പനയോലകള്‍

Sunday, September 24, 2006

ഇന്നലെ വിരിഞ്ഞൊരു സുന്ദരിപ്പൂവ്‌
വേനല്‍ക്കാലത്തിന്റെ അവസാനം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഇന്നലെ വിരിഞ്ഞൊരു സുന്ദരിപ്പൂവ്‌.

ഈ ചെടിയെ ഞങ്ങള്‍ കൃഷ്‌ണച്ചെടി എന്ന്‌ വിളിക്കുന്നു. ശ്രീകൃഷ്ണനും പതിനാറായിരത്തിയെട്ടു ഭാര്യമാരും (stamen and stigma) ആണെന്നാണ്‌ വെപ്പ്‌. രാത്രിയില്‍ വിരിയുന്നതിനാല്‍ നിശാഗന്ധിയെന്നും വിളിക്കുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ വീട്ടില്‍ നിന്നും കസ്റ്റംസിനെ കബളിപ്പിച്ച്‌ ഒരില കൊണ്ടുവന്നതാണ്‌. രാത്രി 8 മണിക്കു്‌ സൌരഭ്യം പരത്തി പൂര്‍ണ്ണമായും വിടരുകയും പാതിരാത്രിയാവുമ്പോഴേക്കും ഈ നിശാസുന്ദരിമാര്‍ കൂമ്പിത്തുടങ്ങുകയും ചെയ്യുന്നു. ക്ഷണികമായൊരു ജീവിതത്തിന്‌ ഇത്രയും സൌന്ദര്യം വേണോ എന്ന്‌ ചിന്തിപ്പിച്ചുകൊണ്ട്‌.

Monday, September 18, 2006

വട്ടന്‍ തേങ്ങ


സായിപ്പിന്റെ നാട്ടിലെ തേങ്ങ. ഡിസൈനര്‍ ലേബലുള്ള സൂട്ടുമിട്ട്‌. രണ്ടുദിവസം മുന്‍പ്‌ കടയില്‍ നിന്ന്‌ കിട്ടിയതാണ്‌. കൂട്ടത്തില്‍ പൊട്ടിക്കുവാനുള്ള നിര്‍ദ്ദേശവും. കൃത്യം നടുവെ പൊട്ടുന്നതിന്‌ ചുറ്റും വരഞ്ഞിരിക്കുന്നു. ഉടുപ്പുള്ളതുകൊണ്ട്‌ പൊട്ടിച്ചിതറുകയുമില്ല. ഈ സൂത്രത്തില്‍ വിലയും കൂട്ടി. രണ്ടു ഡോളര്‍. താമസിയാതെ കേരളത്തിലും ഈ വേഷത്തില്‍ പ്രത്യക്ഷപ്പെടുമായിരിക്കും.

Sunday, September 03, 2006

ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍

ഓണസദ്യ കഴിഞ്ഞാല്‍ ഓടുന്നത്‌ ഊഞ്ഞാലുകെട്ടിയിരിക്കുന്ന വരിക്കപ്ലാവിന്റെ ചുവട്ടിലേക്കാണ്‌. അവിടെനിന്നാല്‍ ഞങ്ങള്‍ കുട്ടികളുടെ കണ്ണുകള്‍ അതിനുപുറകിലായി താമസിക്കുന്ന പൊന്നമ്മയുടെ വീട്ടിലേക്കായിരിക്കും. അവരുടെ വീട്ടുമുറ്റത്ത്‌ പൊന്നമ്മയുടെയും ദേവയാനിയുടെയും നേതൃത്വത്തില്‍ തുമ്പിതുള്ളലും തിരുവാതിരയും നടക്കുന്നുണ്ടാവും. ദൂരെ പുരുഷന്മാര്‍ പകിടകളിക്കുന്നതിന്റെ ബഹളം കേള്‍ക്കാം.

അടുത്തുള്ള തെങ്ങിന്‍തോപ്പ്‌ ചുറ്റുമുള്ള കുടിലിലെ കുട്ടികളുടെ കലാവേദിയായി മാറും. ഒരിക്കല്‍ മരച്ചീനിത്തണ്ടില്‍ വെള്ളക്ക കുത്തിവെച്ചുണ്ടാക്കിയ മൈക്കിലുടേ ഉണ്ടക്കണ്ണുള്ള സോമന്‍ നടത്തിയ കഥാപ്രസംഗവും ശശിയും ഭാസ്ക്കരനും നടത്തിയ പാട്ടുകച്ചേരിയും ഞങ്ങള്‍ ആസ്വദിച്ചു. ഞങ്ങള്‍ക്കും ആ കുട്ടിസംഘത്തിന്റെ കൂടെ കൂടണമെന്നുണ്ടായിരുന്നു. പക്ഷെ.......

ഞങ്ങളും വിട്ടില്ല. പടിഞ്ഞാറെ തിണ്ണയില്‍ കസേര വലിച്ചിട്ട്‌ വേദിയൊരുക്കി. കഥാപ്രസംഗവും പാട്ടുകച്ചേരിയും നടത്തി. തെങ്ങില്‍തോപ്പിലെ കുട്ടിസംഘത്തിനെപ്പോലെ ഞങ്ങള്‍ക്ക്‌ പ്രേക്ഷകര്‍ ഇല്ലായിരുന്നു. മുറ്റത്തുകെട്ടിയിരുന്ന കറുമ്പന്‍പട്ടിമാത്രം ഞങ്ങളെ പ്രോത്സാഹിപ്പിച്ചും പ്രതിഷേധിച്ചും ഇടക്കിടെ കുരച്ചുകൊണ്ടിരുന്നു.

ഈ ഓര്‍മ്മകള്‍ കഴിഞ്ഞുപോയകാലം കയ്യൊപ്പിട്ടുതന്ന പത്രികപോലെ ഞാനിന്നും എന്റെ മനസ്സില്‍ സൂക്ഷിക്കുന്നു. അതിലൊന്നമര്‍ത്തിപ്പിടിച്ചാല്‍ പൂക്കളത്തിലുണ്ടായിരുന്ന തെച്ചിയും രാജവല്ലിയും എന്റെ കൈക്കുള്ളിലുണ്ടെന്നുതോന്നും. അന്നത്തെ ഊഞ്ഞാല്‍ക്കയറിന്റെ പരുപരുപ്പ്‌ എന്റെവിരലുകളില്‍ അനുഭവപ്പെടും.

ഇന്നെനിക്കാ വീടില്ല. കുറെ ഓര്‍മ്മകള്‍ മാത്രം.