് ടയിൽ ഇട്ട ബാൽക്കണിയിൽ, നക്ഷത്രപ്പൂക്കൾ വിടർത്തി, മഞ്ഞച്ചിരി കാട്ടി, ജീവിക്കാൻ ഒരു പിടി മണ്ണ്‌ കിട്ടിയ സന്തോഷത്തിൽ എന്റെ മുക്കുറ്റിച്ചെടികൾ നിന്നു. ഞാൻ അവരുമായി സ്നേഹത്തിലായി, ഒരു തരം ഒബ്സെഷൻ!

5 Comments:

At August 02, 2011 10:25 PM, Blogger റീനി said...

പുതിയ പോസ്റ്റ് - അനുഭവം- ഒരുപിടിമണ്ണിനായി

ഇന്റർലോക്കിങ്ങ് ടയിലിനടിയിൽ മഴയുടെ തലോടൽ കിട്ടാതെ വരണ്ടുകിടക്കുന്ന മണ്ണിന്റെ നിശ്വാസങ്ങൾ എനിക്ക്‌ കേൾക്കാമായിരുന്നു. പ്രണയിനിയെ പിരിഞ്ഞിരിക്കുന്ന കാമുകന്റെ നിശ്വാസങ്ങൾ !
അവള്‍ കൊണ്ടുവന്ന മണ്ണില്‍ ഞാന്‍ മുക്കുറ്റിച്ചെടികള്‍ ഇറക്കിവെച്ചു. ജീവിക്കാൻ ഒരു പിടി മണ്ണ്‌ കിട്ടിയ സന്തോഷത്തിൽ എന്റെ മുക്കുറ്റിച്ചെടികൾ നിന്നു. ഞാൻ അവരുമായി സ്നേഹത്തിലായി, ഒരു തരം ഒബ്സെഷൻ!

 
At August 04, 2011 6:18 AM, Blogger ചന്തു നായർ said...

വളരെശരിയാണ് നല്ല ചെടികൾക്കും,നല്ല മരങ്ങൾക്കും വളരാനുള്ള നല്ല വളക്കൂറുള്ള മണ്ണ് കേരൾത്തിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്നൂ.. മരുഭൂമിപോലെ ഊഷരമായ മനസ്സുമായി മലയാളികൾ ഫ്ലാറ്റ് സംസ്കാരത്തിലേക്ക് മാറിയിരിക്കുന്നൂ..ആ മനസ്സുകളിൽ മുക്കുറ്റിയുടേയും തിരുതാളിയുടെയും പൂക്കൾക്ക് സ്ഥനമില്ലാതായിരിക്കുന്നൂ...ഉർവ്വരമാകുന്ന മനസ്സുകൾക്കായി കാത്തിരിക്കാം...നല്ല രചനക്കെന്റെ ഭാവുകങ്ങൾ....ചന്തുനായർ ആരഭി

 
At August 04, 2011 8:49 AM, Blogger Vp Ahmed said...

ഹൃദയത്തില്‍ ഒരു ചലനം ഉണ്ടാക്കിയോ? ഫ്ലാറ്റ് സംസ്കാരത്തെ ഒരിക്കലും ഇഷ്ടപ്പെടാന്‍ കഴിയാത്ത എനിക്ക് എന്റെ അനിഷ്ടത്തിന്റെ ഒരു കാരണം ഇതും കൂടിയാണ്. ഒരു തരി മണ്ണ് പോലും സ്വന്തം ഇല്ലല്ലോ തടവി താലോലിക്കാന്‍. വാടക വീടാ(villa)ണെങ്കില്‍ മറ്റൊരാളുടെ ഉടമസ്ഥതയില്‍ ആണെന്കിലും അതുണ്ടാവും. പ്രവാസജീവിതം ഈ മാനസിക അസ്വാസ്ഥ്യം ഇരട്ടിയാക്കുകയും ചെയ്യും. നല്ല പോസ്റ്റ്‌, അഭിനന്ദനങ്ങള്‍.

 
At August 04, 2011 9:08 AM, Blogger Prabhan Krishnan said...

മണ്ണിലേക്കു മടങ്ങാന്‍ മണ്ണെവിടെ..?

പേടിയാവുന്നു..!
ഒരുപിടിമണ്ണിനായ് അലയേണ്ട ഗതികേടിനൊടുവില്‍.....
ഒരുതുള്ളി നീരിനു വേണ്ടിയും,
ഒരിറ്റുശ്വാസത്തിനായും ,
കരയേണ്ട കാലം വരുമോ..?

ഇഷ്ട്ടപ്പെട്ടു.
ആശംസകള്‍...!

 
At August 06, 2011 8:38 AM, Blogger റീനി said...

ചന്തു നായര്‍ നന്ദി.
Ap Ahmed നന്ദി.
പ്രഭന്‍ കൃഷ്ണന്‍ നന്ദി.
‘ഒരു പിടി മണ്ണിനായി’ വായിച്ചതിനും കമന്റ് ചെയ്തതിനും.
ഫ്ലാറ്റ് സംസ്കാരം, നൈരന്തര്യ ജീവിതത്തില്‍ അതിന്റെ സ്വാധീനത, അനന്തര ഫലങ്ങള്‍ , ഒരു പിടി മണ്ണിനായുള്ള അന്വഷണം, ഭൂമിയിലേക്ക് മഴവെള്ളം ഇറങ്ങുവാന്‍ അനുവദിക്കാത്ത ഇന്റെര്‍ ലോക്കിങ്ങ് ടയിത്സ്, ഇതൊക്കൊ അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവങ്ങള്‍ ആയിരുന്നു.

 

Post a Comment

<< Home