പനയോലകള്‍

Sunday, September 03, 2006

ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍

ഓണസദ്യ കഴിഞ്ഞാല്‍ ഓടുന്നത്‌ ഊഞ്ഞാലുകെട്ടിയിരിക്കുന്ന വരിക്കപ്ലാവിന്റെ ചുവട്ടിലേക്കാണ്‌. അവിടെനിന്നാല്‍ ഞങ്ങള്‍ കുട്ടികളുടെ കണ്ണുകള്‍ അതിനുപുറകിലായി താമസിക്കുന്ന പൊന്നമ്മയുടെ വീട്ടിലേക്കായിരിക്കും. അവരുടെ വീട്ടുമുറ്റത്ത്‌ പൊന്നമ്മയുടെയും ദേവയാനിയുടെയും നേതൃത്വത്തില്‍ തുമ്പിതുള്ളലും തിരുവാതിരയും നടക്കുന്നുണ്ടാവും. ദൂരെ പുരുഷന്മാര്‍ പകിടകളിക്കുന്നതിന്റെ ബഹളം കേള്‍ക്കാം.

അടുത്തുള്ള തെങ്ങിന്‍തോപ്പ്‌ ചുറ്റുമുള്ള കുടിലിലെ കുട്ടികളുടെ കലാവേദിയായി മാറും. ഒരിക്കല്‍ മരച്ചീനിത്തണ്ടില്‍ വെള്ളക്ക കുത്തിവെച്ചുണ്ടാക്കിയ മൈക്കിലുടേ ഉണ്ടക്കണ്ണുള്ള സോമന്‍ നടത്തിയ കഥാപ്രസംഗവും ശശിയും ഭാസ്ക്കരനും നടത്തിയ പാട്ടുകച്ചേരിയും ഞങ്ങള്‍ ആസ്വദിച്ചു. ഞങ്ങള്‍ക്കും ആ കുട്ടിസംഘത്തിന്റെ കൂടെ കൂടണമെന്നുണ്ടായിരുന്നു. പക്ഷെ.......

ഞങ്ങളും വിട്ടില്ല. പടിഞ്ഞാറെ തിണ്ണയില്‍ കസേര വലിച്ചിട്ട്‌ വേദിയൊരുക്കി. കഥാപ്രസംഗവും പാട്ടുകച്ചേരിയും നടത്തി. തെങ്ങില്‍തോപ്പിലെ കുട്ടിസംഘത്തിനെപ്പോലെ ഞങ്ങള്‍ക്ക്‌ പ്രേക്ഷകര്‍ ഇല്ലായിരുന്നു. മുറ്റത്തുകെട്ടിയിരുന്ന കറുമ്പന്‍പട്ടിമാത്രം ഞങ്ങളെ പ്രോത്സാഹിപ്പിച്ചും പ്രതിഷേധിച്ചും ഇടക്കിടെ കുരച്ചുകൊണ്ടിരുന്നു.

ഈ ഓര്‍മ്മകള്‍ കഴിഞ്ഞുപോയകാലം കയ്യൊപ്പിട്ടുതന്ന പത്രികപോലെ ഞാനിന്നും എന്റെ മനസ്സില്‍ സൂക്ഷിക്കുന്നു. അതിലൊന്നമര്‍ത്തിപ്പിടിച്ചാല്‍ പൂക്കളത്തിലുണ്ടായിരുന്ന തെച്ചിയും രാജവല്ലിയും എന്റെ കൈക്കുള്ളിലുണ്ടെന്നുതോന്നും. അന്നത്തെ ഊഞ്ഞാല്‍ക്കയറിന്റെ പരുപരുപ്പ്‌ എന്റെവിരലുകളില്‍ അനുഭവപ്പെടും.

ഇന്നെനിക്കാ വീടില്ല. കുറെ ഓര്‍മ്മകള്‍ മാത്രം.

13 Comments:

At September 03, 2006 11:16 AM, Blogger റീനി said...

ഓണസദ്യകഴിഞ്ഞാല്‍ ഓടുന്നത്‌ ഊഞ്ഞാലുകെട്ടിയിരിക്കുന്ന വരിക്കപ്ലാവിന്റെ ചുവട്ടിലേക്കാണ്‌. അവിടെനിന്നാല്‍ ഞങ്ങള്‍ കുട്ടികളുടെ കണ്ണൂകള്‍ അതിനുപുറകിലായി താമസിക്കുന്ന പൊന്നമ്മയുടെ വീട്ടിലേക്കായിരിക്കും.

ഒരു ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍

 
At September 03, 2006 11:28 AM, Blogger വളയം said...

ഓര്‍മ്മകളുടെ കുത്തൊഴുക്കാണല്ലോ ഓണം. ഗ്‌റ്‌ഹാതുരതയുടെ, നഷ്ടങ്ങളുടെ, നൊമ്പരങ്ങളുടെ ഓര്‍മ്മകള്‍....

“ഓര്‍മ്മകളുണ്ടായിരിക്കണം, അല്ലെങ്കി-
ലാതിര വരുന്നതെങ്ങിനെയറിഞ്ഞു നാം സഖീ..”

നല്ല കുറിപ്പുകള്‍.

 
At September 03, 2006 7:17 PM, Blogger അനംഗാരി said...

റീനി, ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി. ഓണനാളില്‍ പോലും പട്ടിണികിടക്കുന്നവരെ കുറിച്ചോര്‍ക്കൂ.ഈ ഓണം അവര്‍ക്കുള്ളതാവട്ടെ.

 
At September 03, 2006 8:55 PM, Blogger പുള്ളി said...

എന്റെൊക്കെ കുട്ടിക്കാലമായപ്പോഴെക്കും ഓണാഘോഷകമ്മിറ്റികള്‍ മൊതക്കച്ചവടം ചെയ്യുന്ന മട്ടായി നാട്ടീലെ കാര്യങ്ങളെല്ലാം. കുട്ടികള്‍ വലുതാവുന്നതനുസരിച്ചു്‌ കമ്മിറ്റികള്‍ മാറുന്നു അത്ര മാത്രം.
"മരച്ചീനിത്തണ്ടില്‍ വെള്ളക്ക കുത്തിവെച്ചുണ്ടാക്കിയ മൈക്കിലുടേ..." ഓര്‍മ്മ പങ്കുവെച്ചതിനു നന്ദി.

 
At September 04, 2006 1:06 AM, Blogger Peelikkutty!!!!! said...

ഒന്ന് …രണ്ട് …പറമ്പിലെ മാവിൽക്കെട്ടിയ ഊഞ്ഞാലിലേക്ക് ഓർമ്മയെ കൂട്ടിക്കൊണ്ടുപോയതിന് ,റിനീ....നന്ദി.

ഓണാശംസകൾ!

 
At September 04, 2006 1:33 AM, Blogger Rasheed Chalil said...

ഈ ഓര്‍മ്മകള്‍ കഴിഞ്ഞുപോയകാലം കയ്യൊപ്പിട്ടുതന്ന പത്രികപോലെ ഞാനിന്നും എന്റെ മനസ്സില്‍ സൂക്ഷിക്കുന്നു

കാലത്തിന്റെ കൈയ്യൊപ്പുകള്‍ മാറക്കാനാര്‍ക്കു കഴിയും. റീനി നന്നയിട്ടുണ്ട്
ഓണാശംസകളോടേ..

 
At September 04, 2006 7:55 AM, Blogger ശാലിനി said...

ഓണത്തെ കുറിച്ച് എത്ര പറഞ്ഞാലും , കേട്ടാലും, എഴുതിയാലും, വാ‍യിച്ചാലും മതിയാവില്ല.

 
At September 04, 2006 10:29 AM, Blogger റീനി said...

നന്ദി, വളയം ".അല്ലങ്കിലാതിര വരുന്നതെങ്ങിനെയറിഞ്ഞു നാം സഖി".....എനിക്ക്‌ പ്രിയപ്പെട്ട വരികളാണ്‌.
നന്ദി,കുടിയന്‍,പട്ടിണി കിടക്കുന്നവരേക്കുറിച്ചോര്‍ത്തുകൊണ്ട്‌.
നന്ദി, പുള്ളി. തെങ്ങിന്തോപ്പും മരച്ചീനിയുമൊക്കെ അപ്രത്യക്ഷമാവുകയാണന്നു തോന്നുന്നു.
നന്ദി, പീലിക്കുട്ടി. മാവില്‍ക്കെട്ടിയ ഊഞ്ഞാലിലാടുമ്പോള്‍ നീറു കടിച്ചിട്ടുണ്ടോ?
നന്ദി, ഇത്തിരിവെട്ടം, കാലത്തിന്റെ കയ്യൊപ്പുകള്‍ മാഞ്ഞുപോവില്ല. പത്രികകള്‍ കീറിപ്പോവുകയും ഇല്ല.
നന്ദി,കൈത്തിരി. വായില്‍ മാവില സാരമില്ല, മണ്ണൂ കയറാതിരുന്നാല്‍ മതിയായിരുന്നു.
നന്ദി, ശാലിനി. ഓണത്തിന്‌ ഒരു ദിവസ്സം കൂടിയുണ്ട്‌ കൂടുതല്‍ എഴുതൂ, വായിക്കു, പറയൂ.

എല്ലാവര്‍ക്കും ഓണാശംസകള്‍ വീണ്ടും.!!!

അമേരിക്കന്‍ മലയാളികള്‍ ലേബര്‍ ഡെ ആഹ്ലാദഭരിതമാക്കു!

 
At September 05, 2006 4:15 AM, Blogger ഏറനാടന്‍ said...

അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍!
റീനിയുടെ ഓണനാളുകള്‍ വായിച്ചപ്പോള്‍ രണ്ട്‌ പാട്ടുകള്‍ ഓര്‍മ്മയിലെത്തി. എനിക്കും ജിവിച്ച്‌ കൊതി തീരാത്ത എന്റെ തറവാടും നാടും നഷ്‌ടപ്പെട്ടു.

"ഓര്‍മ്മകളോടി കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കരമാവിന്‍ചുവട്ടില്‍.."
"ഓര്‍മ്മകളേ കൈവള ചാര്‍ത്തി
വരൂ വിമൂഖമാം വീഥിയില്‍..."

 
At September 05, 2006 9:58 AM, Blogger K.V Manikantan said...

റീനി,
ഓണത്തുമ്പികള്‍ മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ചിടുണ്ടേ..

 
At September 05, 2006 10:59 PM, Blogger റീനി said...

സങ്കുചിതമനസ്കാ......ഓണത്തുമ്പികള്‍ മൂന്നാമിടത്തില്‍ വന്നുകണ്ടതിന്‌ വളരെ സന്തോഷം. എഡിറ്റര്‍ക്ക്‌ ഒരു ഈമെയില്‍ അയച്ചിരുന്നു. ആ അപേക്ഷ എഡിറ്ററെ ഒന്നു ഓര്‍മ്മിപ്പിക്കുമോ? വളരെ നന്ദി. എന്നെ ഈമെയില്‍ contact ചെയ്യാമോ?

 
At September 16, 2006 1:53 AM, Blogger ചന്തു said...

പണ്ട് ഇതുപോലെ ഞാനും കുറെ കലാപരിപാടികള്‍ നടത്തിയിട്ടുന്റ്.

 
At September 17, 2006 3:11 AM, Blogger paarppidam said...

All are sweet memorys now. Now kerala is totally changed. see www.manalezhutthu.blogspot.com this blog you will give you different picture of onam and kerala.
(sorry i dont have malayalm software)

 

Post a Comment

<< Home