പനയോലകള്‍

Tuesday, April 28, 2009

സ്നേഹം തേടുന്നവര്‍


സ്നേഹം തേടുന്നവര്‍

റീനി മമ്പലം


ഞാന്‍ രാവിലെ കടയിലേക്കു കയറുമ്പോള്‍ പടികളിലിരുന്ന്‌ ഒരു കൊച്ചുപെണ്‍കുട്ടി കല്ലുകൊത്തിക്കളിക്കുന്നു.

"സാറെ, ഇന്നൊന്നും കഴിച്ചില്ല, വല്ലതും തരണെ" എന്നുപറഞ്ഞ്‌ ആ കൊച്ചുകൈകള്‍ എന്റെ നേരെ നീളുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷെ, അവള്‍ എന്നെക്കണ്ടപ്പോള്‍ ഭവ്യതയോടെ എഴുന്നേറ്റുമാറി.

ഉച്ചതിരിഞ്ഞപ്പോള്‍ അവള്‍ ഇലക്കീറില്‍നിന്നും എന്തോ കഴിക്കുന്നതുകണ്ടു. അവളുടെയടുത്ത്‌ തന്റെ പങ്കിനായി കാത്തുനില്‍ക്കുന്ന തെരുവിലെ മറ്റൊരു ജന്മം. അവന്‍ അവളെ നോക്കി വാലാട്ടുകയും മുറുമുറുക്കുകയും ചെയ്തു. ഹൃദയത്തിന്റെ ലോലതലത്തില്‍ ആരോ മുള്ളിട്ടുവരഞ്ഞുവോ?

വൈകിട്ട്‌ കടപൂട്ടിയിറങ്ങുമ്പോള്‍ അവള്‍ പരിസരത്തെങ്ങാനുമുണ്ടോയെന്ന്‌ നോക്കി. കാണാതിരുന്നപ്പോള്‍ കൂടണയുവാന്‍ അവള്‍ക്കൊരുവീടുണ്ടന്ന്‌ കരുതി.

രാത്രിവിളക്കുകള്‍ തെളിഞ്ഞപ്പോള്‍ നഗരത്തിലെ തിരക്ക്‌ കുറഞ്ഞിരുന്നു. വഴിവിളക്കുകള്‍ പിന്നിലേക്ക്‌ തള്ളിമാറ്റി കാറ്‌ ഓടിക്കൊണ്ടിരുന്നു. ഞാന്‍ പാസ്സഞ്ചര്‍ സീറ്റിലേക്ക്‌ നോക്കി, മോള്‍ക്കുവേണ്ടി മിഠായിപ്പൊതികള്‍ വാങ്ങിച്ചിരുന്ന പതിവ്‌ നിര്‍ത്തിയതോര്‍ക്കാതെ.

സുതാര്യമായ ഓര്‍മ്മകളുടെ മറനീക്കി നോക്കി. പടികളില്‍ എന്നെയും കാത്തിരിക്കുന്ന മകള്‍.

"നീയിങ്ങനെ മുട്ടായിക്കൊതിച്ചിയായാല്‍ പല്ലുകള്‍ പുഴുതിന്നുപോവില്ലേ ലേഖമോളേ?" അവളെവാരിയെടുത്ത്‌ കറങ്ങിത്തിരിയുമ്പോള്‍ ഞാന്‍ ചോദിച്ചു.

ഉമ്മറത്തെ തിരിനാളം സൃഷ്ടിച്ച ഇന്ദുവിന്റെ നിഴലുകള്‍ ഭിത്തിയില്‍ ഇളകിയാടി.

അന്ന്‌ ജീവിതം സുന്ദരമായൊരു നദിയായി ഒഴുകിയിരുന്നു.

പിറ്റെദിവസം കടയിലേക്ക്‌ കയറുമ്പോള്‍ പെണ്‍കുട്ടി കടയുടെ പരിസരത്തുണ്ടായിരുന്നു.

മാടിവിളിച്ചപ്പോള്‍ സങ്കോചത്തോടെ അടുത്തുവന്നു,

"നിന്റെ പേരെന്താ"

"രമ"

കുളികഴിഞ്ഞ്‌ നനവുമാറാത്ത മുടി റിബണ്‍കൊണ്ട്‌ പിടിച്ചുകെട്ടിയിരുന്നു. ആവശ്യത്തിലധികം വലുപ്പമുള്ള നരച്ച ഉടുപ്പിന്‌ വൃത്തിയുണ്ടായിരുന്നു.

അധികമൊന്നും സംസാരിക്കാനാവാതെ ഞാനകത്തേക്ക്‌ കയറിപ്പോയി.

ഉച്ചയൂണുകഴിഞ്ഞപ്പോള്‍ ഇന്ദു ടിഫിനില്‍ കൊടുത്തയച്ച ലഡുവുമായി ഞാന്‍ പുറത്തേക്കിറങ്ങി, അവളെ വിളിച്ചു.

അടുത്തു വന്നപ്പോള്‍ ഞാന്‍ ലഡു അവളുടെ നേര്‍ക്ക്‌ നീട്ടി.

"ങൂ ങൂ" അവള്‍ വിസ്സമ്മതിച്ച്‌ തലയാട്ടി. എരിയുന്നവയറിലും ഔദാര്യം തേടരുതെന്ന്‌ അവള്‍ക്കു ആരോ പറഞ്ഞുകൊടുത്തിട്ടുണ്ടോ?.

ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവളതുവാങ്ങി. എന്നെനോക്കി പുഞ്ചിരിച്ചു. അവളുടെ ചിരി മുഖത്താകെ പടര്‍ന്നു. ആ ചിരി എന്നിലേക്കുംവ്യാപിച്ചു.

സന്ധ്യക്ക്‌ വീട്ടിലെത്തിയപ്പോള്‍ ഇന്ദു ഇരുട്ടിന്റെ കൂട്ടുകാരിയായി വെളിയിലേക്ക്‌ നോക്കി നില്‍ക്കുന്നു.

നക്ഷത്രക്കൂട്ടങ്ങളുടെ ഇടയില്‍ അവള്‍ ആരെ തിരയുന്നു?

ഇരുട്ടിന്റെ പുതപ്പണിഞ്ഞ വാഴക്കൂട്ടങ്ങളില്‍ പ്രിയമുള്ളവര്‍ മിന്നായംപോലെ വന്നുമറയുമോ?

"ഇന്ദു"

അവള്‍ അരികിലെത്തി എന്റെ തോളില്‍ തലചായ്ച്ചു.

ഞാന്‍ വീണ്ടും തളരുന്നുവോ?

"ഇന്ദു, നമുക്ക്‌ വീണ്ടും ഒരു കുട്ടി കൂടി, അല്ലെങ്കില്‍ ഒരു കുഞ്ഞിനെ അഡോപ്‌റ്റ്‌ ...."

മുഴുമിച്ചില്ല, അതിനുമുമ്പേ അവള്‍ പറഞ്ഞു "നിങ്ങള്‍ക്ക്‌ അവളെ മറക്കുവാന്‍ ഇത്ര ധൃതിയായോ?" വാക്കുകള്‍ക്ക്‌ വളരെ മൂര്‍ച്ചയുണ്ടായിരുന്നു.

നിന്റെ ദുഖം എന്റെ സത്യമാണ്‌. നിന്റെ സന്തോഷം എന്റെ കര്‍മ്മമാണ്‌. നിന്റെ ജീവിതം എന്റെ അവകാശവും. ഞാനവളെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നുവെന്ന് എനിക്കുറപ്പായിരുന്നു. ഇരുട്ട്‌ ഞങ്ങളുടെ വികാരങ്ങളെ മറച്ചുവെച്ചു. ഇരുട്ടിനെ ഞാനിഷ്ടപ്പെട്ടു.

കടയുടെ പരിസരത്തുകണ്ട പെണ്‍കുട്ടിയെക്കുറിച്ച്‌ അവളോടുപറയണമെന്നുതോന്നി.

കുട്ടികളെക്കുറിച്ചുള്ള സംസാരം ഒഴിവാക്കുന്നതാണുനല്ലതെന്ന്‌ മനസ്സുപറഞ്ഞു.

രാവിലെ പറമ്പിലൂടെ നടക്കുമ്പോള്‍ ഒരുവാഴയിലവെട്ടി രഹസ്യമായി ഡിക്കിയിലിട്ടു.

"ഇന്ദു, ഇന്ന് അല്‍പ്പം കൂടുതല്‍ ചോറും കറികളും ടിഫിനില്‍ പാക്കുചെയ്യു. കഴിക്കുമ്പോള്‍ ആവശ്യത്തിനാകുന്നില്ല എന്നൊരുതോന്നല്‍.

അന്ന്‌ രാവിലെ കടയുടെ പരിസരത്ത്‌ പെണ്‍കുട്ടിയെ കാണാതിരുന്നപ്പോള്‍ നിരാശ തോന്നി. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍ ഉളവാകുന്ന ശൂന്യതയെ ഞാന്‍ ഭയന്നു. അതുകൊണ്ടാവാം പെണ്‍കുട്ടി ആരെന്നോ എവിടെ നിന്നെന്നോ ഞാനറിയാതെ പോയത്‌.

മിച്ചംവന്ന ചോറും കറികളും നായ തിന്നുന്നത്‌ നോക്കിനിന്നതിനുശേഷം വൈകിട്ട്‌ കടപൂട്ടി ഞാനിറങ്ങി.

വിഷുക്കണി കാണുന്ന സന്തോഷത്തോടെ പിറ്റേന്ന്‌ രാവിലെ ഞാനവളെ കണ്ടു.

"രമേ, ഇന്നലെ എവിടെയായിരുന്നു?"

"ഇന്നലെ ഏട്ടന്‌ പനിയായിരുന്നു. അതോണ്ട്‌` വീട്ടിലിരുന്നു. ദാ, ആ ചായക്കടയില്‍ പാത്രംകഴുകണ പണിയാ ഏട്ടന്‌" എതിര്‍വശത്തുള്ള ചായക്കടചൂണ്ടിയവള്‍ പറഞ്ഞു.

"നിനക്ക്‌ വീട്ടില്‍ വേറെ ആരൊക്കെയുണ്ട്‌?" എന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു.

"അമ്മയുണ്ട്‌"

"അഛന്‍?"


"അഛന്‍ മരിച്ചുപോയി. ട്രെയിനിന്റെ അടിയില്‍ തലവെച്ചു"

ഞാന്‍ അവളെത്തന്നെ നോക്കിനിന്നു.

"അഛന്‌ സൂക്കേടായിക്കിടന്നപ്പോ ഞനെന്നും വിശന്നു കരയുമായിരുന്നു. ഒരുദിവസം ഞാന്‍ കരഞ്ഞപ്പോ അഛന്‍ ഇറങ്ങിപ്പോയി, എന്നിട്ട്‌ റെയിലില്‌ തലവച്ചു".

കഥ പറയുന്ന ലാഘവത്തോടെ അവള്‍ പറഞ്ഞു.

ഞാനവളുടെ അഛന്റെ ചിതറിയ ദേഹം മനസ്സില്‍നിന്നു മാറ്റിയിടുവാന്‍ ശ്രമിച്ചു.

"നിനക്ക്‌ വിശക്കുന്നുണ്ടോ?"

"ഇല്ല, അമ്മ ഇപ്പോ കല്‍പ്പണിക്ക്‌ പോവണോണ്ട്‌ എനിക്ക്‌ വിശക്കണില്ല".

ഞാനപ്പോള്‍ അകലത്തിലല്ലാത്ത പഴയൊരു ദിവസത്തിലേക്ക്‌ ഓടിപ്പോയി...

അന്ന്‌ മോള്‍ക്ക്‌ അവധിക്കാലമായിരുന്നതിനാല്‍ ഇന്ദുവിന്റെ ആഗ്രഹപ്രകാരമാണ്‌ ഞങ്ങള്‍ മൂന്നാറിലേക്ക്‌ പോയത്‌. നീലക്കുറിഞ്ഞികളുടെ നാട്ടിലേക്ക്‌ കാര്‍ മലകയറിക്കൊണ്ടിരുന്നു. ഇന്ദുവിന്റെ ഊറിച്ചിരിക്കുന്ന മുഖം എന്റെ തോളിലേക്ക്‌ ചേര്‍ന്നിരുന്നു. മൂന്നാറിലെ കാറ്റിലേക്ക്‌ തലയിട്ട്‌ ലേഖ വായുവില്‍ ചിത്രങ്ങള്‍ വരച്ചും മായിച്ചും കൊണ്ടിരുന്നു.

തിരികെവരുംവഴി എല്ലാവരും ക്ഷീണിച്ചിരുന്നു. ഇന്ദു എന്റെ തോളില്‍ തലചായ്ച്ച്‌ ഉറങ്ങി. ലേഖ തനിയെ പാട്ടുപാടിയിരുന്നതിനുശേഷം ഉറങ്ങിത്തുടങ്ങി. എന്റെ കണ്ണുകളും ഒരുനിമിഷത്തേക്ക്‌ അടഞ്ഞുവോ?

മലഞ്ചെരിവുകള്‍ ആ ദിവസം കരഞ്ഞിരിക്കണം. എന്റെ ആത്മാവിന്റെയൊരംശം ആ മലയിടുക്കുകളില്‍ എനിക്കുനഷ്ടമായി. ഒരിക്കലെങ്കിലും ഇന്ദുവെന്നെ കുറ്റപ്പെടുത്തിയിരുന്നുവെങ്കില്‍ എന്ന്‌ ഞാനെത്രതവണയാഗ്രഹിച്ചു.

ലേഖ എന്റെമുന്നില്‍ നില്‍ക്കുന്നതായി എനിക്കുതോന്നി.

"നീയെന്റെകൂടെ വീട്ടിലേക്ക്‌ വരുന്നോ?"

"ഇല്ല, ഞാന്‍ വന്നാല്‍ അമ്മക്ക്‌ സങ്കടാവും"

ഇനിയൊരമ്മയും ഞാന്‍ നിമിത്തം ദുഖിക്കാന്‍ പാടില്ല. ഞാന്‍ അവളുടെ തലയില്‍ തലോടി.

അകത്തുപോയി അവളുടെ പാകത്തിലുള്ള രണ്ടുടുപ്പുകളുമായി തിരികെ വന്നു. ഉടുപ്പുകള്‍ അവളുടെ നേരെ വച്ചു നീട്ടി.

അവള്‍ മടിക്കാതെ വാങ്ങി.

"ഹായ്‌, നല്ല ഉടുപ്പ്‌"

അവളുടെ കണ്ണുകളില്‍ തെളിഞ്ഞ മഴവില്ലിന്‌ ഏഴിലേറെ വര്‍ണ്ണങ്ങള്‍ ഉണ്ടെന്നെനിക്ക്‌ തോന്നി.

ഒരുടുപ്പ്‌ ദേഹത്തുചേര്‍ത്തുപിടിച്ച്‌ എന്നെനോക്കി ചിരിച്ചു.

അവളെന്നെ കെട്ടിപ്പിടിച്ചുചോദിച്ചു "ഞാന്‍ അച്ഛാന്ന്‌ വിളിച്ചോട്ടെ?"