ഓര്‍മ്മകളുണര്‍ന്നപ്പോള്‍
നീണ്ടൊരു ഇടവേളക്കുശേഷം എന്റെ സഹപാഠി ഫോണില്‍ വിളിച്ചു.
"ഞാനും ഇവിടെ എത്തി. നിനക്ക് സുഖമല്ലേ?"
"നിനക്കും സുഖമല്ലേ" ഞാന്‍ അവനോട് ചോദിച്ചു.
പ്രവാസികളായ ഞങ്ങളുടെ ഇടയില്‍ നാട്ടുവിശേഷങ്ങളുടെ ചെണ്ടമേളം.
ലേഡീസ് ഹാളും, ഗ്രേറ്റ് ഹാളും കടന്ന്, വാകമരച്ചുവട്ടിലൂടെ നടന്ന് ഞങ്ങള്‍ പഴയ ക്യാമ്പസ് കയറിയിറങ്ങി. അവന്‍ ക്യാമ്പസിന്റെ മതില്‍ ചാരിനിന്ന് സംസാരിച്ചപ്പോള്‍ ഞാന്‍ സയന്‍സ് ക്ലാസ്സിലിരുന്ന് കേട്ടു.
ജൂനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന രണ്ടു കുട്ടികള്‍ തമ്മില്‍ വിവാഹിതരായെന്നും പെണ്‍കുട്ടി താമസിയാതെ മരിച്ചുവെന്നും കേട്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു.
"ജയക്ക് ലുക്കീമിയ ആയിരുന്നു".
നിമിഷനേരത്തെ ജീവിതത്തിനു ശേഷം, തീരത്തിന്റെ ഒരംശവുമായി മറഞ്ഞ തിരയായി അവളെന്റെയുള്ളില്‍ നിന്നു. വിധി മുന്‍കൂറായി മനസ്സിന്റെ ജാലകത്തിലൂടെ കണ്ടാല്‍ നാമെല്ലാം ജീവിക്കുവാന്‍ മടിക്കില്ലേ?
"ഈയിടെ നടന്ന തീവണ്ടിസ്ഫോടനത്തില്‍ എന്റെ സുഹൃത്തുണ്ടായിരുന്നു. അയാള്‍ മരിച്ചു. നീയറിഞ്ഞോ?" അവന്‍ ചോദിച്ചു.
"ഞാനറിഞ്ഞു"
"അയാള്‍ക്ക് നിന്നോടു സ്നേഹമായിരുന്നു. ആരാധനയായിരുന്നു"
ഓര്‍മ്മകള്‍ ചികഞ്ഞെടുത്തുകൊണ്ടു ഞാന്‍ ചോദിച്ചു, "പ്രണയമായിരുന്നില്ലല്ലോ?"
എന്റെ ശബ്ദത്തിന് പരിഹാസച്ചുവ. അന്ന് എന്റെ പിന്നാലെ കൂടിയിരുന്ന രണ്ടാംനിഴലിന് എന്നും ഒരേ നീളമായിരുന്നു.
"നിനക്ക് അയാളോട് അല്‍പ്പമെങ്കിലും സ്നേഹം തോന്നിയിട്ടില്ലേ?" അവന്‍ ചോദിച്ചു.
"ഇല്ല,.എനിക്കയാളോടു വെറുപ്പായിരുന്നു, കാണുന്നതുതന്നെ ദേഷ്യമായിരുന്നു".
മറുപടികൊടുക്കുവാന്‍ എനിക്കു ചിന്തിക്കേണ്ടിയിരുന്നില്ല.
"നീ അല്‍പ്പം ദയയോടെ സംസാരിക്കു. അയാളുടെ ആത്മാവിന് വിങ്ങലുണ്ടാക്കുന്ന വാക്കുകള്‍ നീ പറയുന്നു."
അവന്റെ ശബ്ദത്തിലെ വ്യസനവും ശാസനയും ഞാനറിഞ്ഞു. എനിക്കു കരച്ചില്‍ വന്നു, ഞാന്‍ പുറത്തേക്കു നോക്കി. എല്ലായിടത്തും ഇരുട്ടു പടര്‍ന്നിരുന്നു. ഞാന്‍ ഇരുട്ടില്‍ ഒറ്റക്കായി.
മരിച്ചുവെന്ന കാരണത്താല്‍ ഒരാളെക്കുറിച്ചുള്ള തോന്നലുകള്‍ ഇല്ലാതാകുമോ? ആത്മാവ് എന്നെന്നുണ്ടോ? എങ്കില്‍ അവയ്ക്ക് വികാരങ്ങള്‍ ഉണ്ടോ?
യുഗാന്തരങ്ങളായി മനുഷ്യന്‍ ഉത്തരം തേടുന്ന ചോദ്യങ്ങള്‍. ഞാന്‍ അസ്വസ്തയായി. ഞാന്‍ ഞാനല്ലാതായി.
അകലെയെവിടെയോ ഒരു പൊട്ടിത്തെറിയുടെ ശബ്ദം. ചുടലപ്പറമ്പിലെന്നപോല്‍ ഉയരുന്ന തീനാളങ്ങള്‍. കരിയുന്ന സ്വപ്നങ്ങള്‍. "അമ്മേ"...'ഈശ്വരാ'..വായുവില്‍ മറ്റൊലി കൊള്ളുന്ന മനുഷ്യ ശബ്ദങ്ങള്‍.ശബ്ദങ്ങള്‍ക്ക് പല മുഖങ്ങള്‍. അവയില്‍ ഒന്നുമാത്രം ഞാന്‍ തിരിച്ചറിഞ്ഞു.
എന്റെ ചേതന മരിച്ചു. ഞാനെന്ന മനോഭാവത്തിന്റെ പുലകുളി കണ്ടു.
"നിന്റെ ഫോണ്‍ നമ്പര്‍ തരൂ, ഞാന്‍ നിന്നെ പിന്നീടു വിളിക്കാം". എന്റെ ശബ്ദം തളര്‍ന്നിരുന്നു.
നമ്പര്‍ എഴുതിയെടുത്ത് ഫോണ്‍ താഴെവെക്കുമ്പോള്‍ അവന്റെ മുറിഞ്ഞുപോയ ചോദ്യം. "സുമി, നിനക്കെന്തു പറ്റീ?"
ഓര്‍മ്മകള്‍ വേദനിപ്പിക്കുന്നു. വേദനകള്‍ മായുന്ന ഓര്‍മ്മകളായി മാറിയിരുന്നെങ്കില്‍! എനിക്ക് ഒറ്റക്കിരുന്ന് കുറച്ചുസമയം കരയണം. മരണത്തെക്കുറിച്ചോര്‍ത്ത്, മരിച്ചുപോയവരെക്കുറിച്ചോര്‍ത്ത്.
15 Comments:
നീണ്ടൊരു ഇടവേളക്കുശേഷം എന്റെ സഹപാഠി ഫോണില്‍ വിളിച്ചു. "ഞാനും ഇവിടെ എത്തി. നിനക്ക് സുഖമല്ലേ". ഇതാ.......ഓര്‍മ്മകളുണര്‍ന്നപ്പോള്‍.
എന്റെ ഒരു ചെറുകഥ . അഭിപ്രായം അറിയിക്കൂ.
വിധി മുന്‍കൂറായി മനസ്സിന്റെ ജാലകത്തിലൂടെ കണ്ടാല്‍ നാമെല്ലാം ജീവിക്കുവാന്‍ മടിക്കില്ലേ?
നന്നായി എഴുതിയിട്ടുണ്ട്
വിധിയുടെ കായ്യിലെ പാവകള്‍ അല്ലാതെ എന്തുപറയാന്‍. നന്നായിരിക്കുന്നു
നന്നായി എഴുതിയിരിക്കുന്നു. പക്ഷേ എവിടെയോ കൃത്രിമത്വം തോന്നി. എനിക്ക് മാത്രം തോന്നിയതാവാനും മതി. (അങ്ങനെ സംഭവിക്കാറുണ്ടേയ്..) :-)
:) മരിച്ച് ഒരാളെക്കുറിച്ച് നല്ലതേ പറയാവൂ എന്നൊരു രീതി ഉണ്ട്. ശരിയാവും. കാരണം അയാള്‍ക്ക് ഇനിയൊരു ശിക്ഷ കൊടുക്കാന്‍ നമുക്കാവില്ലല്ലോ. അപ്പോ നല്ലത് വിചാരിച്ച് നമ്മുടെ മനസ്സ് ശാന്തമാക്കുക.
നന്ദി..ഇത്തിരിവെട്ടം,...നന്ദി, വല്ല്യമ്മായി, എന്റെ "ഓര്‍മ്മകള്‍ ഉണര്‍ന്നപ്പോള്‍" ഉടനെ കമന്റിയതിന്.
വിധി മുന്‍കൂറായി മനസ്സിന്റെ ജാലകത്തിലൂടെ കണ്ടാല്‍ നാമെല്ലാം ജീവിക്കാന്‍ മടിക്കുന്നു... അതുകൊണ്ടല്ലേ ഞാന്‍ എപ്പോഴും ജാലകങ്ങള്‍ അടച്ചിട്ടിരിക്കുന്നത്.
റിനീ, കഥ കൊള്ളാം.
കഥ നന്നായിരിക്കുന്നു റീനി..എഴുത്തിന്റെ സ്റ്റൈലും ഇഷ്ടായി.
ഹൃസ്വം, ഹൃദ്യം
നന്ദി, ദില്‍ബാസുരന്‍.......
നന്ദി,......സു.......
എന്റെ "ഓര്‍മ്മകള്‍ ഉണര്‍ന്നപ്പോള്‍" വന്നു കണ്ടതിന്. സു,... പറഞ്ഞത് വളരെ ശരിയാണ്. മരിച്ചവരെപ്പറ്റി നല്ലതേ പറയാവു. അവരേ ശിക്ഷിക്കുവാന്‍ നമ്മുക്ക് അവകാശവും അനുവാദവും ഇല്ല.
ദില്‍ബാസുരന്‍,.......കൃത്രിമത്വം ഒഴിവാക്കാന്‍ ശ്രമിക്കാം അഭിപ്രായത്തിന് നന്ദി. കുറവുകള്‍ ചൂണ്ടിക്കാട്ടിയെങ്കിലല്ലേ കാണൂ.
നിങ്ങള്‍ ഇടക്കിടെ വന്നു സന്ദര്‍ശിച്ച് പോകൂ.....
നന്ദി, പുള്ളി. നന്ദി, അരവിന്ദ്. നന്ദി, കൈത്തിരി. നന്ദി, പരസ്പരം. "ഓര്‍മ്മകള്‍ ഉണര്‍ന്നപ്പോള്‍" എന്നെ സന്ദര്‍ശിച്ചതിനും കമന്റിയതിനും...
നിങ്ങളെയൊക്കെ കാണുന്നത് ഒരു സന്തോഷം. വീണ്ടും സന്ദര്‍ശിക്കു..കമന്റൂ.....
പരത്തിയെഴുതാമായിരുന്ന ഒരു വിഷയം വളരെ ചുരുക്കി മനോഹരമായെഴുതിയതിനു അഭിനന്ദനങ്ങള്‍....പറയാതെ പറഞ്ഞ പ്രണയത്തിന്റെ ആഖ്യാന്‍ ഭംഗിക്കും ഒരു തൂവല്‍....
നന്ദി അരവി, ആഖ്യാനത്തിന് ഒരു തൂവല്‍ തന്നതിന്. അഭിനന്ദനങ്ങള്‍ വിലപ്പെ
ട്ടവയാണ്.
നന്നായിരിക്കുന്നു റീനി.
വാകമരച്ചുവട്ടിലൂടെ നടന്ന് ഞങ്ങള്‍ പഴയ ക്യാമ്പസ് കയറിയിറങ്ങി. അവന്‍ ക്യാമ്പസിന്റെ മതില്‍ ചാരിനിന്ന് സംസാരിച്ചപ്പോള്‍ ഞാന്‍ സയന്‍സ് ക്ലാസ്സിലിരുന്ന് കേട്ടു.
ഇതു പ്രത്യേകം ഇഷ്ടമായി. :)
അദിത്യാ കമന്റിന് നന്ദി. ഞാനങ്ങനെയാ ചിലപ്പോള്‍. ഇപ്പോഴും കണ്ണടച്ചിരുന്നാല്‍ സയന്‍സ് ക്ലാസ്സും മതിലേല്‍ ചാരി നില്‍കൂന്നവരുടെ സംസാരവും കാണുന്നു, കേള്‍ക്കുന്നു.
അടുത്ത പോസ്റ്റ് ഇട്ടിട്ടുണ്ട്, കമന്റിയാലും.
Post a Comment
<< Home