പനയോലകള്‍

Sunday, May 15, 2011

റിട്ടേണ്‍ ഫ്ലൈറ്റ് എന്ന കഥാസമാഹാരത്തിന് ശിഹാബുദ്ദിന്‍ പൊയ്ത്തും കടവിന്റെ അവതാരിക



ജനാലകൾ തുറക്കുന്ന സ്ത്രീ


കല്ലിനോട് സംസാരിച്ചപ്പോൾ

അത് മണിനാദം മുഴക്കി

-പാബ്ലോ നെരൂദ


കല്ലുപോലുള്ള ജീവിതത്തോട് സംസാരിക്കുമ്പോൾ ഒരെഴുത്തുകാരനോട്/എഴുത്തുകാരിയോട് അത് തിരിച്ചുപറയുന്നതെന്താവും? സാഹിത്യത്തിലെ ഏറ്റവും ശക്തമായ ശാഖയെന്നനിലയ്ക്ക് സാമൂഹ്യജീവിതത്തോടുള്ള മുഴക്കമുള്ള പ്രതികരണോപാധിയാണിന്ന്‌ ചെറുകഥ. ഭാഷയുടേയും സംസ്കാരത്തിന്റെയും മണിമുഴക്കം കേട്ടിട്ടും പരാജയപ്പെടുമ്പൊഴും ശിരസ്സുയർത്തി മുന്നേറുന്ന ഏതോ ഒരു ജനറലിന്റെ ചിത്രം അത് വല്ലാതെ ഓർമിപ്പിക്കുന്നുണ്ട്. സ്വയം നാടുകടത്തിക്കൊണ്ടിരിക്കുന്ന ഒരു ജനതയെന്ന നിലയ്ക്ക് പ്രവാസത്തിന്റെ അന്തമറ്റ കാണാച്ചരടുകളിൽനിന്ന് നാം സമ്പത്തിന്റെ ഒഴുക്കിനെ മാത്രം ശ്രദ്ധിക്കുന്നു. കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ യൌവ്വനമാർന്ന മൂന്നിലൊന്ന് വെളിയിലാണ്‌. മദിരാശി, ബാംഗളൂറ്‌, ബോംബെ, ഡൽഹി, മലേഷ്യ, സിംഗപ്പൂർ, ഗൾഫ്, യൂറോപ്പ്, അമേരിക്ക - ഇങ്ങനെ ലോകമെമ്പാടും അലഞ്ഞുതിരിയുന്ന ഒരു സമൂഹമായി കേരളീയർ. എല്ലാറ്റിനേയുംചേർത്ത് ഒറ്റയടിക്ക് പ്രവാസമെന്ന് വിളിക്കുമ്പോൾ പ്രവാസത്തിന്റെ വൈവിധ്യത്തെയും വൈജാത്യത്തെയും ബോധപൂർവ്വം നാം കണ്ടില്ലെന്ന് നടിക്കുകയാണ്‌ ചെയ്യുന്നത്. നമ്മുടെ സാംസ്കാരിക മനസ്സിൽ വിവിധതരം പ്രവാസങ്ങൾ വിവിധതരത്തിലേല്പിക്കുന്ന സമ്മർദ്ദത്തെപ്പറ്റിയോ മൂല്യബോധത്തിലുണ്ടാക്കുന്ന കുഴമറിച്ചുകളെപ്പറ്റിയോ, അരനൂറ്റാണ്ട് കഴിഞ്ഞ പ്രവാസചരിത്രത്തെപ്പറ്റിയോ കൃത്യമായ ഒരു ഡോക്ക്യുമെന്റേഷൻ പോലും നമുക്കുണ്ടായില്ല. ഒരു പണമുൽ‌പ്പാദനയന്ത്രം എന്നതിനപ്പുറമുള്ള പ്രാധാന്യം സത്യം പറഞ്ഞാൽ, രാഷ്ട്രീയക്കാരോ ഭരണകൂടങ്ങളോ ഈ ജനതയെ ഇന്നോളം കണ്ടിട്ടില്ല. പ്രവാസം തന്നെ പലവിധമാണ്. ഗൾഫിലതിന് ശരീരവില്പന/അധ്വാനവില്പനയുമായാണ് സാദൃശ്യം. യൂറോപ്പിൽ, അമേരിക്കയിൽ അത്‌ പറിച്ചുനടലിന്റെ വേദനയാണ്. (ചിലപ്പോഴെങ്കിലും ആശ്വാസവും!)


കാലത്തെപ്പറ്റിയുള്ള ആഴത്തിലുള്ള റിപ്പോർട്ടിങ്ങ് എന്ന നിലക്ക് സാഹിത്യം പ്രവാസത്തെ എങ്ങനെ അടയാളപ്പെടുത്തി എന്നതിന് വളരെ പ്രാധാന്യമുണ്ട്‌. നൊസ്റ്റാൾജിയ ഒരു നിലവിളിയായിട്ടുണരുന്നതാണ് അവിടെ കാണാൻ കഴിയുന്നത്. നൊസ്റ്റാൾജിയയെ ഒരു പരിഹാസരൂപമായിട്ടെടുക്കുന്നതിൽ വിയോജിപ്പുള്ള ഒരാളാണ് ഞാൻ. കരച്ചിലിന്റെ ഒരുതരം വേഷപ്രശ്ചന്നതയാണത്‌. അതിൽ അമ്മയെ വിട്ടുപോകുന്ന കുഞ്ഞും, കുഞ്ഞ് വിട്ടുപോകുന്ന അമ്മയുമുണ്ട്‌. റീനി മമ്പലം ഈ വിഷയം വളരെ ഭംഗിയായി ഔട്ട്സോഷ്സ്ഡ് എന്ന കഥയിൽ കൊണ്ടുവരുന്നുണ്ട്‌. ഈ കഥയെ കേവലം മാതൃത്വത്തിന്റെ കഥയായി കാണാനല്ല എനിക്കു താല്പര്യം. പ്രവാസം അടിച്ചേല്പിക്കുന്ന അന്യവൽകരണമുണ്ട്‌. അത് ചെറിയ വിഷയമല്ല. ഈ വിഷയം വളരെ പ്രതീകാത്മകമായി ഈ കഥയിൽ നാം വായിക്കേണ്ടിയിരിക്കുന്നു.


പ്രവാസ രചനകൾ നോസ്റ്റാൽജിയക്കപ്പുറം പതുക്കെ വികസിച്ചു വരുന്നുണ്ട്‌. ഗൾഫിൽനിന്ന് ബെന്യാമീൻ എഴുതുമ്പോഴും കാനഡയിൽനിന്ന് നിർമ്മല എഴുതുമ്പോഴും ഇത് സംഭവിക്കുന്നത് നാം കാണുന്നു. മലയാള കവിതയിൽ അട്ടിമറികളുണ്ടാക്കിയവരിൽ പ്രമുഖനായ ചെറിയാൻ കെ. ചെറിയാൻ തന്റെ എഴുത്തിന്റെ രണ്ടാം ജന്മത്തിലൂടെ നടത്തുന്നതും (ഊമ എന്ന കഥാസമാഹരം നോക്കുക) ഇതു തന്നെ. ന്യൂയോർക്കിലിരുന്ന് സി. എം. സി വേറേ രൂപത്തിൽ ഇതിനെ ആവിഷ്ക്കരിക്കുന്നു. ജയൻ കെ. സി. റാഡിക്കലായി നിർവ്വഹിക്കുവാൻ ശ്രമിക്കുന്നതും ഇതുതന്നെ. ഫിലഡൽഫിയയിൽനിന്നുള്ള രണ്ട് എഴുത്തുകാരികളായ നീന പനയ്ക്കലും ലൈല അലക്സും സ്ത്രീപക്ഷരൂപങ്ങളെയാണ് തേടുന്നത്.


പ്രവാസസാഹിത്യത്തെപ്പറ്റി പറയുമ്പോൾ അതിൽ പെണ്ണെഴുത്തിന്റെ അടയാളങ്ങൾ കാര്യമായി ആരെങ്കിലും അന്വേഷിച്ചതായി അറിവില്ല. പ്രവാസത്തിന്റെ ഗാർഹികസമ്മർദ്ദങ്ങൾക്ക് ഏറെ വിധേയമാവുന്നത് സ്ത്രീ തന്നെയാണ്. നിർമ്മലയുടെ രചനകൾക്ക് ഈയർത്ഥത്തിൽ വലിയ സ്ഥാനമുണ്ട്‌. ആ നിരയിലാണ് റീനി മമ്പലത്തിന്റെ രചനകളും വന്നുനിൽക്കുന്നത്. ആഗോളതലത്തിൽത്തന്നെ ഭൂകമ്പങ്ങൾ സൃഷ്ടിച്ച ‘സെപ്തം‌ബർ 11‘ സ്ത്രീയെ എങ്ങനെ ബാധിച്ചുവെന്നറിയാൻ ‘സെപ്തം‌ബർ 14‘ എന്ന കഥ നോക്കുക. സാമൂഹ്യസാഹചര്യങ്ങൾ മനുഷ്യനെ നിയന്ത്രിക്കുന്നു. സെപ്തം‌ബർ 11 എല്ലാ സ്ത്രീയകത്തളങ്ങളിലും വിവിധതരം ഓളങ്ങളുണ്ടാക്കിയിട്ടുണ്ട്. റീനി എഴുതുന്നത് അവയിലൊന്നുമാത്രമാണ്. ദ്വന്ദങ്ങൾ തമ്മിലുള്ള സംഘർഷവും പ്രത്യുല്പാദനപരമായി ഒന്നും ഉല്പാദിപ്പിക്കുന്നില്ല എന്ന ആശങ്കയും ഈ എഴുത്തുകാരിയുടെ പ്രധാന ഭാവമാണ്. വന്ധ്യത എന്ന വിഷയം കഥകളിൽ നിരന്തര സാന്നിദ്ധ്യമായി വരുന്നതും ചേർത്തുവായിക്കേണ്ടതുണ്ട്. ഇതിന്റെ മാനസികാകാശം വളരെ വ്യക്തമാകുന്നത് ഔട്ട്സോഷ്സ്ഡ് എന്ന കഥയിലാണ്. ഈ കഥയ്ക്കു പറയാനുള്ളത് സ്വന്തം ഭാര്യയുടെ ഗർഭപാത്രം വാടകയ്ക്കുകൊടുത്ത് ഓട്ടോറിക്ഷ വാങ്ങേണ്ടിവന്ന ദിനേശന്റെയോ , വാടകഗർഭത്തിന് വിധേയമാവേണ്ടിവരുന്ന അയാളുടെ ഭാര്യ നിർമ്മലയുടെയോ, ഗർഭപാത്രം വാടകക്കെടുത്ത ഉഷയുടെയോ, അമേരിക്കൻ ഭർത്താവ് മാർക്കിന്റെയോ കഥയല്ല. പാരമ്പര്യത്തിന്റെ പറിച്ചുനടലിന്റെ കഥയാണിത്. പറിച്ചുനടലിന്റെ വേദനയാണ് നിർമ്മല എന്ന സാധാരണ സ്ത്രീയെ ഉപകരണമായെടുത്ത് എഴുത്തുകാരി നിർവ്വഹിക്കുന്നത്. സൂക്ഷിച്ചുനോക്കിയാൽ ഇതുമൊരു വാടകയ്ക്കെടുക്കലാണ്! തന്റെ പാരമ്പര്യം മറ്റെങ്ങോ വളരുന്നതിന്റെ വേദനയാണ് ഈ കഥ മറ്റൊരു കഥയുടെ പ്രശ്ചന്നവേഷത്തിൽ പറയുന്നത്. പ്രവാസിയുടെ ഭൂപടം വേറെയാണ്. ഓർമ്മകളിലാണ് അതിന്റെ യഥാർത്ഥ ഭൂപടം. ഇതേ പേരിലുള്ള കഥ നോക്കുക. സാങ്കേതികമായി റീനിയുടെ കഥകൾ റിയലിസത്തെയാണ് അവലംബിക്കുന്നതെങ്കിലും മനശ്ശാസ്ത്രപരമായി ഈ കഥകൾ യഥാതഥ കഥതന്നെ കേവലം ഉപാധിയാക്കി ഉപയോഗിക്കുകമാത്രമാണ്.


വ്യക്തിത്വമാർജ്ജിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ എന്നതും റീനിയുടെ പ്രധാന കഥാവിഷയമാണ്. ഇന്ത്യൻ യാഥാസ്ഥിതികമായ മൂല്യബോധത്തിൽത്തന്നെ വേരൂന്നിയാണ് ഇത്തരം കഥാപാത്രങ്ങൾ മനോഭാവങ്ങളെ തേടുന്നത്‌. റീനി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ ഐഡിയലിസ്റ്റുകളായ സ്ത്രീകളാണ് ഏറെയും. ഇത് യാദൃശ്ചികമല്ല. ‘ജീവിതത്തിൽ കർത്തവ്യങ്ങളും കടപ്പാടുകളും സ്നേഹത്തിന്റെ ഭാഗമാണ്‘ എന്ന് ശിശിരം എന്ന കഥയിൽ പറയുന്നുണ്ട്. പുരുഷനിൽ പിതൃഭാവത്തെയാണ് പ്രണയത്തിൽ‌പ്പോലും തേടാൻ ശ്രമിക്കുന്നത്. സ്ത്രീയെഴുതുമ്പോൾ എന്തുസംഭവിക്കുന്നു എന്നറിയാൻ മാധവിക്കുട്ടിയും സാറാ ജോസഫും നമുക്കുണ്ട്. ‘എഴുത്തിന്റെ വഴികൾ’ എന്ന കഥയിലെ നായിക മൂന്നാമതൊരാളെ (ഭർത്താവ്, മക്കൾ എന്നിവർക്കു പുറമെ) തേടി നിഗൂഢമായി അലയുന്നുണ്ട്. അത് സത്യത്തിൽ എഴുത്തിന്റെ വഴിയാണ്. വിനിമയം ചെയ്യാൻ ഇനിയും ബാക്കികിടക്കുന്ന ഒന്ന് അതിന്റെ വഴിയന്വേഷിക്കുകയാണ്. ആത്മാവിന്റെ വേറിട്ടൊരു വഴിയാണതു തുറക്കാൻ ശ്രമിക്കുന്നത്. ആത്മീയത എന്നുതന്നെ അതിനെ വിളിച്ചാലും കുഴപ്പമില്ല. അത് സത്യത്തിൽ, നഷ്ടപ്പെട്ട ഗർഭപാത്രമാണ്. ആദ്യം വിക്ടോറിയയായും അവർ നൽകിയ ചെടിയായും പിന്നീട് അജ്ഞാതനായ കാമുകനായും വന്നുചേരുന്നത് അതുതന്നെയാണ്. ഇനിയും വിനിമയം ചെയ്യപ്പെടാനാവാതെ നിൽക്കുന്ന ഒന്നിനെ വഹിച്ചുനടക്കുന്ന അവിശ്രമാവസ്ഥയുമാണത്. ഇത്തരമൊരു space സമൂഹഘടന അനുവദിക്കുന്നില്ല, പ്രത്യേകിച്ച് സ്ത്രീയ്ക്കുമേൽ. നീ ‘ഓവർ റിയാക്ട്’ ചെയ്യുന്നു എന്നു പുരുഷൻ പറയുന്നത് ഈ space ൽ അവൾ അരക്ഷിതയായിപ്പോകുമെന്ന ഭയം കൊണ്ടാണ്. “അഗാധമായൊരു കുഴൽക്കിണർപോലെയാണ് അവളുടെ റഫ്രിജറേറ്റർ. എത്ര ശ്രമിച്ചാലും അടിത്തട്ടുകാണുവാൻ സാധിക്കുന്നില്ല. ചീഞ്ഞളിഞ്ഞൊരു തക്കാളിയോ വേരുകൾ മുളച്ചുതുടങ്ങിയ ഉരുളക്കിഴങ്ങോ സവാളയോ ഫ്രിഡ്ജിൽ കാണാതിരിക്കില്ല” എന്ന് റീനി എഴുതുന്നത് സ്ത്രീയുടെ space ൽ നിന്നുകൊണ്ടുതന്നെയാണ്. “വേദനിക്കുന്ന മനസ്സ് ഈശ്വരനിലേക്കുള്ള ചൂണ്ടുപലകയാണ്. എഴുത്ത് ആത്മാവിന്റെ രോദനമാണ്” എന്നു റീനി എഴുതുമ്പോൾ അത് തന്റെ രചനാസങ്കൽ‌പ്പത്തിന്റെ മാനിഫെസ്റ്റോ ആയിത്തീരുകയാണ്. വൈകി കണ്ടുമുട്ടുന്ന പ്രണയിനികൾ എന്ന വിഷയം എഴുത്തുമായി ബന്ധപ്പെട്ടാണ് കഥയിൽ നിരന്തരമായി വരുന്നതെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ പ്രണയം ഉള്ളിൽ അടക്കിപ്പിടിച്ച ആത്മാവിഷ്ക്കാരത്തോടുള്ള അടുപ്പമാണ്. പ്രതികൂല സാഹചര്യത്തിലും വിള്ളൽ വീഴ്ത്തി ആത്മാവിഷ്ക്കാരത്തിന്റെ സൂര്യൻ നഷ്ടപ്രഭാതങ്ങളെ അന്വേഷിക്കുന്നതുമായിട്ടാണിതിനു സാദൃശ്യം. “തുറന്നിടാനാവില്ലെങ്കിൽ ജനാലകൾക്കൊണ്ട് എന്തു പ്രയോജനം?” ‘സെപ്തംബർ 14‘ ൽ കഥാപാത്രത്തെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നുണ്ട് എഴുത്തുകാരി. “എന്തിനാണ് ഇതൊക്കെ എഴുതിക്കൂട്ടുന്നത്? കുട്ടികൾക്ക് കാലത്തും നേരത്തും വല്ലതും ഉണ്ടാക്കിക്കൊടുക്കാൻ നോക്ക്” എന്ന് ‘എഴുത്തിന്റെ വഴികൾ’ എന്ന കഥയിലെ ഏറ്റവും ആധുനികമായ അമേരിക്കൻ ജീവിതത്തിലും ഇന്ത്യൻ യാഥാസ്ഥിതികയുടെ പുരുഷമേധാവിത്തകല്പനകളാണ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. സ്ത്രീയെ ഭർത്താവായും മകനായും ഹിംസ പിന്തുടരുന്ന ചിത്രം ‘സെപ്തംബർ 14‘ എന്ന കഥയിൽ കാണാം. സഞ്ജയ് അച്ഛൻ തന്നെയാണ് ഈ കഥയിൽ. സ്ത്രീയെ ചരിത്രസംഭവങ്ങൾക്കുപുറത്ത് നിർത്താനുള്ള പരോക്ഷ ശ്രമങ്ങൾ നിരന്തരമായി മലയാളി സമൂഹത്തിൽ സംഭവിക്കുന്നുണ്ട്. ഇതിൽ സ്ത്രീ പോലും തിരിച്ചറിയപ്പെടാത്ത മുഹൂർത്തങ്ങളാണ് ഏറെ.


പറിച്ചു നടപ്പെടുന്ന സംസ്കാരത്തിന്റെ വേദന, മുറുകെപ്പിടിക്കാൻ ശ്രമിക്കുന്ന നല്ലതും തിയ്യതുമായ പൈതൃകങ്ങൾ രഹസ്യമായി കൊണ്ടുനടക്കുന്ന പുരുഷകേന്ദ്രീകൃത സങ്കൽ‌പ്പനങ്ങൾ, ഇവയ്ക്കിടയിൽ ഞെരുങ്ങുന്ന സ്ത്രീയാലോചനകളുടെ പ്രശ്നപരിസരങ്ങൾ – റീനി എഴുതുമ്പോൾ ഇവയൊക്കെ കഥാപാത്രങ്ങളായും കഥാഭാവങ്ങളായും വേഷപ്പകർച്ചയാടുന്നുണ്ട്.


സ്ത്രീയെഴുതുമ്പോൾ, അത് അമേരിക്കയിലായാലും ഇന്ത്യയിലായാലും തീർച്ചയായും ജനാലകൾ തുറക്കാനായുക തന്നെയാണ്; കേരളീയ സമൂഹത്തിൽ പ്രത്യേകിച്ചും.



ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ജൂലൈ 28, 2010

1 Comments:

At May 15, 2011 9:32 AM, Blogger റീനി said...

എന്റെ റിട്ടേണ്‍ ഫ്ലൈറ്റ് എന്ന ചെറുകഥാസമാഹാരത്തിന്റെ അവതാരികയില്‍ ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവ് -

“പറിച്ചു നടപ്പെടുന്ന സംസ്കാരത്തിന്റെ വേദന, മുറുകെപ്പിടിക്കാൻ ശ്രമിക്കുന്ന നല്ലതും തിയ്യതുമായ പൈതൃകങ്ങൾ രഹസ്യമായി കൊണ്ടുനടക്കുന്ന പുരുഷകേന്ദ്രീകൃത സങ്കൽ‌പ്പനങ്ങൾ, ഇവയ്ക്കിടയിൽ ഞെരുങ്ങുന്ന സ്ത്രീയാലോചനകളുടെ പ്രശ്നപരിസരങ്ങൾ – റീനി എഴുതുമ്പോൾ ഇവയൊക്കെ കഥാപാത്രങ്ങളായും കഥാഭാവങ്ങളായും വേഷപ്പകർച്ചയാടുന്നുണ്ട്.

“സ്ത്രീയെഴുതുമ്പോൾ, അത് അമേരിക്കയിലായാലും ഇന്ത്യയിലായാലും തീർച്ചയായും ജനാലകൾ തുറക്കാനായുക തന്നെയാണ്; കേരളീയ സമൂഹത്തിൽ പ്രത്യേകിച്ചും.“

 

Post a Comment

<< Home