പനയോലകള്‍

Tuesday, June 12, 2012

'തിരഞെടുക്കപ്പെട്ടവര്‍ ‘ ചിന്ത.കോമില്‍ എന്റെ ചെറുകഥ

പുതിയ ചുറ്റുപാടുകള്‍, സ്വതന്ത്രചിന്തകള്‍, സ്ത്രീസ്വാതന്ത്ര്യം, പുതിയ അറിവുകള്‍ ഗീതയുടെ കണ്ണുകള്‍ തുറപ്പിച്ചു, മനസ്സിന്‌ കരുത്തേകി. അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും വിളികേള്‍ക്കുന്നതാണ്‌ നല്ലതെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവളുടെ വീര്‍പ്പുമുട്ടലുകള്‍ വര്‍ദ്ധിക്കുന്നത് ഞാന്‍ അറിഞ്ഞു.“

എന്റെ ചെറുകഥ ചിന്ത.കോമില്‍

Tuesday, May 22, 2012

മലയാളം ടീവിയില്‍ അഭിമുഖം

മലയാളം ടീവിയില്‍ റീനി മമ്പലവും ഭര്‍ത്താവ് ജേക്കബ് തോമസുമായി അഭിമുഖം. ഇവിടെ ക്ലിക്ക് ചെയ്യുക

‘ഫെയ്സ് ബുക്ക്’ വാരാദ്യമാധ്യമത്തില്‍ വന്ന എന്റെ ഒരു ചെറുകഥ

അക്ഷരങ്ങൾ പക്ഷിവേഗത്തിൽ സ്ക്രീനിൽ വന്നുകൊണ്ടിരുന്നു. അതിനൊടുവിൽ അവളൊരു നല്ല സൗഹൃദം എന്ന് അവന്‌ തോന്നി. അവൾ ’നീ‘ ആയി.

Tuesday, April 10, 2012

ലാവയൊഴുകുന്ന ഭൂമിയിലൂടെ - വാരാദ്യമാധ്യമം യാത്രാവിവരണം പാര്‍ട്ട് -2

പാ‍ര്‍ട്ട് 1 - ഇവിടെ
പാര്‍ട്ട് 2 - ഇവിടെ


Monday, April 09, 2012

റോക്കി പര്‍വത നിരകളിലേക്ക് - യാത്രാവിവരണം വാരാദ്യമാധ്യമത്തില്‍ പാര്‍ട്ട് 1


Monday, January 30, 2012

‘വേനലില്‍ ഒരു മഴ’ വനിത മാസികയില്‍ വന്ന എന്റെ ഒരു ചെറുകഥ




‘റിട്ടേണ്‍ ഫ്ലൈറ്റ്’ എന്ന എന്റെ ചെറുകഥാ സമാഹാരത്തിന് സമകാലിക മലയാളം വാരികയില്‍ ചെറുകഥാകൃത്ത് ഇ ഹരികുമാര്‍ എഴുതിയ ആസ്വാദനം



എന്റെ ചെറുകഥാ സമാഹാരം ‘റിട്ടേണ്‍ ഫ്ലൈറ്റിന് ‘ എ വി അനില്‍ കുമാറിന്റെ ഒരു ആസ്വാദനം




Monday, August 08, 2011

നേരിൽ കണ്ട അമേരിക്കൻ സാമ്പത്തിക മാന്ദ്യം


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഒരു വാരാന്ത്യത്തിന്റെ തുടക്കം. ‘താങ്ക് ഗോഡ്, ഇറ്റ് ഈസ് ഫ്രൈഡെ’ എന്നൊരു ചൊല്ലുണ്ട്. ഓഫീസിൽ നിന്ന് നേരത്തെയിറങ്ങുന്ന ദിവസം.

ഞങ്ങൾക്ക് വേറൊരു വീടുണ്ട്, ആദ്യം താമസിച്ചിരുന്ന വീട്. അവിടെ കുറച്ച് അറ്റകുറ്റപണികൾ നടക്കുന്നു. അവിടെ നടക്കുന്ന പണികൾ കാണാനായി ഞാൻ അങ്ങോട്ടു വിട്ടു.

കുട്ടികൾ രണ്ടായപ്പോൾ, പത്രാസ് കൂടിയപ്പോൾ നല്ല സ്കൂൾ സിസ്റ്റം നോക്കി അടുത്ത പട്ടണത്തിലേക്ക് മാറിത്താമസിച്ചു. ആദ്യത്തെ വീട് അന്നുമുതൽ ഇന്നുവരെ വാടകക്ക് കൊടുക്കുന്നു. വാടകക്കാരെ കിട്ടാൻ വലിയ വിഷമമില്ല. വരുന്ന വീട്ടുകാർ നാലഞ്ചു വർഷത്തേക്ക് ആ വീട്ടിൽ താമസിക്കുന്നു. വാടകക്കാർ ഹാപ്പി. ഞങ്ങളും ഹാപ്പി. ഇപ്പോൾ വാടകക്കാർ ഇല്ലാത്ത തക്കം നോക്കി ചില അറ്റകുറ്റപ്പണികൾ നടത്തുകയാണ്‌.

വീടിന്റെ മുന്നിൽ ഡ്രൈവേയിൽ ഒരു ഡംപ്സ്റ്റർ കുറെ ദിവസത്തേക്ക് വാടകക്ക് എടുത്ത് ഇട്ടിട്ടുണ്ട്. വേണ്ടാത്ത സാധനങ്ങൾ എറിഞ്ഞുകളയുവാനുള്ള ഒരു കണ്ടൈനർ ആണ്‌ ഡംപ്സ്റ്റർ. നിറഞ്ഞുകഴിയുമ്പോൾ ട്രക്ക് വന്ന്‌ പൊക്കിയെടുത്ത് പുറകിൽവെച്ച് കൊണ്ടുപൊക്കോളും. വീട്ടിൽ പുതിയ ബാത്ത്റ്റബ് ഇട്ടപ്പോൾ എടുത്തുകളഞ്ഞ പഴയ ബാത്ത്റ്റബ്, സിങ്ക്, കതകുകൾ, ഉപയോഗിച്ച പെയിന്റിന്റെ കാലിയായ പാട്ടകൾ എന്ന് പറയേണ്ട, വേണ്ടാത്തത് എല്ലാം തന്നെ ഡംപ്സ്റ്ററിൽ കളഞ്ഞിരിക്കുന്നു.

ഭർത്താവ് എനിക്ക് മുമ്പായി അവിടെ എത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ ഡോർ ബെൽ അടിച്ചു. കതകുതുറന്നപ്പോൾ വെളിയിൽ ഒരു സായിപ്പ്. ഏതോ കമ്പനിയുടെ പേരെഴുതിയ അയാളുടെ ട്രക്ക് ഡ്രൈവേയിൽ കിടപ്പുണ്ട്. “ ഞാൻ നിങ്ങളുടെ ഡംപ്സ്റ്ററിൽ ഇറങ്ങിനോക്കിക്കോട്ടെ” അയാൾ ചോദിച്ചു. എന്തിനെന്ന് എന്റെ ഭർത്താവിന്‌ സംശയം.

“ഞാനൊരു ലൈസെൻസ്ഡ് ഇലക്ടീഷ്യനാണ്‌. ഒരു ചെറിയ ഇലക്ട്രിക്ക് കമ്പനിക്ക് വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കയായിരുന്നു. സാമ്പത്തിക മാന്ദ്യം വന്നപ്പോൾ കമ്പനി ജോലിക്കാരെ പലരെയും പിരിച്ചു വിട്ടു. അങ്ങനെ എന്റെ ജോലിയും പോയി. വേറൊരു ജോലി അന്വേഷിച്ചിട്ട് കിട്ടുന്നില്ല. സ്വന്തമായി എന്തെങ്കിലും ഇലക്ട്രിക്കൽ ജോലി ചെയ്യാമെന്ന് വിചാരിച്ചിട്ട് അതും കിട്ടുന്നില്ല. സ്റ്റേറ്റിൽ നിന്നും ജോലിപോയവരുടെ സഹായത്തിനായി കിട്ടുന്ന അണെമ്പ്ളോയ്മെന്റും നിന്നു. ജീവിക്കേണ്ടെ? എനിക്ക് ഭാര്യയും കുട്ടികളും ഉണ്ട്. വീടിന്റെയും കാറിന്റെയും കടം അടയ്ക്കാനുണ്ട്. കടം അടച്ചില്ലെങ്കിൽ വീടും കാറും ബാങ്ക് എടുക്കും. ഞാൻ ഇപ്പോൾ ഇതുപോലെയുള്ള ഡംപ്സ്റ്റേർസ് കാണുമ്പോൾ അതിൽ നിന്ന് സ്ക്രാപ് മെറ്റൽസ് പെറുക്കിയെടുക്കുന്നു. അത് വിറ്റാൽ ഒരു പൗണ്ടിന്‌ അൻപതു സെന്റു വെച്ച് കിട്ടും”

നൂറ്‌ സെന്റാണ്‌ ഒരു ഡോളർ. ഒരു ഗ്യാലൻ പാലിന്‌ ഏകദേശം നാല്‌ ഡോളറോളം കൊടുക്കണം. ഒരു കൂട് ബ്രെഡ്ഡിന്‌ രണ്ടര ഡോളറിനു മേലാണ്‌. ഡംപ്സ്റ്ററിൽ നിന്ന് ഇഷ്ടമുള്ളത് എടുത്തുകൊള്ളാൻ ഭർത്താവ് അനുവാദം കൊടുത്തു. അതിലാണെങ്കിൽ ഫൈബർ ഗ്ളാസിന്‌ മുമ്പേയുള്ള അയൺ ബാത്ത്റ്റബ്, മെറ്റൽ സിങ്ക്, ബേസ്മെന്റിൽ നിന്ന് മാറ്റിക്കളഞ്ഞ പ്ലംബിങ്ങിന്റെ പഴയ കോപ്പർ പൈപ്പുകൾ എന്നിവയെല്ലാം ഉണ്ട്. തന്നെയുമല്ല ഇപ്പോൾ താമസിക്കുന്ന വീട്ടിലെ ഗരാജിൽ കാറുകളുടെ മെറ്റൽ വീൽസ്, കാറുകൾ പൊക്കിവെക്കുവാൻ ഉപയോഗിച്ചിരുന്ന മെറ്റൽ റാമ്പുകൾ എന്നിവ ഉണ്ടെന്നും പിറ്റെ ദിവസം അതെല്ലാം ഡംപ്സ്റ്ററിൽ ഇടുമെന്നും അറിയിച്ചു. രണ്ടുദിവസം കഴിഞ്ഞ് വന്നാൽ അതെല്ലാം പെറുക്കിക്കൊണ്ട് പോകാമെന്ന് അയാളോട് പറഞ്ഞു.

അയാൾ ഡംപ്സ്റ്ററിൽ നിന്ന്‌ സ്ക്രാപ്മെറ്റൽസ് എല്ലാം ശ്രദ്ധാപൂർവം പിക്ൿഅപ്പ് ട്രക്കിലേക്ക് പെറുക്കിയിട്ട് ഓടിച്ച് പോയി.

കാര്യങ്ങൾ കേട്ടപ്പോൾ അയാൾക്ക് എന്തെങ്കിലും സഹായം നിങ്ങൾക്ക് ചെയ്തുകൂടായിരുന്നോ എന്നായിരുന്നു ഭർത്താവിനോടുള്ള എന്റെ ചോദ്യം.

സഹായം ഓഫർ ചെയ്തു പക്ഷെ അയാളുടെ ആത്മാഭിമാനം അതിന്‌ സമ്മതിച്ചില്ല എന്നായിരുന്നു ഭർത്താവിന്റെ മറുപടി.

ഇനി ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഉറപ്പുവരുത്തിയ മെറ്റൽ സാധനങ്ങൾ ഭർത്താവ് പിറ്റെ ദിവസം ഡംപ്സ്റ്ററിൽ ഉപേക്ഷിച്ചു.

അതിനുശേഷം ഞാൻ ആ വീട്ടിൽ ചെന്നപ്പോൾ ആകാംഷയോടെയാണ്‌ ഡംപ്സ്റ്ററിനുള്ളിലേക്ക് നോക്കിയത്. അതിൽ ഇട്ടിരുന്ന കാറിന്റെ വീൽസും റാമ്പുകളും കണ്ടില്ല. എനിക്ക് അത്ഭുതം തോന്നിയില്ല.

അമേരിക്കയുടെ സാമ്പത്തിക മാന്ദ്യം സാധാരണ ആൾക്കാരെ എങ്ങനെ ബാധിച്ചു എന്ന് നേരിട്ട് കണ്ടത് ആ ദിവസങ്ങളിലാണ്‌. പറഞ്ഞുകേട്ട ഈ അപരിചിതന്റെ ജീവിതപ്രയാസങ്ങൾ എന്നെ ഏറെ അലട്ടി. ബാങ്കുകാർ കയ്യഴിച്ച് കടം കൊടുത്തിരുന്നൊരു സമയമുണ്ടായിരുന്നു. സാധാരണ ആൾക്കാർ രണ്ടുതവണ ചിന്തിക്കാതെ കൂറ്റൻ കാറുകളും വീടുകളും സ്വന്തമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പെട്രോളിന്‌ ഗ്യാലന്‌ നാല്‌ഡോളറിൽ കൂടുതൽ വിലയുള്ള ഈ ദിവസങ്ങളിൾ സാധാരണ ആൾക്കാരുടെ ഉല്ലാസ ഡ്രൈവിങ്ങ് കുറയുന്നു. സ്കൂൾ വിദ്ധ്യാർഥികൾ സ്കൂൾ സമയം കഴിഞ്ഞും വീക്കെന്റിലും കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഈ തീ പിടിച്ച വിലക്ക് പെട്രോളിന്‌ ചെലവാക്കാൻ മനസില്ല എന്ന ധാരണയിലാണ്‌. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രികളെ, പട്ടണത്തിൽ കാറിൽ റോന്ത് ചുറ്റി പകലാക്കിയിരുന്ന കുട്ടികളുടെ റോന്ത് ചുറ്റലും കുറഞ്ഞു. പഴയകാര്യങ്ങൾ എല്ലാം ഇന്ന് ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരന്‌ ഓർമ്മകൾ മാത്രം! സ്വപ്നം മാത്രം!

ഇന്ന് ഞാൻ അൽപ്പം ഷോപ്പിങ്ങിന്‌ പോയി. എനിക്ക് ഷാമ്പു, കണ്ടീഷണർ, സോപ്പ് തുടങ്ങിയ അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങണമായിരുന്നു. പാർക്കിങ്ങ് ലോട്ടിൽ കാർ നിർത്തി ഇറങ്ങി.

‘എക്സ്ക്യൂസ് മീ’ എന്നൊരു സ്ത്രീശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി. പ്രായത്തിൽ ഇരുപതുകളുടെ അവസാനത്തിൽ നിൽക്കുന്ന ഒരു സ്ത്രീ.

നിങ്ങളോട് ഒരു കാര്യം ചോദിച്ചോട്ടേ?“ അവർ എന്നോട് ചോദിച്ചു.

”ചോദിച്ചോളു“ ഞാൻ മറുപടികൊടുത്തു.

”എനിക്ക് ഒരു മൂന്ന് ഡോളർ തരുമോ“

”എന്തിനാ“

”എന്തെങ്കിലും വാങ്ങി കഴിക്കാനാണ്‌“

ഞാൻ ഒരു മനക്കണക്കെടുത്തു. എന്റെ ബാഗിൽ ഉള്ളത് ഇരുപതുഡോളറിന്റെ ഒരു നോട്ട് മാത്രം (സത്യമായിട്ടും). തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്ലാസ്റ്റിക്ക് ക്രെഡിറ്റ് കാർഡ് മെഷീനിലിട്ട് ഉരക്കുന്ന ഞാൻ എന്തിനാണ്‌ അനാവശ്യമായി ഡോളറും കൊണ്ട് നടക്കുന്നത്? ചിലപ്പോൾ ബാഗിൽ ഒരു ഡോളർ മാത്രമിട്ട് കാറും ഡ്രൈവ് ചെയ്ത് നടക്കുന്ന എന്റെ മക്കളെക്കാളിലും ഭേദമാണ്‌ ഞാൻ. രണ്ടുമൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും ക്രെഡിറ്റ് കാർഡും പൈസയും വെക്കുന്ന ‘വാലറ്റ്’ അഥവ പേർസ് നഷ്ടപ്പെട്ടുപോകുമ്പോൾ അവർക്ക് പണം നഷ്ടപ്പെട്ടുപോയി എന്നൊരു ദുഃഖം വരില്ല. അപ്പോൾ ക്രെഡിറ്റ് കാർഡ് മാത്രം നിർത്തിയിട്ട്‌ മറ്റൊരു കാർഡ് അയച്ചുതരുവാൻ ആവശ്യപ്പെട്ടാൽ മതി.

”സോറി, എന്റെ കയ്യിൽ ചില്ലറ ഇല്ലല്ലോ“ ഞാൻ മറുപടി കൊടുത്തു. അമേരിക്കൻ സംസ്കാരമനുസരിച്ച് എന്തിന്റെ കൂടെയും ‘താങ്ക്യു’വും ‘സോറി’യും പറയുന്ന ഞാൻ ഒരു ‘സോറി’ ചേർക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു. അവർക്ക് കൊടുക്കുവാൻ ഒരു മൂന്നുഡോളർ ചില്ലറ എന്റെ പക്കൽ ഇല്ലാതെ പോയത് എന്റെ കുറ്റം കൊണ്ടല്ലേ? അവരുടെ കുഴപ്പമല്ലല്ലോ! സാധാരണഗതിയിൽ ഒരു വീട്ടിലെ സോഫയുടെയും സോഫയുടെ ഇരിക്കുന്ന കുഷ്യന്റെയും തമ്മിലുള്ള വിടവിൽ തപ്പി നോക്കിയാൽ കാണും ഒരു മൂന്നുഡോളറിന്റെ ചെയ്ഞ്ച്. സോഫയിൽ ഇരിക്കുന്ന ആൾക്കാരുടെ പോക്കറ്റിൽ നിന്ന് താഴെ വീഴുന്ന ചെയ്ഞ്ചാണ്‌.

എന്നോട് ഒരു സോറിപോലും തോന്നാതെ, എനിക്ക് നേരെ ഒരു ചിരിപോലും എറിയാതെ അവർ അടുത്ത കടയെ ലക്ഷ്യമാക്കി നടന്നു.

മിക്കവാറും ഇങ്ങനെയുള്ളവർ കള്ളിന്‌ വേണ്ടിയോ അല്ലെങ്കിൽ ഡ്രഗ്സ് വാങ്ങുന്നതിനു വേണ്ടിയോ ആയിരിക്കും ചോദിച്ചുകിട്ടുന്ന പൈസ ഉപയോഗിക്കുന്നത് എന്ന് ഞാൻ ആശ്വസിച്ചു. ആ ചിന്തയെ ഞാൻ സ്വീകരിച്ചത് എന്റെ ചെയ്തിക്ക് ഒരു ന്യായീകരണം തേടിയായിരിക്കണം. തന്നെയുമല്ല അവരുടെ മുഖത്ത് പട്ടിണിയുടെ ക്ഷീണമോ പരവേശമോ കണ്ടില്ല.

എന്നാലും എനിക്കൊരു കുറ്റബോധം. അവർക്ക് ശരിക്കും വിശക്കുന്നുണ്ടായിരുന്നോ? വിശക്കുന്ന വയറിന്‌ ഞാൻ മൂന്ന് ഡോളർ നിരസിച്ചോ?

Tuesday, August 02, 2011

ഒരു പിടി മണ്ണിനായി





മേഘങ്ങൾ കനത്ത്‌ കറുത്തു. ഭാവം മാറിയ കുസൃതിക്കാറ്റ് തെങ്ങിൻ തലപ്പിൽ ചുഴറ്റിയടിച്ചു. മഴമേഘങ്ങൾ കാറ്റിനെ പ്രകോപിപ്പിച്ചിട്ടുണ്ടാവണം. ജനൽപാളികളെ കരയിപ്പിച്ച കാറ്റിൽ ജാതിമരങ്ങൾ കായ്കൾ കൊഴിച്ചു. ഒരു വാഴ കഥയറിയാതെ ഒടിഞ്ഞുവീണു.

“കതക് അടച്ചോളു, വെള്ളം അകത്തേക്ക് അടിച്ച്‌ കയറുന്നു.”

കതക് അടച്ചില്ല. അനുസരണ ഇല്ലാത്തവളെപ്പോലെ കതക് തുറന്നിട്ട് മഴ കണ്ടു നിന്നു. ഞാൻ കുറച്ചു ആഴ്ചത്തെ അവധിക്ക് നാട്ടിൽ എത്തിയിരിക്കയാണ്‌. എനിക്ക് ആർത്തലച്ചുവരുന്ന മഴകാണണം. ആർത്തിയോടെ അടിച്ചു വന്ന്‌ എന്നെ പുൽകുന്ന ഈറൻ കാറ്റിൽ എനിക്ക് നനയണം. എന്റെ ഓരോ രോമകൂപങ്ങളൂം മഴയുടെ നനവിനായി ദാഹിക്കുന്നു. ഓരോ കോശങ്ങളിലും മഴക്കാല ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു. ആർത്തു പെയ്യുന്ന മഴയിൽ ഓമച്ചെടികളുടെ ഇലകൾ തലയാട്ടിനിന്നു. പുരപ്പുറത്തുനിന്ന് കുത്തിയൊലിച്ചു വീണ മഴവെള്ളം മുറ്റത്ത് ഒരു കോണിൽ ചെറുതടാകം സൃഷ്ടിക്കുന്നു. മുറ്റത്താകെ ഒഴുകുവാൻ വിസമ്മതിച്ച് തളംകെട്ടിനില്ക്കുന്ന മഴവെള്ളം. ചാഞ്ഞും ചെരിഞ്ഞും പെയ്ത മഴയിൽ മുറ്റത്തെ മുക്കുറ്റിയുടെ മഞ്ഞച്ചിരി മാഞ്ഞിരുന്നു.

കുറച്ചുദിവസങ്ങളായി എന്നെ മോഹിപ്പിച്ചുകൊണ്ട് കുറച്ച ്മുക്കുറ്റിച്ചെടികൾ മുറ്റത്തുണ്ട്. ക്യാനഡയിൽ ഒരാളുടെ വീട്ടിൽ കുഞ്ഞുകുഞ്ഞു മഞ്ഞപ്പൂക്കളുമായി നിന്ന മുക്കുറ്റി കണ്ടതുമുതൽ ഞാൻ മുക്കുറ്റിയുമായി സ്നേഹത്തിലായതാണ്‌, ഒരു തരം ഒബ്സെഷൻ. ചെങ്ങന്നൂരിലെ ചൂടുള്ളൊരു ദിവസം കൂട്ടുകാരൻ മുക്കുറ്റിയെക്കുറിച്ച് കവിത എഴുതിയിട്ടുണ്ട്, എനിക്ക് പ്രിയപ്പെട്ട ഒന്ന്. ഒരിക്കൽ കുറച്ച് മുക്കുറ്റിച്ചെടികൾ കിട്ടിയിട്ടുണ്ട്. മഞ്ഞ നക്ഷത്രപ്പൂക്കൾ വിരിയിച്ച് അവ എന്റെ വീടിനുള്ളിൽ കുറച്ചുനാൾ വളർന്നതാണ്‌. എന്നിട്ട് ഒരു ദിവസം യാതൊരു മുന്നറിയിപ്പും ഇല്ലാതെ അവ ഓരോന്നായി ഉണങ്ങിപ്പോയി. അരിവീണ്‌ കിളുർക്കുമെന്ന പ്രതീക്ഷയിൽ കുറെ നാൾ ചെടിച്ചട്ടികൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ടത്തരം കണ്ട് അവരുടെ ആത്മാവ്‌ ചിരിച്ചിരിക്കണം.

കുത്തിയൊലിച്ച് പെയ്ത മഴയിൽ തലകുനിച്ച് നില്ക്കുന്ന മുക്കുറ്റിയെ ഞാൻ മോഹത്തോടെ നോക്കി. എനിക്കവയെ സ്വന്തമാക്കണമെന്ന് തോന്നി.

അന്ന് വീടുവിട്ടിറങ്ങുമ്പോൾ മുക്കുറ്റിച്ചെടികളോട് യാത്ര പറഞ്ഞു.ഞാൻ ആ വീട് വിടുകയാണ്‌. വീട് പൂട്ടി താക്കോൽ സൂക്ഷിപ്പുക്കാരെ ഏൽപ്പിക്കുകയാണ്‌. ഔരു പക്ഷെ മടങ്ങിപ്പോവുന്നതിനു മുമ്പായി ആ വീട്ടിലേക്ക് വീണ്ടും വരില്ല എന്നുവരാം.

വീണ്ടും മഞ്ഞച്ചിരി കാട്ടി മുക്കൂറ്റികൾ എന്നിൽ മോഹമുണർത്തിയത് രണ്ട് ആഴ്ചകൾക്ക്‌ ശേഷമാണ്‌, ചേച്ചിയുടെ വീട്ടിൽ വെച്ച്‌. അടക്കാനാവാത്ത ആഗ്രഹത്തോടെ ഞാനവരെ സ്വന്തമാക്കി, കുറച്ച് മണ്ൺ ് കൂട്ടത്തിൽ എടുക്കുന്ന കാര്യം പാടെ മറന്നുകൊണ്ട്. ഫ്ലാറ്റിലെ ജീവിതത്തിൽ എനിക്ക് ജൈവബന്ധം നഷ്ടപ്പെട്ടിരുന്നു. തിരികെ ഫ്ലാറ്റിൽ എത്തിയപ്പോൾ മുക്കുറ്റി കുഴിച്ചു വെക്കുവാൻ കുറച്ചു മണ്ണ്‌ അന്വേഷിച്ചു നടന്നു. ഫ്ലാറ്റിനു ചുറ്റുമിട്ടിരിക്കുന്ന ടയിലുകൾ എന്നെ പല്ലിളിച്ച് കാട്ടി. എന്റെ മുക്കുറ്റി ചെടികൾക്ക് വളരാൻ ഒരു പിടിമണ്ണൂ വേണം- ഞാൻ ആ കാവി നിറമുള്ള ടയിലുകളോട് പറഞ്ഞു. ഒരു തരി മണ്ണുപോലും വെളിയിൽ കാട്ടാതെ ഫ്ലാറ്റിനുചുറ്റും ടയിൽ ഇട്ടിരിക്കുന്നു. ഇന്റർലോക്കിങ്ങ് ടയിലിനടിയിൽ മഴയുടെ തലോടൽ കിട്ടാതെ വരണ്ടുകിടക്കുന്ന മണ്ണിന്റെ നിശ്വാസങ്ങൾ എനിക്ക്‌ കേൾക്കാമായിരുന്നു. പ്രണയിനിയെ പിരിഞ്ഞിരിക്കുന്ന കാമുകന്റെ നിശ്വാസങ്ങൾ !മനുഷ്യന്റെ പുതിയ ജീവിത ശൈലിയിൽ, അഭിരുചിയിൽ, സ്വാർഥതയിൽ സ്വന്തം ആത്മാവ്‌ നഷ്ടപ്പെട്ടവർ. മനുഷ്യർ വേർപെടുത്തിയവർ.

നിവൃത്തിയില്ലാതെ വന്നപ്പോൾ ഞാൻ സഹായത്തിനു വരുന്ന പെൺകുട്ടിയോട് പറഞ്ഞു “ ശ്രീദേവി , ഈ ഫ്ലാറ്റിനു ചുറ്റും ഒരിത്തിരി മണ്ണു പോലുമില്ല. നിങ്ങടെ വീട്ടീന്ന് കുറച്ച്‌ മണ്ണ്‌ കൊണ്ടുത്തരുമോ, എന്റെ മുക്കുറ്റിച്ചെടികൾക്ക്? അവക്ക് മണ്ണിൽ വളരേണ്ടെ? എനിക്ക്‌ വിശ്വസിക്കാനായില്ല. ഒരുപിടി മണ്ണു തേടി ഞാൻ കേരളത്തിൽ അലയുന്നു, ജീവവായു പോലെ എല്ലായിടത്തും സുലഭമായിരിക്കേണ്ട പച്ചമണ്ണ്‌. ഇത് സൗദി അറേബിയയിലെ മരുഭൂമിയല്ല, ഞൻ നിരാശയോടെ ചിന്തിച്ചു. അവൾ കൊണ്ടുവന്ന മണ്ണിൽ ഞാൻ മുക്കുറ്റിച്ചെടികൾ ഇറക്കിവെച്ചു. ഫ്ലാറ്റിന്റെ സെറാമിക്ക് ടയിൽ ഇട്ട ബാൽക്കണിയിൽ, നക്ഷത്രപ്പൂക്കൾ വിടർത്തി, മഞ്ഞച്ചിരി കാട്ടി, ജീവിക്കാൻ ഒരു പിടി മണ്ണ്‌ കിട്ടിയ സന്തോഷത്തിൽ എന്റെ മുക്കുറ്റിച്ചെടികൾ നിന്നു. ഞാൻ അവരുമായി സ്നേഹത്തിലായി, ഒരു തരം ഒബ്സെഷൻ!