ഇഡ്ഡലി ഇളക്കിയിട്ടതിനുശേഷം തേങ്ങാച്ചമ്മന്തിയ്ക്ക് കടുക് താളിക്കുമ്പോള്‍ പത്രക്കാരന്റെ സൈക്കിളിന്റെ മണി കേട്ടു. ഉമ്മറത്തേക്ക് ഓടിച്ചെന്ന് പത്രം കൈവശമാക്കി. ശേഖരേട്ടന്റെയും കണ്ണന്റെയും കൈയില്‍ കിട്ടിക്കഴിഞ്ഞാല്‍ മണിക്കൂറുകള്‍ കഴിഞ്ഞേ വീണ്ടും പത്രം കാണുവാന്‍ കിട്ടുകയുള്ളൂ. കഴിഞ്ഞ ആഴ്ചയില്‍ വായിച്ചുനിര്‍ത്തിയ തുടര്‍ക്കഥ വായിക്കുവാനുള്ള ആകാംക്ഷയായിരുന്നു.
പത്രത്തിന്റെ താളുകള്‍ ധൃതിയില്‍ മറിച്ചുകൊണ്ടിരുന്ന വിരലുകള്‍ ചരമവാര്‍ത്തകളുടെ പേജില്‍ അറിയാതെ നിന്നു. കണ്ണുകള്‍ ഉടക്കിയ ഫോട്ടോയുടെ അടിയിലുള്ള വരികള്‍ ആവര്‍ത്തിച്ച് വായിച്ചപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് കയറി.
കാലം കൈവിരുത് കാട്ടിയിട്ടുണ്ടെങ്കിലും തിരിച്ചറിയുവാന്‍ കഴിയുന്ന മുഖം. നിരങ്ങിനീങ്ങിയ നിമിഷങ്ങള്‍ക്കെതിരെ പിന്നോക്കം സഞ്ചരിച്ച മനസ്സ് യൗവനത്തിലെ അനുഭവങ്ങളുടെ കൈവഴികള്‍ തേടിയലയുകയായിരുന്നു.
യുവത്വത്തിന്റെ പ്രഭാതങ്ങളിലെന്നോ അനുവാദം കൂടാതെ മനസ്സിനുള്ളില്‍ നീ പ്രതിഷ്ഠ ഇരുന്നില്ലേ? ഒടുവില്‍ അനുവാദമില്ലാതെ തനിയെ ഇറങ്ങിപ്പോയില്ലേ? അന്നു ഞാന്‍ കൊട്ടിയടച്ച മനസ്സിനുള്ളില്‍ കരിന്തിരി കത്തിയ വിളക്കിന് ചുറ്റും എന്റെ ദുഃഖം ഒരു ഈയാംപാറ്റയായി പറന്നു നടന്നു.
പ്രഷര്‍ കുക്കറിന്റെ പൊട്ടലും ചീറ്റലും വീണ്ടും എന്നെ വര്‍ത്തമാന കാലത്തിലേക്ക് കൊണ്ടുവന്നു. യാദൃശ്ചികമായിട്ടെങ്കിലും നിന്നെ വീണ്ടുമൊന്ന് കാണണമെന്ന് പലതവണ ആഗ്രഹിച്ചതാണ്. ഒരിക്കല്‍ അവസരം ഉണ്ടാക്കിത്തന്നപ്പോള്‍ മനഃപ്പൂര്‍വ്വം ഒഴിഞ്ഞ് മാറിയെങ്കിലും നിന്റെ ചേതനയറ്റ മുഖം കാണുവാനും അന്തിമോപചാരം അര്‍പ്പിക്കുവാനും ഇന്ന് മനസ്സ് കേഴുന്നു.
പ്രഭാതഭക്ഷണത്തിന് ഇരുന്നപ്പോള്‍ കൗമാരത്തിന്റെ പടവുകള്‍ ചവുട്ടിക്കയറുന്ന കണ്ണന്‍ ക്രിക്കറ്റ് മാച്ചുകളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു. അവന്‍ ഈയിടെയായി പെണ്‍കുട്ടികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്റെ മനസ്സില്‍ അസ്വസ്ഥതയുടെ പൊടിപടലങ്ങള്‍ ഉയരുന്നു.
തേങ്ങാച്ചമ്മന്തിയില്‍ നിന്നും കടുകും കറിവേപ്പിലയും ഉദാസീനതയോടെ മാറ്റി മൂകമായിരിക്കുന്ന എന്നെ നോക്കി ശേഖരേട്ടന്‍ ചോദിച്ചു:
"തനിക്ക് ഇന്നെന്ത് പറ്റി? പതിവില്ലാത്ത ഒരു മൗനം?"
മറുപടി ഒരു മറുചോദ്യമായിരുന്നു.
"ശേഖരേട്ടാ, ഞാനൊന്ന് അമ്മയെ കാണുവാന്‍ പൊയ്ക്കോട്ടെ? അമ്മയെ കണ്ടിട്ട് കുറച്ച് ദിവസങ്ങളായി."
"ഞാനും കൂട്ടത്തില്‍ വരട്ടെ?" എന്നെക്കുറിച്ച് എപ്പോഴും കരുതലുള്ള ഭര്‍ത്താവ്.
"ഞായറാഴ്ച ഒരു അവധിദിവസം കിട്ടുന്നതല്ലേ, വിശ്രമിച്ചോളൂ." അതു പറയുമ്പോള്‍ മനസ്സില്‍ തല്ലിച്ചിതറുന്ന തിരമാലകളുടെ രോദനം വെളിയില്‍ കേള്‍ക്കാതിരിക്കുവാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
രാവിലത്തെ ബസ്സുപിടിച്ച് അപ്പുവേട്ടന്റെ വീട്ടിലെത്തിയാല്‍ അപ്പുവേട്ടന്റെയും രാധച്ചേച്ചിയുടെയും മറവുപിടിച്ച് മരണവീട്ടില്‍ എത്താം. ഞായറാഴ്ച ആയതുകൊണ്ട് അവര്‍ വീട്ടിലുണ്ടാവും.
കൗമാരയൗവന കാലങ്ങളില്‍ ശേഖരിച്ച നിധികള്‍ സൂക്ഷിക്കുന്ന ആഭരണപ്പെട്ടി അലമാരിയില്‍ നിന്നും തപ്പിയെടുത്ത് മഞ്ഞക്കല്ലില്‍ സ്വര്‍ണ്ണം കെട്ടിയ പെന്‍ഡന്റ് വെളിയിലെടുത്തു. അതുവരെ അടക്കി നിര്‍ത്തിയിരുന്ന അന്തരാത്മാവിന്റെ തേങ്ങലുകള്‍ സൃഷ്ടിച്ച കണ്ണുനീര്‍ തടാകത്തില്‍ എന്നിലെ ഭാര്യ ഒരു കളിമണ്‍പ്രതിമ പോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്നതും വീണ്ടും നിന്റെ കാമുകിയായി മാറുന്നതും ഞാനറിഞ്ഞു.
പെന്‍ഡന്റ് പേഴ്സില്‍ തിരുകിവച്ച് ബസ്റ്റോപ്പിലേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ ശേഖരേട്ടനോട് കള്ളം പറയേണ്ടിവന്നതിന്റെ കുണ്ഠിതമായിരുന്നു മനസ്സില്‍.
ആദ്യകാലത്ത് നമ്മുടെ പ്രണയത്തെ അച്ഛന്റെ അനന്തിരവന്‍ അപ്പുവേട്ടനും എന്റെ സുഹൃത്ത് റാണിയും ഒരുപോലെ എതിര്‍ത്തിരുന്നു.
"രാജീ, അവരൊക്കെ പണത്തിലും പ്രതാപത്തിലും ജീവിക്കുന്നവരല്ലേ? നമുക്ക് എത്തിപ്പിടിക്കാവുന്ന കൊമ്പല്ലല്ലോ?"
മനസ്സില്‍ ഉയര്‍ന്ന ഉത്കണ്ഠകള്‍ ഉടച്ചുമാറ്റി നീയെനിക്ക് ധൈര്യം തന്നു. "ഏട്ടന്റെ ജീവിതം തകര്‍ത്ത അച്ഛന്‍ അതേ തെറ്റ് തന്നെ ആവര്‍ത്തിക്കുമോ?
ബസ്സ് മുന്നോട്ട് കുതിച്ചോടിയപ്പോള്‍ പേഴ്സ് തുറന്ന് പെന്‍ഡന്റ് ഒരിക്കല്‍ കൂടി നോക്കി.
പിറന്നാള്‍ ദിവസം സന്തോഷത്തോടെ റാണിയുടെ അടുത്തേക്ക് ഓടിക്കിതച്ച് എത്തിയ എന്റെ കയ്യില്‍ അടപ്പില്‍ മഞ്ഞക്കല്ല് പതിപ്പിച്ച ഒരു ഫോറിന്‍ പെര്‍ഫ്യൂം ഉണ്ടായിരുന്നു.
"റാണീ, ഇത് രവി എനിക്ക് തന്ന പിറന്നാള്‍ സമ്മാനം. കല്ലുപിടിപ്പിച്ച പെര്‍ഫ്യൂമിന് പിറകില്‍ കല്ലുവച്ചൊരു നുണയും ഞാന്‍ ചേര്‍ക്കുന്നു. നിന്റെ മിഡിലീസ്റ്റിലുള്ള ചേച്ചി കൊണ്ടുവന്നതും നീയെനിക്ക് തന്നതുമാണീ പെര്‍ഫ്യൂം!"
കുറച്ചുനാളുകള്‍ക്ക് ശേഷം സ്വര്‍ണ്ണം കെട്ടിയ മഞ്ഞക്കല്ല് പെന്‍ഡന്റും ധരിച്ച് കോളേജില്‍ എത്തിയപ്പോള്‍ റാണി ചോദിച്ചു: "നീയിത് എങ്ങനെ സാധിച്ചെടുത്തു?"
"എന്റെ പ്രിയ സുഹൃത്ത് റാണി തന്ന സമ്മാനം സ്വര്‍ണ്ണം കെട്ടിക്കണമെന്ന് കെഞ്ചിയാല്‍ അമ്മയും അച്ഛനും സമ്മതിക്കാതിരിക്കുമോ?" കുസൃതിയോടെ മറുപടി പറഞ്ഞു.
രവി, അന്ന് പെന്‍ഡന്റ് നിന്നെ കാണിച്ചപ്പോള്‍ നിന്റെ കണ്ണുകളില്‍ പുതിയൊരു തിളക്കം കണ്ടു.
"രാജിയുടെ കഴുത്തില്‍ ഞാന്‍ ചാര്‍ത്താതെ ചാര്‍ത്തിയ താലിയോ ഇത്?"
നിന്റെ ചോദ്യം ജീവിതത്തിന് പുതിയ അര്‍ത്ഥം കുറിച്ചു. അരയന്നങ്ങളെപ്പോലെ കുണുങ്ങിവന്ന ദിവസങ്ങള്‍ക്ക് അവയുടെ ചാരുതയും, അവ നീന്തിത്തുടിച്ച തടാകങ്ങളുടെ സ്വച്ഛതയും ഉണ്ടായിരുന്നു. പ്രതീക്ഷിക്കാതൊരു ദിനം തടാകം വറ്റുന്നതും അരയന്നങ്ങള്‍ പറന്നകലുന്നതും ദുഃഖത്തോടെ ഞാന്‍ നോക്കി നിന്നു. മീനച്ചൂടുള്ള ആ ദിവസം ഞാനോര്‍ക്കുന്നു.
"രാജീ, അച്ഛന്‍ ശക്തമായി എതിര്‍ക്കുന്നു. ഈ വിവാഹം നടന്നാല്‍ തറവാട്ടില്‍ താമസിക്കുവാന്‍ പറ്റില്ലെന്നും സ്വത്തിന്റെ ഓഹരി തരില്ലെന്നും തീര്‍ത്തു പറഞ്ഞു."
കരച്ചിലിന്റെ വക്കിലോളം എത്തിനില്‍ക്കുന്ന നിന്റെയും തേങ്ങിനില്‍ക്കുന്ന എന്റെയും നടുവില്‍ തേയിലത്തോട്ടങ്ങളും കനത്ത ബാങ്ക് ബാലന്‍സും അഗാധമായ വിള്ളലുകളുണ്ടാക്കിയിരുന്നുവെന്ന് ഞാന്‍ വീണ്ടുമറിഞ്ഞു.
"സ്വന്തമായി ജോലിയില്ലാത്ത ഞാന്‍ വീട്ടുകാരുടെ സാമ്പത്തിക പിന്തുണയില്ലാതെ എങ്ങനെ കുടുംബം പുലര്‍ത്തും?"
കടന്നുപോയ വന്ധ്യമാത്രകളുടെ അവസാനത്തില്‍ നീ എന്റെ കഴുത്തില്‍ കിടന്ന പെന്‍ഡന്റില്‍ ഒരു നിമിഷം തൊട്ടു. അത് നിന്റെ മൂകമായ വിടപറച്ചില്‍ ആയിരുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല. നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് മനസ്സിലാക്കാതെ ഞാനാണ് ആദ്യം തിരിഞ്ഞുനടന്നത്.
കിട്ടാതിരുന്ന ആശ്വാസത്തിന്റെ തീരങ്ങള്‍ തേടി, വിധിവിക്രിയകളുടെ താളത്തിനൊത്ത്, അനുഭവങ്ങളുടെ പായല്‍ പിടിച്ച വരമ്പിലൂടെ കാലുറയ്ക്കാതെ നടക്കുമ്പോള്‍....
"രവിയുടെ വിവാഹം നിശ്ചയിച്ചു. ഒരു പണച്ചാക്കിന്റെ മകള്‍!." അപ്പുവേട്ടന്‍ പറഞ്ഞു.
തെന്നിവീഴാതിരിക്കുവാന്‍ ശ്രമിച്ചുവെങ്കിലും വീണുപോയി. പിന്നീട് എഴുന്നേല്‍ക്കുവാനുള്ള ശ്രമത്തിനിടയില്‍ മുറുകെപ്പിടിക്കുവാന്‍ ശേഖരേട്ടന്റെ കൈകള്‍ വീട്ടുകാര്‍ കാട്ടിത്തന്നു. പുതിയ ജീവിതം തുടങ്ങിയപ്പോള്‍ എന്റെ പെന്‍ഡന്റ് ആഭരണപ്പെട്ടിയുടെ അടിത്തട്ടില്‍ സൂക്ഷിച്ചുവച്ചു. ജീവിതത്തിന് താളമിട്ടെത്തിയ സന്തോഷം നിറഞ്ഞ ദിവസങ്ങള്‍. ശേഖരേട്ടനെ സന്തോഷം കൊണ്ട് ശ്വാസം മുട്ടിച്ചപ്പോഴും ചിലപ്പോള്‍ നിമിഷങ്ങള്‍ക്ക് അപൂര്‍ണ്ണതയുടെ ചുവയുണ്ടായിരുന്നു. തൊടിയിലെ ചേമ്പിലയില്‍ ഉരുണ്ടുനടന്ന തുഷാരബിന്ദുവായിരുന്നോ ഞാന്‍!
വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ അപ്പുവേട്ടന്‍ പറഞ്ഞു: "രാജീ, നീയറിഞ്ഞോ രവി ഒരു മുഴുക്കുടിയനായി മാറിയിരിക്കുന്നു. അയാളുടെ കുടുംബത്തിന് സാമ്പത്തികമായ തകര്‍ച്ചയാണ്. നിന്നെ ഒന്ന് കാണുവാന്‍ തരപ്പെടുമോ എന്നു ചോദിച്ചു. നിന്നോട് എന്തൊക്കെയോ പറയണമെന്നും വേദനിപ്പിച്ചതിന് മാപ്പ് ചോദിക്കണമെന്നും പറഞ്ഞു."
ഒരു മാപ്പപേക്ഷ സ്വീകരിക്കുവാനുള്ള മഹാമനസ്കത അന്നെനിക്ക് തോന്നിയില്ല. തെറ്റുചെയ്യലും അതിനെത്തുടര്‍ന്നുള്ള മാപ്പുചോദിക്കലും പുരുഷന്റെ ജന്മാവകാശങ്ങളാണല്ലോ! തിരുത്താനാവാത്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുന്നതില്‍ ഞാന്‍ ഒരര്‍ത്ഥവും കണ്ടില്ല.
പിന്നീടൊരിക്കല്‍ തറവാട്ടുമുറ്റത്തിന്റെ ഒഴിഞ്ഞകോണിലേക്ക് മാറ്റിനിര്‍ത്തി പതിഞ്ഞ സ്വരത്തില്‍ അപ്പുവേട്ടന്‍ പറഞ്ഞു:
"രാജി, നീയറിഞ്ഞോ, രവി കുടിച്ച് അയാളുടെ ലിവര്‍ മിക്കവാറും പോയി. ഡോക്ടര്‍മാര്‍ ഇനി അധികനാള്‍ കൊടുത്തിട്ടില്ല പോലും."
അപ്പുവേട്ടന്റെ വാക്കുകള്‍ പേമാരിയായി മനസ്സില്‍ പെയ്തിറങ്ങിയപ്പോള്‍ അവിടെ കത്തിനിന്ന രോഷത്തിന്റെ, പകയുടെ ജ്വാലകള്‍ കെട്ടടങ്ങുകയായിരുന്നു. അപ്പുവേട്ടന്റെ കൂടെ വന്ന് നിന്നെയൊന്ന് കാണാമായിരുന്നു. പക്വതയുള്ള സ്ത്രീപുരുഷന്മാരെപ്പോലെ അല്‍പനേരം സംസാരിക്കാമായിരുന്നു. അതിനെപ്പറ്റി നിന്റെ അന്തിമശ്വാസവും നിലച്ച ഈ നിമിഷത്തില്‍ വെറുതെ എന്തിനാലോചിക്കുന്നു.
മരണവീട്ടില്‍ എത്തിയപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കുവാന്‍ ശ്രമിച്ചു.
രവീ, എന്നോട് മാപ്പ് ചോദിക്കുവാന്‍ നീ എന്തുതെറ്റാണ് ചെയ്തത്? മകന്‍ അച്ഛനെ അനുസരിക്കുന്നത് തെറ്റല്ല എന്ന് ഈ വൈകിയ വേളയില്‍ എനിക്ക് തോന്നുന്നു. ഒരു പക്ഷെ നിന്റെ കുറ്റബോധവും എന്റെ നഷ്ടബോധവും കൊണ്ട് നമുക്കത് തെറ്റാണെന്ന് തോന്നിയതാവാം.
ശേഖരേട്ടനും കണ്ണനും ജന്മാന്തരങ്ങള്‍ക്ക് അപ്പുറമുള്ള ഏതോ നിശ്ചല ഭൂമിയിലെ മൊട്ടക്കുന്നുകള്‍ ആയി മാറുകയായിരുന്നു.
എന്റെ ജീവിതത്തിന്റെ ആഴങ്ങളില്‍ നീയിന്നും മുങ്ങിക്കിടക്കുന്നു. ഈ വൈകിയ വേളയില്‍ മാത്രം നിന്നെ കാണുവാന്‍ എത്തിയതിന് എനിക്ക് മാപ്പ് തരൂ.
ബസ്സ് കാത്തുനില്‍ക്കുമ്പോള്‍ മനസ്സും ശരീരവും ക്ഷീണിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തുവാന്‍ വൈകിയാല്‍ എന്നെ തനിയെ വിട്ടുവല്ലോ എന്ന് ശേഖരേട്ടന്‍ സ്വയം കുറ്റപ്പെടുത്തും.
"ചേച്ചി, ഇന്ന് ഒന്നും കഴിച്ചിട്ടില്ല, വല്ലതും തരണേ..."
ശബ്ദം കേട്ട് ചിന്തയില്‍ നിന്നുണര്‍ന്നപ്പോള്‍ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അനുകമ്പ തോന്നിപ്പിക്കുന്ന മുഖം. പേഴ്സ് തുറന്ന് കുറച്ച് ചില്ലറ കൊടുത്തു. പെണ്‍കുട്ടി അടുത്ത ആള്‍ക്കൂട്ടത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ എന്തോ പ്രചോദനം കിട്ടിയതുപോലെ തിരികെ വിളിച്ചു. പേഴ്സ് തുറന്ന് മഞ്ഞക്കല്ലിന്റെ പെന്‍ഡന്റ് അവളുടെ നേരെ നീട്ടി.
"കുട്ടി, ഇതില്‍ കുറച്ച് സ്വര്‍ണ്ണം ഉണ്ട്. വിറ്റുകാശാക്കി വല്ലതുംവാങ്ങി കഴിച്ചോളൂ."
പേഴ്സ് അടയ്ക്കുമ്പോള്‍ മറിയുവാന്‍ വിസമ്മതിച്ചു നിന്ന ഏതാനും താളുകള്‍ മറിഞ്ഞുവെന്നും, ആ അദ്ധ്യായം അവസാനിച്ചുവെന്നും തോന്നി.
വീട്ടില്‍ എത്തിയപ്പോള്‍ ശേഖരേട്ടന്‍ വൈകിട്ടത്തെ ഭക്ഷണം ഹോട്ടലില്‍ നിന്നും വരുത്തി വച്ചിരിക്കുന്നു. തലവേദനയാണെന്ന് പറഞ്ഞ് നേരത്തെ ഉറങ്ങുവാന്‍ കിടന്നു. ശേഖരേട്ടന്റെ കൈകള്‍ ചുമലില്‍ അമര്‍ന്നുവീണപ്പോള്‍ ഞാന്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു.
"രാജീ, എന്നെയും കൂട്ടായിരുന്നില്ലേ, ഒരു ധൈര്യത്തിനായി...? എനിക്കൊരു വിഷമമേയുള്ളു. ഇത്രയുംകാലം കൂടെ താമസിച്ചിട്ടും രഹസ്യങ്ങള്‍ കൈമാറുവാനും ദുഃഖങ്ങള്‍ പങ്കുവയ്ക്കുവാനുമുള്ള ഒരുറ്റ സുഹൃത്താണ് ഞാനെന്ന് ഇനിയും നിനക്ക് തോന്നിത്തുടങ്ങിയിട്ടില്ലല്ലോ!"
ശേഖരേട്ടന്റെ കൈത്തലത്തില്‍ ഒന്നമര്‍ത്തിപ്പിടിച്ചപ്പോള്‍, എന്റെ തേങ്ങലുകള്‍ വെളിയില്‍ വന്നപ്പോള്‍...
ഒരിക്കല്‍ കൊട്ടിയടച്ച എന്റെ മനസ്സിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നതും, അവിടെ കത്തിനിന്ന നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ ആ കൈകള്‍ കരിങ്കല്‍ത്തൂണുകളായി മാറുന്നതും കണ്ടു. എനിക്കൊന്ന് ചാരിനില്‍ക്കാന്‍...
എന്റെ താങ്ങായി എന്നുമെന്നും...