ഗൃഹലക്ഷ്മി
റീനി മമ്പലം
ഉറക്കച്ചടവുള്ള കണ്ണുകള്‍ പാതി തുറന്നപ്പോള്‍ ചുണ്ടില്‍ ചുംബനത്തിന്റെ ചൂട്. കരവലയത്തിനുള്ളില്‍ അമര്‍ന്നപ്പോള്‍ കാതുകളില്‍ മന്ത്രധ്വനി.
"ഹാപ്പി ബേര്‍ത്ത്ഡെ ലക്ഷ്മി"
പിന്നെ എന്തെല്ലാമോ കേള്‍ക്കുവാന്‍ മോഹിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. സ്നേഹം ഒരു കിഴിക്കുള്ളിലാക്കി മനസ്സിന്റെ ആഴങ്ങളില്‍ എവിടെയോ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഭര്‍ത്താവ്.വല്ലപ്പോഴും എടുത്തുകാട്ടിയാല്‍ ഞാന്‍ ആ കിഴി ഒരു നിധിപോലെ സ്വീകരിക്കും. "പൂവങ്കോഴിപോലെ കൂകി അറിയിക്കുവാനുള്ളതാണോ എന്റെ സ്നേഹമെന്ന്" ചോദിക്കുമ്പോള്‍ വാദിക്കുവാന്‍ ഒരുമ്പെടാറില്ല.
മണിയൊച്ചമുഴങ്ങിയപ്പോള്‍ അലാറംനിര്‍ത്തി എഴുന്നേറ്റു.കുട്ടികളെ കുലുക്കി വിളിച്ചുണര്‍ത്തി. സ്കുള്‍ബസ് കിട്ടാതെപോയാല്‍ കിടന്നുറങ്ങിയ സ്വെറ്റ്‌പാന്റ്‌സ് ധരിച്ച് കുട്ടികളെ സ്കൂളില്‍ കൊണ്ടിറക്കുവാന്‍ വയ്യ. പ്രത്യേകിച്ചും ഇന്ന് എന്റെ പിറന്നാള്‍ ദിവസമല്ലേ? കാലത്തെഴുന്നേറ്റ് കുളിച്ച്‌കുറിതൊട്ട് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ബെഡ്‌കോഫി കൊടുക്കേണ്ടവള്‍, ഞാന്‍, ഗൃഹലക്ഷ്മി.
സ്കൂള്‍ബസിന്റെ ഇരമ്പല്‍ കേട്ട് പാഞ്ഞിറങ്ങിയ കുട്ടികള്‍ പറഞ്ഞു,
"ഹാപ്പി ബേത്ത്ഡെ മാം. ഹാവ് എ നൈസ് ഡെ".
ആശംസകള്‍ പ്രവൃത്തിയില്‍ വരട്ടെ എന്നാഗ്രഹിച്ചു. ഭര്‍ത്താവിന്റെ രുചിക്കനുസരിച്ചുള്ള കറികള്‍ ഉണ്ടാക്കുവാനായി ഒരേവേവുള്ള പച്ചക്കറികള്‍ ഒരേ വലുപ്പത്തില്‍ മുറിച്ചുകൊണ്ട് എന്റെ നല്ലദിവസത്തിന് തുടക്കമിട്ടു. കുട്ടികള്‍ക്ക് എന്തെങ്കിലും 'നോര്‍മല്‍' ഭക്ഷണം ഉണ്ടാക്കണം. ഇന്ത്യന്‍ ഭക്ഷണമല്ലാത്തതെന്തും അവര്‍ക്ക് നോര്‍മല്‍.
ഉച്ചയോടടുത്തപ്പോള്‍ മനസ്സുപറഞ്ഞു, ഇന്നത്തെ നിന്റെ നല്ലദിവസത്തിന് പതിവുപോലെ ആവര്‍ത്തനവിരസത. ശേഷമുള്ള ദിവസമെങ്കിലും ആവര്‍ത്തനം ഒഴിവാക്കു.
മാളിലൂടെ വെറുതെ കറങ്ങിനടന്നു. സെന്റര്‍കോര്‍ട്ടില്‍ എന്തോകലാപരിപാടി നടക്കുന്നു. അഴികളില്‍ കയ്യൂന്നി പരിപാടികളില്‍ മിഴിനട്ട് വെറുതെനിന്നു.
"ഹലോ" ശബ്ദം കേട്ട വശത്തേക്ക് നോക്കി.
ഒരാള്‍ പരിചയപ്പെടുവാനുള്ള ഒരുക്കത്തോടെ എനിക്കുനേരെ കൈനിട്ടീ.
"ഞാന്‍ ലക്ഷ്മി"
"ഇന്ത്യനാണല്ലേ? ലക്ഷ്മി, നല്ല പേര്. എന്താണതിന്റെ അര്‍ത്ഥം?
അയാള്‍ വെറുതെവിടുവാനുള്ള ഭാവമില്ല.
"ഐശ്വര്യ ദേവത" മറുപടിനല്‍കി.
"ലക്ഷ്മി ഡോക്ടറാണോ"?
"അല്ല" ഒറ്റവാക്കില്‍ മറുപടികൊടുത്തു.
ഡോക്ടറാണെങ്കില്‍ ഞാനിനേരത്ത് മാളിലൂടെ കറങ്ങിനടക്കാതെ വല്ല ആശുപത്രിയിലും ജോലിചെയ്ത് കാശ് ഉണ്ടാക്കില്ലേ മരമണ്ടൂസെ- എന്ന് ചോദിക്കണമെന്ന് തോന്നി.
"മുഷിവ് തോന്നരുത്, ഇന്ത്യയില്‍നിന്നും ധാരാളം ഡോക്ടര്‍മ്മാരും എഞ്ചിനീയറന്മാരും ഇവിടെ വരുന്നതുകൊണ്ട് ചോദിച്ചതാണ്". അയാള്‍ തുടര്‍ന്നു.
"കമ്പൂട്ടറിനോട് ബെന്ധപ്പെട്ട ധാരാളം ജോലികള്‍ ഇപ്പോള്‍ നിങ്ങളുടെ നാട്ടിലാണല്ലോ നടക്കുന്നത്? ഞാനും അതേ ഫീല്‍ഡില്‍ ആയിരുന്നു.ഇന്ത്യന്‍ ആള്‍ക്കാരുടെ ബുദ്ധി ഈ നാട്ടിലേക്ക് ഇറക്കുമതിചെയ്യുവാന്‍ തുടങ്ങിയതോടെ ജോലിപോയൊരു ഹതഭാഗ്യനാണ് ഞാന്‍".
അയാളുടെ ജീവിതപുസ്തകം എന്റെ മുന്നില്‍ നിവര്‍ത്തിവായിക്കുമോ എന്ന് ഭയപ്പെട്ട ഞാന്‍ സഹതാപം അയാള്‍ക്ക് നേരെ ചൊരിഞ്ഞുകൊടുത്തു.
"ഭാര്യക്ക് ജോലിയുണ്ട്. അതുകൊണ്ട് പിടിച്ചുനില്‍ക്കുന്നു. വിന്ററില്‍ വീട്ടിലിരുന്ന് ബോറടിച്ചു.വാരാന്ത്യത്തില്‍ സ്കീയിങ്ങിന് പോകണമെന്നാഗ്രഹമുണ്ട്. അതിന് ഷോപ്പിങ്ങിനിറങ്ങിയതാണ്. ലക്ഷ്മി സ്കീ ചെയ്യുമോ? "
:ഇല്ല" എന്നു ഞാന്‍ പറഞ്ഞപ്പോള്‍ സഹതാപം നിഴലിച്ചത് അയാളുടെ മുഖത്തായിരുന്നു.
"പറയുവാന്‍ വിരോധമില്ലങ്കില്‍ ഞാനൊന്ന് ചോദിച്ചോട്ടേ, ഭര്‍ത്താവ് എന്തുചെയ്യുന്നു?"
"ഡോക്ടറാണ്" മറുപടികൊടുത്തു.
"നല്ല പ്രൊഫഷന്‍. ഡോക്ടേര്‍സ് ഭാഗ്യവാന്മാരാണ്.ലോകാന്ത്യം വരെ ഈ ഭൂമിയില്‍ രോഗികളുണ്ടാവും".
ജോലിയില്ലാത്തവന്റെ വാക്കുകള്‍.
"ലക്ഷ്മി, വിരോധമില്ലെങ്കില്‍ നമുക്കൊരു കപ്പ് കാപ്പികുടിക്കാം?"
എന്റെ ചിരിക്കിപ്പോഴും വശ്യതയുണ്ടെന്നും ആകാരത്തിന് വടിവുണ്ടെന്നും ഓര്‍മ്മിപ്പിക്കുമാറ് ഓര്‍ക്കാപ്പുറത്തൊരു ചോദ്യം.
വിരോധമുണ്ടന്നോ, സങ്കോചമുണ്ടന്നോ പറഞ്ഞില്ല. സൗഹാര്‍ദം പുരട്ടിയ ചിരിയെറിഞ്ഞു പറഞ്ഞു" വീട്ടിലെത്താനല്‍പ്പം തിടുക്കമുണ്ട്".
ഒരു സുഹൃത്ത്‌ബന്ധം എനിക്ക് ഞാന്‍തന്നെ നിഷേധിച്ച് തിരിഞ്ഞുനടക്കുമ്പോള്‍-
"ഹാവ് എ നൈസ് ഡേ ലക്ഷ്മി".
ഞാന്‍ എഞ്ചിനീയറോ, ഡോക്ടറോ അല്ല. അതിനുമുപരിയായി സ്കി ചെയ്യുവാനുമറിയില്ല. എങ്കിലും ഞാനിപ്പോള്‍ വെറും ലക്ഷ്മിയല്ല, ഡോക്ടര്‍ ഭര്‍ത്താവുള്ള ഭാഗ്യലക്ഷ്മിയാണ്. എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത് ഒരമ്മയുടെയും ഭാര്യയുടെയും നിസ്സാരവും അതേസമയം സങ്കിര്‍ണവുമായ ജോലിയും കര്‍ത്തവ്യങ്ങളും മാത്രം.
"ലക്ഷ്മി, അധികം പ്രതീക്ഷകള്‍ പാടില്ല, അപ്പോഴല്ലേ നിരാശയുണ്ടാവുക?. നിന്റെ സുഖദുംഖങ്ങളുടെ ഉത്തരവാദി നീ തന്നെ" ഭര്‍ത്താവിന്റെ കൂടെക്കൂടെയുള്ള വാക്കുകള്‍".
സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു ഡോളറിന് കിട്ടുന്ന അഞ്ച് ഏത്തക്കയെക്കുറിച്ചും ഇന്ത്യന്‍ കടയില്‍നിന്നും വാങ്ങുന്ന തുടുത്ത കോവക്കയെക്കുറിച്ചും എനിക്ക് അതീവമായി സന്തോഷിക്കുവാന്‍ കഴിയില്ലാത്തത് എന്റെ കുഴപ്പമെന്ന് എന്നെത്തന്നെ ബോധിപ്പിക്കുവാന്‍ ശ്രമിക്കുന്നു. മനസ്സിനിണങ്ങിയ കൂട്ടുകാരെ തിരയുന്നത് വെറുമൊരു വിനോദമെന്ന് എനിക്ക് തോന്നിയിട്ടില്ല.
എന്റെ ആത്മാവിന്റെ രോദനം എനിക്കെന്നും താരാട്ടാണ്.. മനസ്സിന്റെ ദാഹമകറ്റാന്‍ എവിടെയാണ് തിരയേണ്ടത്? അളവില്ലാത്ത സ്നേഹം മനസ്സിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ ആത്മാവിന്റെ ദാഹം സ്വാഭാവികമല്ലേ?
ചുറ്റും നോക്കി. തിരക്കുപിടിച്ച് ഓടിനടക്കുന്ന, സ്വയം സ്നേഹിക്കുന്ന കുറെ മനുഷ്യജീവിതങ്ങള്‍. ഓട്ടത്തിന്റെ അന്ത്യത്തില്‍ തളരുമ്പോള്‍ ഏതോ ഒരു നേഴ്സിങ്ങ്‌ഹോമില്‍ എരിഞ്ഞുതീരുന്ന ജീവിതം. ഇന്നെന്റെ ബേര്‍ത്ത്ഡെയാണ്. ആ വൃദ്ധസദനത്തിലേക്ക് ഒരുവര്‍ഷം കൂടി അടുത്തിരിക്കുന്നു.
പെര്‍ഫ്‌യൂം കടയില്‍ പൈസകൊടുത്തുകഴിഞ്ഞ് വാച്ചിലേക്ക് നോക്കിയപ്പോള്‍ നേരം ഒരുപാടായെന്ന് മനസ്സിലായി.
ഭര്‍ത്താവ് നേരത്തെ വീട്ടിലെത്തിയിരിക്കുന്നു. എന്റെ പിറന്നാള്‍ പ്രമാണിച്ച് രോഗികള്‍ അവധിയിലാണോ?
കുട്ടികള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു.
"അമ്മ എന്തേ വരുവാന്‍ വൈകുന്നതെന്നു ചിന്തിച്ച് ഞങ്ങള്‍ ആകെ വിഷമിച്ചിരിക്കയായിരുന്നു".
"ലക്ഷ്മി, നിനക്കൊന്ന് ഫോണ്‍ ചെയ്യാമായിരുന്നില്ലേ? കയ്യിലുള്ള സെല്‍ഫോണ്‍ ഓണാക്കിയിട്ടുകൂടേ? വെറുതെയെല്ലാവരെയും വിഷമിപ്പിച്ചതെന്തിനാ? നിന്റെ പിറന്നാള്‍ പ്രമാണിച്ച് ഡിന്നറിന് പുറത്തു പോകാമെന്നുകരുതി പേഷ്യന്‍സിനെ വൈകി എടുത്തില്ല"
ആ കണ്ണൂകളിലെ പരിഭ്രമം കെട്ടടങ്ങിത്തുടങ്ങിയിരുന്നു. മുഖത്ത് ഞാനിതുവരെ കണ്ടിട്ടില്ലാത്തൊരു ആദ്രത.
സങ്കീര്‍ണ്ണമല്ലാത്ത, കടമകള്‍ ഇല്ലാത്തൊരു ലോകത്തിലൂടെയുള്ള ഇന്നത്തെ എന്റെ നല്ല ദിവസത്തിന്റെ അന്ത്യത്തില്‍ എന്നിലെ ഗൃഹലക്ഷ്മിക്ക് കുറ്റബോധം തോന്നി.
ഇരുളിന്റെ പുതപ്പണിഞ്ഞ മുറിയില്‍ , എന്റെ കാതുകളില്‍ മന്ത്രധ്വനി മുഴങ്ങി "ഹാപ്പി ബേര്‍ത്ത് ഡേ ലക്ഷ്മി. നീയിന്നെന്നെ വളരെ പേടിപ്പിച്ചുവല്ലോ"
ഞാന്‍ ആ കരവലയത്തിലൊതുങ്ങി.
"നല്ല സുഗന്ധം, ഏത് പെര്‍ഫ്‌യൂമാണ്?"
സ്നേഹത്തിന്റെ കിഴി ഭര്‍ത്താവെനിക്കു വെച്ചുനീട്ടി. ആത്മാവിന്റെ ദാഹമകറ്റുന്ന തെളിനീര് ഞാന്‍ രുചിച്ചറിഞ്ഞു.
"ദേവേട്ടാ, ഈ സ്നേഹമെല്ലാം മനസ്സിന്റെ ആഴങ്ങളില്‍ പൂഴ്‌ത്തിവെച്ചിരുന്നാല്‍ പായലുപിടിച്ചുപോവില്ലേ"? ഞാന്‍ പകുതി കളിയായും കാര്യമായും ചോദിച്ചു.
17 Comments:
എന്റെ ആത്മാവിന്റെ രോദനം എനിക്കെന്നും താരാട്ടാണ്.. മനസ്സിന്റെ ദാഹമകറ്റാന്‍ എവിടെയാണ് തിരയേണ്ടത്? അളവില്ലാത്ത സ്നേഹം മനസ്സിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ ആത്മാവിന്റെ ദാഹം സ്വാഭാവികമല്ലേ?...
എന്റെ ഒരു ചെറുകഥ “ഗൃഹലക്ഷ്മി’. ബൂലോഗരെ, വായിച്ചാലും, അഭിപ്രായം അറിയിച്ചാലും....നന്ദി
nice story ...beautifully written .enjoyed reading .
another lakshmy ,i mean a homemaker
വിഷയത്തില്‍ പുതുമയില്ലെങ്കിലും വിവരണം കൊള്ളാം.
കഥാകഥനം ചടുലം, ഏച്ചുകെട്ടില്ലാതെ വളച്ചുകെട്ടില്ലാതെ ചെയ്തിരിക്കുന്നു.
അല്പം കൂടെ സംഘര്‍ഷാഭരിതവും ട്വിസ്റ്റ് ന്‍ ടേണിംഗ്സും ആവാമായിരുന്നുവോ എന്ന് തോന്നിപ്പോയി.
കഥയെഴുതുന്നതിനെപ്പറ്റി റീനിയുടെ കഥകളിലൂടെ കൂടുതല്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു.
കഥയെഴുതുന്നതിനെപ്പറ്റി റീനിയുടെ കഥകളിലൂടെ കൂടുതല്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു.
കഥ നന്നായിരിക്കുന്നു.ഭര്‍ത്താവ് തരുന്നതെന്തും അമൃദാണെന്ന് വിശ്വസിക്കുന്ന ഒരു വീട്ടമ്മയുടെ മൌനനൊമ്പരം.
എന്റെ ഗൃഹലക്ഷി എന്ന ചെറുകഥ വായിച്ച് അഭിപ്രായം പറഞ എല്ലാവര്‍ക്കും നന്ദി.
വല്ല്യമ്മായി നന്ദി. ശരിയാണ് വിഷയത്തില്‍ പുതുമയില്ല. മനുഷ്യന്‍ ജനിച്ചകാലം മുതല്‍ക്കെ വിരസത അവന് കൂട്ടല്ലേ?
ഏറനാടാ, നന്ദി. ലളിതമായൊരു സ്ത്രീയുടെ സ്നേഹിക്കുന്നവരെക്കുറിച്ചുള്ള നിര്‍ദോഷകരമായ പ്രതീക്ഷകള്‍. അത്രയെ ഉള്ളു.
നിരക്ഷരാ,നന്ദി. കഥയെഴുത്തിനെക്കുറിച്ച് ഞാന്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു. വലിയ കുളത്തിലെ ചെറുമീനുകള്‍, കുളം ഇപ്പോഴും അകലെത്തന്നെ!
യൂസുഫ്പ, നന്ദി. അങനെയൊന്നുമില്ല, അമൃതാണന്ന് പറയുന്നില്ല. ഒരു സ്ത്രീയുടെ, അമ്മയുടെ സ്നേഹിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനുമുള്ള അവകാശം. അതിന്റെ നൊമ്പരം.
Sneham purathuvaratte... Ella mangalangalum... Ashamsakal...!!!
Rini !!Good !!
RINI VERY GOOD STORY
ഹായി റിനി
ഞാന്‍ വെറുതെ ഇത് വഴി പോയതാണ് ...
കഥ കണ്ടു വെറുതെ ഒന്ന് ഓടിച്ചു നോക്കി...
അപ്പോള്‍ വായികണം എന്ന് തോന്നി.... വായിച്ചു...
ആര്‍ക്കും ഒന്ന് വായിക്കണം എന്ന് തോന്നുന്ന ശെലി..
നന്നായിട്ടുണ്റ്റ് .........
സ്നേഹപൂര്‍വ്വം ...
ദീപ്...........
ആദ്യമായാണ് റീനിയുടെ ബ്ലോഗ് കാണുന്നത്.ലളിതമായ സാഹിത്യ ശൈലിയില്‍ അനായാസമായി ലക്ഷ്മിയെ വരച്ചു കാണിച്ചു.
പാടവമുള്ള ഒരെഴുത്തുകാരിയെപോലെ
എന്റെ അഭിനന്ദനങ്ങള്‍
----ഫാരിസ്
നിരക്ഷരന്‍ വഴിയാണു ഇവിടെത്തിയത്.
മനസ്സിന്‍റെ ദാഹം ശമിക്കുക,സ്നേഹത്തിന്‍റെ
കരയോരത്തെത്തുമ്പോഴാ...ആത്മാവിന്‍റെ
രോദനം,ആത്മസംതൃപ്തിയാക്കിമാറ്റാന്‍ താരാട്ടുകള്‍
ധാരാളം !! മനസ്സിന്‍റെ ചെപ്പുകള്‍ തുറന്ന് വിട്ട
ഈ കഥയ്ക്ക് ജീവനുണ്ട് !
വൈകി ഒരുപാടെങ്കിലുമെന്‍റെ ആശംസകള്‍.
This comment has been removed by the author.
വളരെ ലളിതമായ എന്നാല്‍ വളരെ അനുഭവവേദ്യമായ ഒരു കഥ. നന്നായിട്ടുണ്ട്.
നന്നായി വായിക്കുന്ന ആളാണെന്ന് മനസ്സിലായി. യു. എസിലൊക്കെ മലയാളം പുസ്തകങ്ങള്‍ വാങ്ങാന്‍ കിട്ടുമോ? ആതോ ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ കൊണ്ടു പോകുമോ?
റീന ചേച്ചിക്ക് .......................................................................
കഥ നന്നായിട്ടുണ്ട്.....................
ലളിതം ......................................
മനോഹരം................................
ചേച്ചിയുടെ രണ്ടു കഥകള്‍ വായിച്ചു .........................................
രണ്ടിലും വിദേശത്തുള്ള രണ്ടു ഡോക്ടര്‍ കഥാപാത്രങ്ങളെ പരിചയപെട്ടു...........
രണ്ടു സ്ത്രീ കഥാപാത്രങ്ങളെയും................................................................................
സ്നേഹം ആഗ്രഹിച്ചിട്ടും വേണ്ടത്ര കിട്ടാതെ പോകുന്ന സ്ത്രീകള്‍ ...........................
കേട്ട് പരിചയമുള കഥാ തന്തു.
ആഖ്യാനം നന്നായിട്ടുണ്ട്...................................................
സാരഥി
Post a Comment
<< Home