പനയോലകള്‍

Thursday, August 31, 2006

ഓണത്തുമ്പി

അമ്മ പൂക്കളം ഒരുക്കിയപ്പോള്‍, വിരലുകളുടെ ചലനവും വളകളുടെ കിലുക്കവും ശ്രദ്ധിച്ച്‌ അപ്പുവിരുന്നു. അവനിറുത്തെടുത്ത പൂക്കളുടെ വര്‍ണ്ണമേള. അപ്പുവിന്‌ വളരെ സന്തോഷം തോന്നി. കൂട്ടുകാര്‍ ഉച്ചക്ക്‌ ഊണുകഴിക്കുവാന്‍ വരുന്നതുകൊണ്ട്‌ അമ്മ വളരെ തിരക്കിലാണിന്ന്‌. സെറ്റുമുണ്ടുടുത്ത്‌ നെറ്റിയില്‍ ചന്ദനക്കുറിയും വലിയ പൊട്ടും തൊടുമ്പോള്‍ അമ്മയെ കാണുവാന്‍ എന്തു ഭംഗി!

അമ്മ വീട്ടിനുള്ളിലേക്ക്‌ കയറിപ്പോയി. അപ്പു പൂക്കളം നോക്കിയിരുന്നു. മുറ്റത്തു പറന്നു നടക്കുന്ന ഭംഗിയുള്ള ശലഭങ്ങള്‍. അവനിലെ കലാകാരന്‍ ഉണര്‍ന്നു. പൂക്കളുടെ നിറങ്ങള്‍ ശലഭങ്ങളുടെ വര്‍ണ്ണപ്പൊട്ടുകളെ ഓര്‍മ്മിപ്പിച്ചു. അവനിഷ്ടമുള്ള രീതിയില്‍ പൂക്കള്‍ മാറ്റിമറിച്ചിട്ടു, കുളികഴിഞ്ഞ്‌ സെറ്റുമുണ്ടുടുത്ത്‌ അമ്മ മുറ്റത്തേക്ക്‌ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടില്ല.

"എന്താ, അപ്പൂ ഈ കാട്ടിയിരിക്കുന്നത്‌?" പൂക്കളത്തിലേക്കു നോക്കി അമ്മ ചോദിച്ചു.

അപ്പുവിന്‌ ചെറിയൊരു കിഴുക്കുകൊടുത്തിട്ട്‌ അമ്മ പൂക്കളം നേരെയാക്കി.

താന്‍ വരച്ച ചിത്രം ആരോ കീറിക്കളയുന്നപോലെ. അമ്മ കൊടുത്ത ശിക്ഷയേക്കാളേറെ അത്‌ അവനെ വേദനിപ്പിച്ചു.

"അപ്പു, ഇനിയും വികൃതിയൊന്നും കാട്ടിയേക്കരുത്‌". താക്കീതുനല്‍കി അമ്മ അകത്തേക്ക്‌ കയറിപ്പോയി.

ഇനി എന്തുചെയ്യണമെന്നറിയാതെ അപ്പു മുറ്റത്തു നിന്നു. ചെമ്പരത്തിയുടെ ചുവട്ടില്‍ കിടന്നുറങ്ങിയ ചക്കിപ്പൂച്ചയെ അവന്‍ വെറുതെ വിരട്ടിയോടിച്ചു. പൂക്കളത്തില്‍ വന്നിരുന്ന ഓണത്തുമ്പിയെ അപ്പോളാണവന്‍ ശ്രദ്ധിച്ചത്‌. തുമ്പി അമ്മയുടെ പൂക്കളം അലങ്കോലമാക്കിയാലോ? അവന്‍ മെല്ലെച്ചെന്ന്‌ തുമ്പിയുടെ വാലില്‍ പിടിച്ചു. നീണ്ടു മെലിഞ്ഞ കാലുകളും ചിറകുകളുമിട്ടടിച്ച്‌ തുമ്പി പ്രതിഷേധിച്ചു. അവന്‍ തുമ്പിയുടെ രണ്ടുചിറകിലും കൂട്ടിപ്പിടിച്ചു.

"അപ്പൂ, എന്താ അവിടെ കുസൃതി കാട്ടണേ" അമ്മ അകത്തുനിന്ന് വിളിച്ചു ചോദിച്ചു.

അപ്പു പേടിച്ചു തുമ്പിയെ താഴെയിട്ടു. തുമ്പിക്കു പറക്കുവാന്‍ കഴിഞ്ഞില്ല. അതിന്റെ ചിറകുകള്‍ ഒടിഞ്ഞു കാണുമോ എന്നവന്‍ ഭയന്നു. അവന്‌ ദുഖം തോന്നി. തുമ്പിയെയെടുത്ത്‌ അവന്‍ ചെത്തിപ്പൂവില്‍ വച്ചു. കുറച്കു സമയം ചിറകിട്ടടിച്ചതിനു ശേഷം തുമ്പി പറന്നു പോകുന്നത്‌ സന്തോഷത്തോടെ നോക്കിനിന്നു. അവന്റെ ചുണ്ടില്‍ ചിരി പൊട്ടിവിടര്‍ന്നു.

കഞ്ഞിപ്പശയുടെ മണമുള്ള മുണ്ടില്‍ മുഖമൊളിപ്പിച്ചുവച്ച്‌ അമ്മയെ കെട്ടിപ്പിടിക്കണമെന്ന് അവനുതോന്നി. അപ്പു അകത്തേക്ക്‌ ഓടി.

17 Comments:

At August 31, 2006 11:40 PM, Blogger റീനി said...

അമ്മ പൂക്കളം ഒരുക്കിയപ്പോള്‍, വിരലുകളുടെ ചലനവും വളകളുടെ കിലുക്കവും നോക്കി അപ്പുവിരുന്നു. അവനിറുത്തെടുത്ത പൂക്കളുടെ വര്‍ണ്ണമേള.

എന്റെ അടുത്ത ചെറുകഥ. 'ഓണത്തുമ്പി". നിങ്ങളുടെ അടുത്തേക്ക്‌ പറന്നു വരുന്നു. ബൂലോകര്‍ക്കെന്റെ ഓണാശംസകള്‍!

 
At September 01, 2006 1:10 AM, Blogger Rasheed Chalil said...

കാലം കവര്‍ന്ന ബല്യത്തിന്റെ നല്ല ഓര്‍മ്മകള്‍. ഒരു നിമിഷമെങ്കിലും അപ്പുവാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍.

റീനി നന്നായിട്ടുണ്ട്.. ഒത്തിരി ഇഷ്ടമായി

 
At September 01, 2006 3:15 AM, Blogger പട്ടേരി l Patteri said...

പറന്നു പോയ തുമ്ബിയുടെയും
അതിനെ നൊക്കി നിന്ന അപ്പുവിന്റെയും സന്തോഷത്തില്‍ നമുക്കും പങ്കു ചേരാം .... നന്നായി . ഓറ്മകളിലൂടെ കുറചു നിമിഷതെക്കു ഞാനും അപ്പു ആയി :)

 
At September 01, 2006 3:35 AM, Blogger സു | Su said...

റീനിക്കും കുടുംബത്തിനും ഓണാശംസകള്‍.
:)
ഇവിടെയും ഒരു തുമ്പിക്കഥയുണ്ട്. http://viswaprabha.blogspot.com

 
At September 01, 2006 3:46 AM, Blogger ശിശു said...

"കഞ്ഞിപ്പശയുടെ മണമുള്ള മുണ്ടില്‍ മുഖമൊളിപ്പിച്ചുവച്ച്‌ അമ്മയെ കെട്ടിപ്പിടിക്കണമെന്ന് അവനുതോന്നി. അപ്പു അകത്തേക്ക്‌ ഓടി."
അപ്പുവിന്റെ നിഷ്കളങ്കമായ മനസ്സുപോലെ, ലളിത സുന്ദരമായ വരികള്‍, നല്ല, കഥ..ശിശു http://entekurippukal.blogspot.com/വിന്‌ ഒത്തിരി ഇഷ്ടായി.

 
At September 01, 2006 3:56 AM, Blogger തറവാടി said...

ഓണനാളുകള്‍ ഓര്‍മ്മിപ്പിച്ചതിന് നന്ദി..

 
At September 01, 2006 6:56 AM, Blogger ലിഡിയ said...

നന്നായിരിക്കുന്നു റീനി..എന്തോ ഒത്തിരി ഇഷ്ടമായി..എന്താന്നയ്യറീയില്ല,അപ്പൂന്റെ നിഷ്കളങ്കതയോ,പിന്നെ പൂവിന്റെ ഭംഗിയോ അറീയില്ല..

സത്യം..

-പാര്‍വതി.

 
At September 01, 2006 8:44 AM, Blogger അരവിന്ദ് :: aravind said...

നല്ല കഥ റീനി...എനിക്ക് ചില ഓര്‍മകള്‍ തന്നു.
കുഞ്ഞുമനസ്സിന്റെ നൈര്‍മല്യം..അതിന്റെ ഓരോ പ്രതിഫലനങ്ങള്‍.
ഇഷ്ടായി ഈ കഥ.

 
At September 01, 2006 9:00 AM, Blogger കരീം മാഷ്‌ said...

സെറ്റുമുണ്ടുടുത്ത്‌ നെറ്റിയില്‍ ചന്ദനക്കുറിയും വലിയ പൊട്ടും തൊടുമ്പോള്‍ റീനിയെ കാണുവാന്‍ എന്തു ഭംഗി!
റീനിക്കും കുടുംബത്തിനും ഓണാശംസകള്‍.

 
At September 01, 2006 12:12 PM, Blogger ബിന്ദു said...

റീനിയ്ക്കും കുടുംബത്തിനും ഓണാശംസകള്‍!! ഓണതുമ്പിക്കൊരൂഞ്ഞാല്... മാരിവില്ലിന്‍ ഊഞ്ഞാല്..:)

 
At September 01, 2006 1:41 PM, Blogger സ്നേഹിതന്‍ said...

ഓണമെത്തി... ഓണത്തുമ്പിയെത്തി.
ഓണാശംസകള്‍ !

 
At September 01, 2006 11:05 PM, Blogger പാപ്പാന്‍‌/mahout said...

റീനി, “ഓണത്തുമ്പി” ഒരുപാടിഷ്ടമായി. ആ ഇഷ്ടത്തിന്റെ പുറത്ത് ബാക്കിയെല്ലാക്കഥകളും ഒറ്റമൂച്ചിനു വായിച്ചുതീര്‍‌ത്തു. നല്ല സ്റ്റൈലുള്ള എഴുത്ത്. ആകെ ഒരു “മിതഞ്ച സാരഞ്ച”, നല്ല ഒതുക്കം, നല്ല വാക്കൊരുമ. പൊതുവെ വളരെ നന്നായിരിക്കുന്നു.

 
At September 01, 2006 11:41 PM, Blogger റീനി said...

പാപ്പാന്‍, വളെരെ നന്ദി, കമന്റു കേട്ടപ്പോള്‍ എനിക്ക്‌ എന്തൊക്കെയോ കിട്ടിയതു പോലെ. ധന്യയായി. സമയം മിനക്കെടുത്തി എല്ലാകഥകളും വായിച്ചുവെന്നു കേട്ടപ്പോള്‍ അതിലും സന്തോഷം. കഥകള്‍ പലപ്രാവശ്യം തിരുത്തി എഴുതിയതുകൊണ്ട്‌ പ്രയോജനം ഉണ്ടായല്ലോ.

 
At September 02, 2006 12:38 AM, Blogger റീനി said...

നന്ദി കൈത്തിരി, നന്ദി പട്ടേരി. എന്റെ "ഓണത്തുമ്പി" കുറച്ചുനിമിഷത്തേക്കു നിങ്ങളേ അപ്പൂവായി മാറ്റിയെടുത്ത്‌ നഷ്ട്ടപ്പെട്ട ബാല്യത്തിലേക്ക്‌ കൊണ്ടുപോയി എന്നു കേട്ടത്തില്‍ വളരെ സന്തോഷം. വീണ്ടും വരിക, സന്ദര്‍ശകര്‍ക്ക്‌ സ്വാഗതം!

 
At September 02, 2006 12:59 AM, Blogger റീനി said...

നന്ദി, ഇത്തിരിവെട്ടം.അറിയാതെയാണെങ്കിലും ഞാന്‍ നിങ്ങളേ നഷ്ട്ടപ്പെട്ട ബാല്യത്തിന്റെ ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടു പോയോ?.

മോനുണ്ടല്ലേ? എന്തു പ്രായമായി? അടുത്ത പ്രാവശ്യം മോനെ കാണുമ്പോള്‍ അവനോടൊപ്പം അപ്പുവായി കളിക്കു.

 
At September 02, 2006 1:13 AM, Blogger Rasheed Chalil said...

റീനി മകനുണ്ട്. നാല് വയസ്സാവുന്നു.പിന്നെ അവിടെയെത്തിയാല്‍ അപ്പു അയേതീരൂ
qw_er_ty

 
At September 02, 2006 9:41 AM, Blogger റീനി said...

നന്ദി, ശിശു :)കഞ്ഞിപ്പശയുടെ മണമുള്ള മുണ്ടില്‍ മുഖമൊളിപ്പിച്ചു വച്ച്‌ അമ്മയെ കെട്ടിപ്പിടിക്കണമെന്ന്‌ തോന്നി....എനിക്കും ഇഷ്ട്ടപ്പെട്ട വരികളാണ്‌. മനസ്സിന്റെ ആഗ്രഹങ്ങളും ചിന്തകളുമല്ലേ എഴുതിപ്പിടിപ്പിക്കുന്നത്‌?

നന്ദി , തറവാടി :)

പാര്‍വതി നന്ദി:) അപ്പുവിന്റെ നിഷ്കളങ്കതയും പൂവിന്റെ ഭംഗിയും ആവാം. ഒരു പക്ഷെ രണ്ടുംകൂടി ഒരുക്കിയ mood ആവാം.

നന്ദി, അരവിന്ദ്‌:) കുഞ്ഞുന്നാളിലെ ഓര്‍മ്മകള്‍ അയവിറക്കിക്കോളൂ, പ്രത്യേകിച്ച്‌ ഇന്നലെ ജന്മ്മദിനം ആഘോഷിച്ച സ്ഥിതിക്ക്‌

കരീംമാഷ്‌, എനിക്ക്‌ ഓണത്തിന്‌ സെറ്റുമുണ്ടു ഉടുക്കണം. കോഴ കൊടുത്തിട്ട്‌ ഭംഗിയുണ്ടെന്ന്‌ വല്ലവരെക്കൊണ്ടു പറയിപ്പിക്കണമെന്നും ആലോചിക്കുന്നുണ്ട്‌.

നന്ദി, ബിന്ദു :)
നന്ദി, സൂ :)
നന്ദി, സ്നേഹിതന്‍:)
നന്ദി, പാപ്പാന്‍:)
നന്ദി, ഇത്തിരിവെട്ടം:)
നന്ദി, പട്ടേരി:)

വീണ്ടും വരിക.. "ഓണാംശംസകള്‍"

 

Post a Comment

<< Home